എരുമേലി: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം കരസ്ഥമാക്കിയ സ്കൂളുകളെ ആദരിക്കുന്ന ചടങ്ങിന് വിളിക്കാതെ എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിനെ ഗ്രാമപഞ്ചായത്ത് അപമാനിച്ചതായി പരാതി. പഞ്ചായത്തിലെ കുടുംബശ്രീകളുടെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിലാണ് മികച്ച വിജയം നേടിയ സ്കൂളുകളെ ആദരിച്ചത്. എന്നാല്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രതിനിധികളും സ്കൂളിലെ നൂറുമേനി ആഘോഷത്തിന് പങ്കെടുത്ത് സമ്മാനങ്ങളും പ്രശംസയും നല്‍കിയിട്ടും ഗ്രാമപഞ്ചായത്ത് മാത്രം തങ്ങളെ അവഗണിച്ചതിനു പിന്നില്‍ ബോധപൂര്‍വ്വമായ നടപടിയാണുണ്ടായതെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു.
സ്കൂളില്‍ നടന്ന വിവിധ പരിപാടികളില്‍ പ്രസിഡന്റും വാര്‍ഡംഗവും പങ്കെടുക്കുകയും സ്കൂളിന്റെ വിജയത്തില്‍ പങ്കുചേരുകയും ചെയ്തിട്ടും നൂറുമേനി വിജയം നേടിയ സ്കൂളുകളെ ആദരിക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് സ്കൂളിനെ മാത്രം ഒഴിവാക്കിയത് സ്കൂളിന്റെ വികസനത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അംഗങ്ങള്‍ പറഞ്ഞു.
സ്കൂളുകളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത സ്കൂളിന്റെ പിടിഎ അംഗങ്ങള്‍ കൂടിയായ സിഡിഎസ് പ്രതിനിധികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ട്രോഫി വാങ്ങി വാര്‍ഡംഗത്തിന് നല്കി പഞ്ചായത്ത് സ്കൂളിനെ അവഹേളിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
പഞ്ചായത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ സ്കൂളുകളുടെ ലിസ്റ്റോ മറ്റ് വിവരങ്ങളോ അധികൃതരുടെ പക്കലില്ല. ആദരിക്കുന്ന ചടങ്ങിനിടെ ദേവസ്വം ബോര്‍ഡ് സ്കൂളിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം വന്നപ്പോഴാണ് ചില അംഗങ്ങള്‍ ഫോണ്‍ മുഖേന സ്കൂളില്‍ ബന്ധപ്പെട്ടതെന്നും പിടിഎ അംഗങ്ങള്‍ പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന ദേവസ്വം ബോര്‍ഡ് സ്കൂളില്‍ നൂറുമേനി വിജയം കരസ്ഥമാക്കിയതിലുള്ള ചിലരുടെ അസൂയയാണ് ഈ അവഗണനയ്ക്ക് പിന്നിലെന്നും ഇത് സ്കൂളിനെ മാത്രമല്ല, കുട്ടികളോടും കാണിക്കന്ന ക്രൂരതയാണെന്നും പിടിഎ പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ ഈ അവഗണനക്കും വിവേചനത്തിനുമെതിരെ ബന്ധപ്പെട്ട ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്നും പിടിഎ പ്രസിഡന്റ് സതീഷ്കുമാര്‍, പി.വി. രഘു, ഇന്ദിര, രേണുക രാജന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: