നീലംപേരൂര്‍: നീലംപേരൂരിലെ കോഴി മാലിന്യസംസ്കരണ പ്ലാന്റിനെതിരെ ജനങ്ങള്‍ രാഷ്ട്രീയഭേദമില്ലാതെ ജനകീയ സമരസമിതി രൂപീകരിക്കുകയും, പലതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ കമ്പനിയിലേക്ക് കൊണ്ടുവന്ന കോഴിമാലിന്യങ്ങളുമായി വന്ന വണ്ടി രാത്രികാലങ്ങളിലുള്‍പ്പെടെ പല പ്രാവശ്യം തടയുകയും ചെയ്തിരുന്നു.
നീലംപേരൂര്‍ ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ക്ഷേത്ര പരിസരം ഉള്‍പ്പെടെ മലിനമാക്കുന്ന രീതിയിലുള്ള അസഹനീയമായ ദുര്‍ഗന്ധമാണ് പുറത്തേക്ക് പ്രവഹിക്കുന്നത്. വണ്ടിയില്‍ കൊണ്ടുപോകുന്ന കോഴിമാലിന്യങ്ങള്‍ പലപ്രാവശ്യം അമ്പലത്തിന് മുന്‍വശമുള്ള റോഡുകളിലും സമീപപ്രദേശങ്ങളിലും വീഴുകയും ചെയ്തിരുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഇതിനെതിരെ പരാതി കൊടുക്കുകയും, അവര്‍ കാര്യത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാരുടെ പരാതിയെയെല്ലാം അവഗണിച്ചുകൊണ്ട് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അനധികൃത മാലിന്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട സഹായങ്ങളാണ് നല്‍കിയിരുന്നത്.
നീലംപേരൂര്‍ നിവാസികളുടെ ജീവവായുയും ജലവും മലിനമാക്കുന്ന ഈ കമ്പനിക്കെതിരെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയമില്ലാതെ സമരം നടത്തിവരികയാണ്. മുന്‍ മന്ത്രി തോമസ് ഐസക് ഈ കമ്പനി ഇതിനുമുമ്പ് സന്ദര്‍ശിക്കുകയും ഇവിടെ നാട്ടുകാര്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ ദുര്‍ഗന്ധവും മറ്റുള്ള ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
പഞ്ചായത്ത് ഇലക്ഷന് മുന്നില്‍കണ്ട് സിപിഎം ജനസമ്പര്‍ക്ക പരിപാടിയുമായി വീടുകളില്‍ ചെന്നപ്പോള്‍ കമ്പനിയെ അനുകൂലിക്കുന്ന ഇവരോട് അവിടുത്തെ അമ്മമാരും കുട്ടികളും രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യതത്തിലാണ് ജനങ്ങളെ കബളിപ്പിക്കാന്‍ സിപിഎം പ്രഹസന സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 21ന് പഞ്ചായത്തുപടിക്കല്‍ ഒരു സമര പരിപാടി നടത്തി. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാതിരുന്നത് സിപിഎമ്മിലെ ഉള്‍പ്പോരുകള്‍ കാരണമാണെന്നാണ് അറിയുന്നത്.
ഈ സമരത്തിന് ജനപങ്കാളിത്തം തീരെ കുറവായിരുന്നുതാനും. നീലംപേരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും നീലംപേരൂര്ക്കാരന് തന്നെയായ കുട്ടനാട് ഏരിയകമ്മറ്റി സെക്രട്ടറിയും തമ്മിലുള്ള ശീതസമരമാണ് സമരത്തിന് കാരണം. സി.പി.എം നടത്തുന്ന ഈ സമരപൊറോട്ട് നാടകത്തെ വക വെയ്ക്കാതെ നാട്ടുകാര്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: