എരുമേലി: കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ എരുമേലി ഓപ്പറേറ്റിങ് സെന്ററിന് ലക്ഷങ്ങളുടെ നഷ്ടം. ജൂണ്‍- ജൂലൈ മാസങ്ങളിലായി ഗുരുവായൂര്‍, കളിയിക്കാവിള സര്‍വ്വീസുകള്‍ നടത്താത്തതുമൂലമാണ് സെന്ററിന് ലക്ഷങ്ങളുടെ വരുമാനനഷ്ടമുണ്ടായത്. ജൂണില്‍ ഗുരുവായൂര്‍ സര്‍വ്വീസ് നടത്തിയ രണ്ടുദിവസം മാത്രമാണ്. ശരാശരി 15,000 രൂപയിലധികം വരുമാനം ലഭിക്കുന്ന ഈ സര്‍വ്വീസ് മുടങ്ങുന്നതോടെ കോര്പറേഷന് നാലുലക്ഷത്തിലധികം രൂപയാണ് നഷ്ടമാകുന്നത്. എരുമേലിയില്‍ നിന്നും 4.45ന് നടത്തിയിരുന്ന ഗുരുവായൂര്‍ സര്‍വ്വീസിന് കഴിഞ്ഞ മെയ് മാസത്തില്‍ പെര്‍മിറ്റ് കഴിഞ്ഞുവെങ്കിലും പുതിയ ബസ് നല്കി പെര്‍മിറ്റ് പുതുക്കി നല്കാന് ഉന്നതാധികാരികള്‍ക്ക് കഴിഞ്ഞില്ല. 6.15ന് സര്‍വ്വീസ് നടത്തിയിരുന്ന കളയിക്കാവിള സര്‍വ്വീസും രണ്ടുമാസത്തിനിടെ 20ദിവസമാണ് സര്‍വ്വീസ് നടത്തിയത്. ഇതില്‍ അഞ്ചുലക്ഷത്തോളം രൂപ വരുമാനനഷ്ടം കണക്കാക്കുന്നു.
ജൂലൈ മാസത്തില്‍ ഗുരുവായൂര്‍ സര്‍വ്വീസ് ഇതുവരെ മൂന്നുദിവസം മാത്രമാണ് സര്‍വ്വീസ് നടത്തിയത്. ഇതിലൂടെ നാലുലക്ഷംരൂപയുടെ വരുമാനനഷ്ടമുണ്ടായി. ജൂണ്‍- ജൂലൈ മാസങ്ങളില്‍ രണ്ടു ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തിയതിന്റെ പേരില്‍ 15ലക്ഷത്തിലധികം രൂപയാണ് വരുമാനനഷ്ടം. യഥാസമയം ബസുകള്‍ നല്കി സര്‍വ്വീസുകള്‍ ക്രമീകരിക്കണമെന്ന് അറിയിച്ചിട്ടും കോര്പറേഷന് ഉന്നതാധികാരികള്‍ ശ്രവിക്കുന്നില്ലെന്നാണ് സെന്ററിലുള്ളവര്‍ പറയുന്നത്. തകരാറിലാവുന്ന ബസുകള്‍ക്കു പകരം സര്വ്വീ സ് നടത്താന്‍ ബസുകള്‍ വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടട്ടും നടപടിയായില്ല. സര്‍വ്വീസുകള്‍ നടത്തുന്നതിനായി 9 ബസുകള്‍ ലഭിച്ചുവെങ്കിലും ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി ഈ ബസുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ജീവനക്കാര്‍തന്നെ പറയുന്നു.
ഗുരുവായൂര്‍, കളയിക്കാവിള സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിനു പിന്നില്‍ ദുരൂഹതകളുണ്ട്. കാലപ്പഴക്കം ചെന്ന ബസുകള്‍ ഇത്തരം സര്‍വ്വീസുകള്‍ക്കായി നീക്കിവച്ചിട്ട് ബസുകള്‍ തകരാറിലാകുന്നത് നിത്യസംഭവമാകുന്നത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: