സമരത്തിന്റെ രണ്ടാം ഘട്ടമായിരുന്നു ലോകസംഘര്‍ഷ സമിതി പ്രഖ്യാപിച്ച ”ജയില്‍ നിറക്കല്‍ സമരം”.ജില്ലാ പ്രചാരക് ആയിരുന്ന വാസുവേട്ടന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആദ്യത്തെ പ്രത്യക്ഷ സമരം. ചേറ്റൂര്‍ മാധവന്റെ നതൃത്വത്തില്‍ ശ്രീ. വാസുവേട്ടന്റെ സാന്നിദ്ധ്യത്തില്‍ നവംബര്‍ 20-ാം തിയ്യതി ഞങ്ങള്‍ മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. പക്ഷെ പോലീസ് എത്തുകയോ ഞങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തില്ല.
പോലീസ് ഞങ്ങളുടെ പ്രദേശത്തുവന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും ആരെയും പിടികൂടാന്‍ അവര്‍ക്ക് സാധിച്ചില്ല. നിശ്ചയപ്രകാരം പിറ്റേന്ന് വൈകീട്ട് വൈകുന്നേരം മാവൂരിലെത്തി. അപ്പോള്‍ തന്നെ ചേറ്റൂര്‍ മാധവന്റെ നേതൃത്വത്തില്‍ വെണ്ണക്കോട് നിന്ന് പിലാത്തോട്ടത്തില്‍ ഉണിച്ചാരു, കുളരേടത്ത് ഗോവിന്ദന്, മണാശ്ശേരിയില്‍ നിന്ന് മലയില്‍ ശ്രീധരന്, നാലുപോക്കില് ശ്രീധരന്, കണിയാറക്കല്‍ ശ്രീധരന്, എടക്കണ്ടിയില്‍ വിശ്വനാഥന്, കുണ്ട്യോട്ട് ബാബു, കോഴിപ്പിലാക്കല് സനാതനന്, ചെറൂത്ത് ചന്ദ്രന് പിന്നെ ഈ കുറിപ്പുകാരനുമടങ്ങുന്ന പതിനൊന്നഗസംഘം മാവൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി.
പ്രകടനം തുടങ്ങി അരമണിക്കൂറിനുള്ളില്‍ സബ് ഇന്‍സ്പെക്ടര്‍ തോമസ്സിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. നടപടി ക്രമങ്ങള്‍ പാലിക്കാതെ ലാത്തി വീശി. ലാത്തിക്കും തോക്കിനും ഭടന്മാരുടെ സമരവീര്യത്തെ തോല്‍പ്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തു. കിലോമീറ്ററോളം നടത്തിയാണ് ഞങ്ങളെ അവര്‍ സ്റ്റേഷനിലെത്തിച്ചത്. ഈ സമയത്തൊക്കെ ലാത്തി കൊണ്ട് അടിച്ചും കുത്തിയും ദേഹോദ്രപം ഏല്‍പ്പിച്ചുകൊണ്ടിരുന്നു. മാവൂര്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനി കോംപൗണ്ടിനകത്തെ ഒരു കെട്ടിടത്തിലായിന്നു അന്ന് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത്.
നേരം പുലര്‍ന്നപ്പോള്‍ തലേന്ന് രാത്രിയിലെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ പോലീസുകാരുടെ ഊഴമായിരുന്നു. കാലിനടിയില്‍ ലാത്തിയടിയേറ്റ് നീരുവെച്ച കാലുമായി നില്‍ക്കാനും ഇരിക്കാനും കഴിയാത്ത ഞങ്ങളെ ഓരോരുത്തരെയായി പുറത്തേക്ക് വിളിച്ചു. വല്ലഭദാസ് എന്ന പോലീസുകാരനാണ് പുതിയ മുറയുടെ നേതൃത്വം. സാങ്കല്‍പ്പിക കസേരയില്‍ കൈ പൊക്കിയിരുത്തും. ഏറെ നേരം ഇരിക്കുമ്പോള്‍ കൈ താഴാതിരിക്കാനായി പൊക്കിപ്പിടിച്ച കൈകള്‍ക്കും തലക്കുമിടയില്‍ ലാത്തി തിരുകും. കോടതി ഞങ്ങളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
റിമാന്റ് കാലാവധി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഹാജരാക്കാനായി വീണ്ടും പോലീസെത്തി വണ്ടിയില്‍ കയറ്റി. അപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ബേപ്പൂരില്‍ നിന്നും കുന്ദമംഗലത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരുമുണ്ടായിരുന്നു. കൂട്ടത്തിലൊരാള്‍ ”ഭോലോ ഭാരത് മാതാകീ ജയ്” എന്ന് മുദ്രാവാക്യം വിളിച്ചു. പരിസരം മറന്ന് ഞങ്ങള്‍ ഏറ്റുവിളിച്ചു
മുദ്രാവാക്യം വിളിച്ച ഞങ്ങളെ പോലീസുകാര്‍ കൊണ്ടുപോയത് കോടതിയിലേക്കായിരുന്നില്ല. കോഴിക്കോട് മാനാഞ്ചിറക്കടുത്തുള്ള പോലീസ് കണ്ട്രോള് റൂമിലേക്കായിരുന്നു. ഉയര്‍ന്ന റാങ്കുള്ള, ഡി.വൈ.എസ്.പി. റാങ്കുള്ള, ഉദ്യാഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അവിടെ മര്‍ദ്ദനം.
മര്‍ദ്ദനത്തിനൊടുവില്‍ ഞങ്ങളെ കോടതിയില്‍ ഹാജരാക്കി. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറം ഉത്തരവാദിത്വങ്ങളും ബാധ്യതകളും വിസ്മരിച്ച് പദവിയുടെ ആലസ്യത്തിലിരിക്കുന്ന ഇത്തരക്കാരാണ് ഭാരതത്തിന്റെ ഇന്നത്തെ പരിതാവസ്ഥക്ക് കാരണക്കാരെന്ന് തോന്നി. തന്റെ ജോലി വളരെ അലസവും നിരുത്തരവാദപരവുമായി അയാള്‍ നിറവേറ്റി. ഞങ്ങളെ മൂന്ന് മാസത്തേക് ശിക്ഷിച്ചു.
ഞങ്ങളെ അവര്‍ ഇടി വണ്ടിയില്‍ കയറ്റി. വണ്ടി തണലില്‍ നിന്നും വെയിലത്തേക്ക് മാറ്റിയിട്ടു. വൈകുന്നേരം കോടതി പിരിയും വരെ പൊരിവെയിലില്‍ നിര്‍ത്തി. ഒരിറ്റ് വെള്ളം പോലും തരാതെ ഞങ്ങള്‍ തളര്‍ന്നു. ക്ഷീണിച്ചവശരായ ഞങ്ങളെ അവര്‍ നേരേയെത്തിച്ചത് ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മണയുടെ ഓഫീസിലേക്കായിരുന്നു. കോടതിയില്‍ പോലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞതിനാണ് ഈ നടപടിയെന്ന് പിന്നീടാണ് അറിഞ്ഞത്.
ടൈഗര്‍ സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസൂകാര്ക്കായിരുന്നു ഞങ്ങളെ ‘കൈകാര്യം’ ചെയ്യാനുള്ള ചുമതല. മുഖമടച്ചുള്ള അടിയോടെയാണ് അവര്‍ അവരുടെ മര്‍ദ്ദനമുറ തുടങ്ങിയത്. ഓര്‍ക്കാപ്പുറത്തേറ്റ അടി കാരണം പലരും മറിഞ്ഞു വീണു. മര്‍ദ്ദനമേറ്റ് അവശരും പട്ടിണികൊണ്ട് ക്ഷീണിതരും വെയിലേറ്റ് തളര്‍ന്നവരുമായ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു അടിയേറ്റ് നിലത്ത് വീണവര്‍ ഒരല്‍പ്പം ദയയ്ക്കായി എസ്.പി. ലക്ഷ്മണയുടെ മുഖത്തേക്ക് നോക്കി. ലാടം കെട്ടിയ ബൂട്ടുകൊണ്ട് മുഖത്ത് തൊഴിച്ചാണ് മര്‍ദ്ദനത്തിന്റെ രണ്ടാം ഘട്ടം അയാള്‍ ഉദ്ഘാടനം ചെയ്തത്. ആരാണ് പോലീസ് മര്‍ദ്ദനത്തെ കുറിച്ച് കോടതിയില്‍ പറഞ്ഞതെന്നും ആരാണ് ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് അവര്‍ക്ക് അറിയേണ്ടത്.
ശാഖാ പരിശീലനം പകര്‍ന്ന് നല്കിയ മനോബലം ഒന്നുകൊണ്ടു മാത്രം ആരും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് പില്ക്കാലത്ത് ഉരുട്ടല്‍ എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച പീഢനമായിരുന്നു. ഒരാളെ കയ്യും കാലും ബെഞ്ചോട് ചേര്‍ത്തുക്കെട്ടി കിടത്തുന്നു. കണങ്കാലിന് മുകളില്‍ റൂള്‍ത്തടി ചേര്‍ത്ത് വെച്ച് തടിയന്മാരായ രണ്ട് പോലീസുകാര്‍ ഇരുവശത്തുനിന്നും ബലം പ്രയോഗിച്ച് ഉരുട്ടുന്നു. എല്ലില്‍ നിന്നും മാംസവും ഞാടിഞരമ്പുകളും വേര്‍പെട്ടുപോകുന്ന അവസ്ഥ.
ഈ വേദന അനുഭവിച്ചര്‍ക്ക് മാത്രമേ മനസ്സിലാവൂ. പറഞ്ഞറിയിക്കാനോ വിവരിക്കാനോ ഒരിക്കലും സാധ്യമല്ലാത്ത വേദന.ഇതിനിടെ ഓരോരുത്തരേയും, രണ്ടാളെ വീതം കയ്യാമം വെച്ചും മറ്റു മുറികളിലേക്ക് കൊണ്ടുപോവും. തുടര്‍ന്ന് നമുക്ക് കേള്‍ക്കാനാവുക നിസ്സഹായന്റെ ചങ്കുതകര്‍ന്ന പൊട്ടിക്കരച്ചില്‍ മാത്രം ! രാത്രിയുടെ ഇരുളില്‍ ഇവര്‍ കാണിച്ചുകൂട്ടിയ ഭീകര മര്‍ദ്ദന മുറകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല. ശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനവും ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: