കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുതിയ കാഷ്വാലിറ്റി ബ്ലോക്ക് ഒരുങ്ങുന്നു. നിലവിലുള്ള കാഷ്വാലിറ്റിയുടെ നേരെ എതിര്‍വശത്താണ് പുതിയ കാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം. 6 നില കെട്ടിടമാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. അത്യാധുനിക തരത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെയാണ് കാഷ്വാലിറ്റി നിര്‍മ്മിക്കുന്നത്. ഓരോ നിലകളിലും ഓപ്പറേഷന് തീയറ്ററും പുതിയ ബ്ലോക്കില്‍ സജീകരിച്ചിട്ടുണ്ട്. ഇരുപത്തിയേഴര കോടി രൂപയ്ക്കാണ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി നിര്‍മ്മാണം ആരംഭിച്ചിട്ട്.
നിലവിലെ കാഷ്വാലിറ്റിയുടെ എതിര്‍വശത്തുള്ള വഴിയിലൂടെ രോഗികള്‍ക്ക് പ്രവേശിക്കുന്ന തരത്തിലാണ് കാഷ്വാലിറ്റിയുടെ കവാടം നിര്‍മ്മിച്ചിരിക്കുന്നത്. എറണാകുളത്തുള്ള സ്വകാര്യ ഏജന്‍സിയാണ് കെട്ടിടത്തിന് കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത്. നിലവിലെ കാഷ്വാലിറ്റിയില്‍ വേണ്ടത്ര സ്ഥലസൗകര്യങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് ആവശ്യമുയരുകയായിരുന്നു. സ്ഥലപരിമിതി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ പുതിയ ബ്ലോക്ക് ഇതിന് ആശ്വാസം പകരുന്നതരത്തിലാണ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: