തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്ന പരാതി തെറ്റാണെന്ന് ധനമന്ത്രി കെ.എം. മാണി. റബ്ബറിന്റെ വിലയിടിവു മൂലം വില്‍പ്പന കുറഞ്ഞു. ഇത് നികുതി വരുമാനം കുറയാന്‍ കാരണമായി, നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെ മന്ത്രി ചൂണ്ടിക്കാട്ടി.
മോട്ടോര്‍വാഹനനികുതി, എണ്ണ കമ്പനികളില്‍ നിന്നുള്ള നികുതി, സ്വര്‍ണത്തിന്റെ വില്‍പ്പന നികുതി എന്നിവയും കുറഞ്ഞിട്ടുണ്ട്. ബാര്‍ ഹോട്ടലുകള്‍ അടച്ചതിനാല്‍ അതില്‍ നിന്ന് ലഭിക്കേണ്ട 33 ശതമാനം നികുതി ലഭിക്കുന്നില്ല.ബിവറേജസ് ചില്ലറവില്‍പ്പനശാലകളുടെ എണ്ണം കുറച്ചതും ബാധിച്ചു. എന്നാല്‍ മറ്റു പല വഴികളിലൂടെ നികുതി വരുമാനം വര്‍ധിച്ചിട്ടുണ്ട്.
ചെക്ക്പോസ്റ്റ് വരുമാനം പത്തുശതമാനം വര്‍ധിച്ചു. 369 കോടി പിരിച്ചെടുക്കേണ്ട റവന്യൂ റിക്കവറിയില്‍ 139 കോടി ലഭിച്ചു. മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് 145 കോടി നികുതിയിനത്തില്‍ ലഭിച്ചു. ലക്ഷ്യമിട്ടതില്‍ നിന്ന് 89 ശതമാനം നികുതിയും, 4,419 കോടി രൂപ, പിരിച്ചെടുത്തു.അമരവിളയിലെ ചെക്ക്പോസ്റ്റ് ഇന്റഗ്രേറ്റഡ് ആക്കി സിസിടിവി സ്ഥാപിച്ചത് എല്ലായിടത്തേക്കും വ്യാപിപ്പിക്കും.
ആഡംബര നികുതി പിരിവില്‍ 101 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 201 കോടിരൂപ പിരിച്ചെടുക്കാന്‍ സാധിച്ചെന്നും മാണി സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: