പൊന്‍കുന്നം: ഗുണഭോക്താക്കളെ പങ്കെടുപ്പിക്കാത്ത യോഗത്തില്‍ ക്രമക്കേട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം. ചിറക്കടവ് കുടുംബശ്രീ യൂണിറ്റ് നടപ്പിലാക്കിയ മുട്ടക്കോഴി പദ്ധതിയിലെ ലക്ഷങ്ങളുടെ ക്രമക്കേടു കേസാണ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടക്കുന്നത്. ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ എടുത്ത ലക്ഷങ്ങള്‍ ആഗസ്റ്റ് 12നകം തിരുവനന്തപുരത്തെ പ്ലാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റി പൊന്‍കുന്നത്തെ യൂണിയന് ബാങ്കില്‍ തിരിച്ചടച്ചുകൊള്ളാമെന്ന് സമ്മതിച്ച് ധാരണയില്‍ എത്തിയതായി പോലീസ് പറഞ്ഞു.
ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട പലിശ ബാങ്കില്‍ കുടുംബശ്രീ മിഷന് അടയ്ക്കുമെന്ന വാര്‍ത്തകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഗുണഭോക്താക്കളായ വീട്ടമ്മമാരെ പങ്കെടുപ്പിക്കാതെ നടന്ന ഒത്തുതീര്‍പ്പ് ഉടമ്പടിയെക്കുറിച്ച് അവ്യക്തത നിലനില്ക്കുന്നു.
പലിശയിനത്തില്‍ വരുന്ന തുക അടച്ചുകൊള്ളാമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന് ഭാരവാഹികള്‍ അറിയിച്ചു. കുടുംബശ്രീ മിഷന്റെ പേരില്‍ ഉറപ്പു നല്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പലിശ അടയ്ക്കുന്നതിനും സാമ്പത്തിക ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനും ജില്ലാ മിഷന് പദ്ധതികള്‍ ഇല്ല. ചില പദ്ധതികള്‍ക്ക് സബ്സിഡി അനുവദിക്കുകമാത്രമാണ് മിഷന് ചെയ്യുന്നത് കുടുംബശ്രീ ക്രമക്കേടിലെ ബാങ്ക് പലിശ മിഷന് അടച്ചുതീര്ക്കുമെന്നതരത്തിലുള്ള പ്രചരണങ്ങള്‍ വാസ്തവിരുദ്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
അഞ്ച് അംഗങ്ങള്‍ വീതമുള്ള ഒരു ഗ്രൂപ്പിന് യൂണിയന് ബാങ്ക് പൊന്‍കുന്നം ശാഖ ഒരു ലക്ഷത്തിഅയ്യായിരം രൂപ വീതം വായ്പ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഇതിനായി വീട്ടമ്മമാര്‍ വായ്പ എടുക്കാന്‍ തീരുമാനിച്ചതിന്റെ മിനിട്സിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, വസ്തുവിന്റെ കരം അടച്ച രസീത് എന്നിവ ബാങ്കില്‍ നല്‍കിയിരുന്നു. എന്നാല്‍ മുട്ടക്കോഴികള്‍ വിതരണത്തിന് എത്തിയപ്പോഴാണ് ഒരുലക്ഷത്തി അയ്യായിരത്തിന് പകരം യൂണിറ്റുകളുടെ അനുവാദമില്ലാതെ ഒരു ലക്ഷത്തിഅന്പത്തിയാറായിരം രൂപ ഏജന്‍സിക്ക് കൈമാറിയ വിവരം വീട്ടമ്മമാര്‍ അറിയുന്നത്. ഇതോടെ വീട്ടമ്മമാര്‍ പദ്ധതിയില്‍ നിന്നും പിന്മാറി.
എന്നാല്‍ പലിശ അടച്ച് തീര്‍ക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്ന് ജില്ലാ മിഷന് അറിയിച്ചതോടെ വീട്ടമ്മമാര്‍ വീണ്ടും ആശങ്കയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: