കാഞ്ഞിരപ്പള്ളി: അപകടമേഖലയായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത്. അപകടങ്ങള്‍ നിത്യേന സംഭവിക്കുന്ന പ്രദേശത്ത് റോഡ് സേഫ്റ്റി പദ്ധതിയില്‍ ഉള്‍പെടുത്തി വളവ് നിവര്‍ത്തി ഡിവൈഡര്‍ സ്ഥാപിക്കുന്നതിന് ദേശീയപാതാ വിഭാഗവും പോലീസും നിര്‍ദ്ദേശം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്ഥലം വിട്ടു നല്കാന് പഞ്ചായത്ത് താത്പര്യം കാട്ടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
വളവില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കണമെങ്കില്‍ 18 അടി വീതിയെങ്കിലും ആവശ്യമാണ്. നിലവില്‍ പാതയ്ക്ക് 13 അടി വീതിയാണുള്ളത്. വീതി കൂട്ടുന്നതിന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചില പഞ്ചായത്തംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി തടസമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഭരണസമിതിയിലെ തന്നെ ഒരംഗം എതിര്‍പ്പുമായി മുന്നോട്ട് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതോടെ പഞ്ചായത്ത് കമ്മറ്റിയില്‍ സ്ഥലം വിട്ടു നല്‍കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായമുയര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം തുടങ്ങാത്ത വ്യാപാര സമുച്ചയത്തിന്റെ പേരിലായിരുന്നു എതിര്‍പ്പ്.
നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഡിവൈഡര്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. ഇപ്പോള്‍ താല്‍ക്കാലികമായി സ്ഥാപിച്ചിരിക്കുന്ന വീപ്പകളാണ് അപകട മുന്നറിയിപ്പ് നല്കാന് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: