പൊന്‍കുന്നം: ദേശീയപാതയില്‍ പതിനാലാം മൈല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള റോഡ് നവീകരണത്തിന് നാലു കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പില്‍ നിന്നും അനുവദിച്ചു. ചെങ്കല്‍പള്ളി ജംഗ്ഷനില്‍ ബസ്വേ നിര്‍മ്മിക്കുന്നതിനും പതിനാലാംമൈല്‍, കൊടുങ്ങൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളില്‍ റോഡിന്റെ ഇരുവശങ്ങളിലും ടൈലുകള്‍ പാകുന്നതിനും റോഡ് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. അപകടം നിത്യസംഭവമായ ചിറ്റടി അട്ടിവളവ് നിവര്‍ത്തുന്നതിന് 70 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ദേശീയപാത കടന്നുപോകുന്ന പ്രധാന ടൗണുകളില്‍ റോഡിന്റെ ഇരുവശവും ടൈലുകള്‍ പാകുന്നതിനുമാണ് തുക വകകൊള്ളിച്ചിട്ടുള്ളത്.
നെടുമാവ് മുതല്‍ മുണ്ടക്കയം വരെ റോഡിന്റെ പുനരുദ്ധാരണത്തിനായി ആദ്യഘട്ടത്തില്‍ 3.5 കോടി രൂപ അനുവദിച്ചിരുന്നു. നെടുമാവില്‍ രണ്ട് കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിന് 28 ലക്ഷം, പൊന്‍കുന്നം ടൗണില്‍ ഓട നിര്‍മ്മിക്കുന്നതിന് 55 ലക്ഷം, കോടതിപടിയില്‍ ഓട നിര്‍മ്മിക്കുന്നതിന് ഒന്‍പത് ലക്ഷം, ചേപ്പുംപാറയിലും എ.കെ. ജെ. എം. സ്കൂള്‍ ജംഗ്ഷനിലും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതിന് ആറു ലക്ഷം, പൂതക്കുഴിയില്‍ ഓട നിര്‍മ്മിക്കുന്നതിന് 14 ലക്ഷം, 26 ാം മൈലില്‍ കലുങ്ക് നിര്‍മ്മാണത്തിന് 14 ലക്ഷം, പാറത്തോട്ടില്‍ കലുങ്ക് നിര്‍മ്മാണത്തിന് 14 ലക്ഷം, ഓട നിര്‍മ്മാണത്തിന് 19 ലക്ഷം, പാറത്തോട് ടൗണ്‍ ടൈല്പാകുന്നതിന് 17 ലക്ഷം, സെന്റ് ഡൊമിനിക്സ് കോളജിനു മുന്പില് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പാകുന്നതിന് 25 ലക്ഷം, ചിറ്റടിയിലെ അട്ടിവളവ് നിവര്‍ത്തുന്നതിന് 70 ലക്ഷം രൂപ, ഓട നിര്‍മ്മാണത്തിന് 55 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: