ചങ്ങനാശേരി: തൃക്കൊടിത്താനം വേഷ്ണാല്‍ ഭാഗത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് നാലുമാസമായതായി പരാതി. തൃക്കൊടിത്താനം പഞ്ചായത്തിന്റെയും പായിപ്പാട് പഞ്ചായത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശമായ വേഷ്ണാല്‍ നിവാസികളുടെ ശുദ്ധജലം ലഭിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍. മാസങ്ങള്‍ക്ക് മുന്‍പ് വാഹനം കയറി പൊട്ടിയതിനെ തുടര്‍ന്നാണ് കുടിവെള്ളം നിലച്ച് പൊട്ടിയ പൈപ്പ്ലൈന് മാറ്റി സ്ഥാപിക്കുന്നതിന് നിരവധി തവണ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരുംതിരിഞ്ഞുനോക്കിയില്ലെന്ന് വാര്‍ഡ് മെമ്പര്‍ കെ.ജി.പ്രസന്നന് പറഞ്ഞു. നിരന്തരമായ ഇടപെടല്‍ ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥരെത്തി പൊട്ടിപ്പോയ ഭാഗം മുറിച്ചുമാറ്റിയതിനുശേഷം പൈപ്പ്ലൈന് അടച്ചിട്ടുപോകുകയായിരുന്നു. നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ളത്തിന് ആശ്രയമായ പൈപ്പ് ലൈന്‍ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്പില് ധര്‍ണയിരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: