എരുമേലി: ബൈക്ക് അപകടത്തില്‍ മരിച്ച കോളേജ് വിദ്യാത്ഥിയുടെ മരണത്തില്‍ ദുരൂബഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലിയിലെത്തിയത്. ബൈക്ക് അപകടം നടന്ന സ്ഥലവും ഇടിച്ച ഓട്ടോയും സംഘം പരിശോധിച്ചു. മരിച്ച മണങ്ങല്ലൂര്‍ താഴത്തുവീട്ടില്‍ റെമീസിന്റെ മൊബൈലിലേക്ക് വന്ന കോളുകളും മെസേജുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. റെമീസ് മരിച്ച ദിവസം രാത്രിയില്‍ എരുമേലിയിലെ ഒരു വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് റമീസ് പ്രണയിച്ചിരുന്നതായി പറയുന്ന വീട്ടിലെ പെണ്‍കുട്ടിയേയും പിതാവിനെയും സംഘം ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ റമീസ് മരിക്കാനിടയായ സംഭവം റോഡരികിലെ മിനി ഓട്ടോയില്‍ അതിശക്തമായി ഇടിച്ചുണ്ടായ അപകടമാണെന്ന് പോലീസ് പറയുന്നത്. ഓട്ടോയുടെ പിന്നില്‍ ശരീരത്തിന്റെ തൊലിയും രക്തവും പാന്‍സിന്റെ ചില ഭാഗങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കഴുത്തില്‍ ആയുധം കൊണ്ടുള്ള മുറിവില്ലായിരുന്നുവെന്നും വാഹനത്തിലിടിച്ചതിന്റെ ഫലമായി കഴുത്തിലെ എല്ലിന് ചെറിയ പൊട്ടല്‍ മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ നിന്നും ബന്ധുവിന്റെ ബൈക്കുമായി എരുമേലിയിലെത്തിയ റമീസ് വെളുപ്പിന് ചെമ്പകത്തുങ്കല്‍ പാലത്തിനു സമീപം ഓട്ടോയിലിടിച്ച് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വെളുപ്പിന് റമീസ് ബൈക്കില്‍ പോകുന്നതും കണ്ടവരുണ്ട്. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടന്നതിന്റെ ലക്ഷണമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റമീസിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി കാട്ടി നല്കിയ പരാതിയില്‍മേല്‍ ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. കൊടുങ്ങല്ലൂരില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗിന് പഠിക്കുന്ന റമീസ് പെരുന്നാള്‍ ആഘോഷത്തിനായാണ് വീട്ടിലെത്തിയത്. ഇതിനിടെ റമീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മണങ്ങല്ലൂരില്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സി ല്‍ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: