രാമപുരം: കരള്‍ സംബന്ധമായ അസുഖത്തില്‍ അകപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നില്ക്കുന്ന അവസരത്തില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് രാമപുരം ഗ്രാമപഞ്ചായത്ത് ‘പ്രത്യാശ’യുടെ സഹകരണത്തോടെ ഈ കുരുന്നുകളുടെ ജീവന് രക്ഷിക്കാന്‍ ജീവന് രക്ഷാസമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. രാമപുരം പഞ്ചായത്തില്‍പ്പെട്ട അജേഷ് (11), അലീന (8), അജീഷ (6) എന്നീ കുട്ടികളാണ് അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത്. അജേഷിന് എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയ ആവശ്യമാണ്. ഇതിലേയ്ക്ക് ആവശ്യമായ 30 ലക്ഷം രൂപ ഒറ്റ ദിവസം കൊണ്ട് സമാഹരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. 26ന് രാവിലെ 9 മുതല്‍ 12 വരെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും ധനസമാഹരണം നടത്തും.
ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പാലാ-കൂത്താട്ടുകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കമ്പനിയായ ആകാശാലയും ജനങ്ങളോടൊപ്പം ചേരുന്നു. കമ്പനിയുടെ 14 ബസ്സുകളും അന്നേ ദിവസം സര്‍വ്വീസ് നടത്തി ലഭിക്കുന്ന മുഴുവന്‍ തുകയും കുട്ടികളുടെ ചികിത്സ ചിലവിലേയ്ക്ക് നല്‍കിയാണ് കമ്പനി മാതൃകാപരമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്. അവശതയനുഭവിക്കുന്നവരെ സഹായിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും അതിനാലാണ് ഒരു ദിവസത്തെ വരുമാനം മുഴുവന്‍ കുട്ടികളുടെ ചികിത്സയ്ക്കായി നല്കാന് തീരുമാനിച്ചതെന്നും ഉടമ മാത്യു ആകശാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: