രാമപുരം: കുറിഞ്ഞി കോട്ടമലയില്‍ നിന്ന് ഭീമന് കല്ല് പതിച്ച് കൃഷിയിടങ്ങള്‍ നശിച്ചു. മലയിലും അടിവാരത്തും താമസിക്കുന്നവര്‍ ഭീതിയിലാണ്. സമുദ്ര നിരപ്പില്‍ നിന്ന് 1,300 അടി ഉയരമുള്ളതാണ് കോട്ടമല. 800 അടി ഉയരത്തില്‍ വലിയ ഉരുളന്‍ കല്ലുകള്‍ നിലനില്‍ക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി 1 മണിക്കാണ് സംഭവം. കനത്ത മഴ പെയ്ത് മാറിക്കഴിഞ്ഞാണ് കല്ല് മുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ചത്. മലമുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ച വന്‍ കല്ല് മൂന്നായി പിളര്‍ന്ന് കൃഷിയിടങ്ങളില്‍ക്കൂടി കടന്നു പോവുകയായിരുന്നു. ജനവാസമേഖലയ്ക്ക് തൊട്ടു മുമ്പ് മറ്റൊരു കല്ലില്‍ തട്ടിയാണ് കല്ല് നിന്നത്. കല്ലുകടന്നുപോയ സ്ഥലത്തെ കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. വന്‍ മരങ്ങള്‍ വരെ തകര്‍ത്തുകൊണ്ടാണ് കല്ല് പതിച്ചത്. കഴന്നുകണ്ടത്തില് കരുണാകരന്റെ കൃഷിയിടം പൂര്‍ണ്ണമായി തകര്‍ന്നു. കല്ലു വന്നു നിന്നിടത്തുനിന്നും 50 മീറ്റര്‍ താഴെ തച്ചൂര് ജോണി, വടക്കേല്‍ രവി, ഇരുവേലിക്കുന്നേല്‍ അപ്പച്ചന്, കൈപ്പന്‍പ്ലാക്കല്‍ ഷാജിയുടെയും വീടുകള്‍ ഉള്ള ഭാഗത്താണ് കല്ല് തെറിച്ച് പോന്നത്. കല്ല് തെറിച്ചു പോന്നതിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. ഏതാനും നാള് മുമ്പ് നിരവധി തവണ മലയില്‍ നിന്ന് കല്ല് പതിച്ചിരുന്നു. ഇത്രയും ഭീമാകാരമായ കല്ല് ആദ്യമായാണ് പതിക്കുന്നത്. 1989ല്‍ കോട്ടമലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് 12 തവണ ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ കോട്ടമലയില്‍ ഉണ്ടായിട്ടുണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചിട്ടും റവന്യൂ അധികാരികള്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. നാട്ടുകാര്‍ രാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തോമസ് ഉപ്പുമാക്കല്‍, അനില്‍ നിരപ്പേല്‍, വടക്കേല്‍ നാരായണന്, ഇരുവേലിക്കുന്നേല്‍ ജസ്റ്റിന്, ആലയ്ക്കക്കുന്നേല്‍ മണി, പാറത്താഴത്ത് ജോസഫ്, പുളിയാര്‍മറ്റത്തില്‍ അബ്രാഹം, കാവുംപുറത്ത് ശശീന്ദ്രന് നായര്‍ എന്നിവരുടെ വീടുകള്‍ അപകടഭീഷണിയിലാണ്.
അപകടസ്ഥലം രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. തോമസ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മാത്യു ഏബ്രഹാം, മെമ്പര്‍മാരായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബിജി ഗോവിന്ദ്, ബെന്നി ഏബ്രഹാം തെരുവത്ത്, സണ്ണി അഗസ്റ്റ്യന്‍ പൊരുന്നക്കോട്ട് എന്നിവര്‍ സന്ദര്‍ശിച്ചു. അപകടസ്ഥലത്തു നിന്നും കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുവാനും അപകടാവസ്ഥയിലുള്ള കല്ല് പൊട്ടിച്ചു നീക്കുവാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മാത്യു ഏബ്രഹാം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: