കോട്ടയം: കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് നേഴ്സിങ് സ്റ്റാഫ് അംഗങ്ങള്‍ അടക്കമുള്ളവരുടെയും പരിശ്രമത്തെയും അര്‍പ്പണബോധത്തെയും ജനങ്ങള്‍ അഭിനന്ദിക്കുന്നു. ഇവരുടെ പ്രയത്നം നാലു പിഞ്ചോമനകളാണ് മരണത്തിന്റെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയത്.
മുലപ്പാല്‍ കുടിച്ചുകൊണ്ടിരിക്കെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെയും നാലു കൈകളും മുന്നുകാലുകളുമായി ജനിച്ച കുഞ്ഞിന്റെയും നിലമെച്ചപ്പെട്ടു. ആര്‍പ്പുക്കര കരിപ്പുത്തട്ട് പാറേക്കണ്ടം ബിബിന്‍കുമാര്‍ ആതിര ദമ്പതികളുടെ മുന്നുമാസം പ്രായമുള്ള അഭിമന്യൂവിനാണ് കഴിഞ്ഞ വെള്ളിയാഴ്ച മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. വീട്ടില്‍ കിടന്നുകൊണ്ട് ആതിര കുഞ്ഞിന് പാലുകൊടുക്കുമ്പോഴാണ് കുഞ്ഞിന് കടിയേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രി തീവ്രചരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിന്റെ ഭാഗമായി കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്നും മാറ്റിയ കുഞ്ഞ് തീവ്രചരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തൊടുപുഴ സ്വദേശികളായ ദമ്പതികള്‍ക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലു കൈകളും മുന്നുകാലുകളുമുള്ള അപൂര്‍വ കുഞ്ഞ് ജനിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു ജനനം. അപൂര്‍വത കണ്ടതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ വലതുകൈയുടെ താഴെ ഭാഗത്ത് പൂര്ണ്ണരൂപത്തിലൂള്ള രണ്ട് കൈകളും ഇരുകാലിന്റെയും ഇടയ്ക്ക് നാഭിഭാഗത്തു നിന്നും ഒരു കാലുമുണ്ട്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നും ഇല്ലെങ്കിലും കുടുതലായുള്ള അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഇപ്പോള്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
പുന്നത്തറ വെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലന് ഗുരുതരാവസ്ഥ തരണം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പെട്ട പുന്നത്തറ ഗവ.യുപി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അലന്(10), അഭിനന്ദ് (11) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തലയ്ക്ക് ഗുരതരമായി പരിക്കേറ്റ അലന് ട്രോമ കെയര്‍ ഐസിയുവിലാണ്. അലന് അപകട നിലതരണം ചെയ്തതായി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയ അഭിനന്ദിനെ വീണ്ടും വിശദമായ പരിശോധനയ്ക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയിലെ 12-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അലന് കറ്റോട് മേനാച്ചേരി ബിജുവിന്റെ മകനാണ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനന്ദ് കറ്റോട് കണിയാംകുന്നേല്‍ ഷാജിയുടെ മകനാണ്. അടിയന്തിരമായി ചേര്‍ന്ന സ്കൂള്‍ പിടിഎ യോഗത്തില്‍ അപകടം സംഭവിച്ച വിദ്യാര്‍ത്ഥികളുടെ ചികില്‍സ ചെലവിനായി പരമാവധി പണം സ്വരൂപിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: