തിരുവനന്തപുരം: മസ്തിഷ്ക മരണത്തിനു കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് അഞ്ജനയുടെ കണ്ണുകള്‍ ഇനി രാഹുല്‍ കൃഷ്ണനും പീരുമുഹമ്മദിനും വെളിച്ചമേകും. പ്ലാമൂട്ടുക്കട പൊറ്റിയില്ക്കട ആലുവിള കെഎല്‍ ഭവനില്‍ കൃഷന്-രേഖ ദമ്പതികളുടെ മകന് രാഹുല്‍കൃഷ്ണന്‍(14), വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ കപ്പച്ചാല മാഹീന് കണ്ണിന്റെയും പരേതയായ ഹസീനയുടെ മകന് പീരുമഹമ്മദ് (10) എന്നിവര്‍ക്കാണ് അഞ്ജനയുടെ കണ്ണുകള്‍ വെളിച്ചമേകുന്നത്. ഇന്നലെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഇരുവര്‍ക്കും അഞ്ജനയുടെ കണ്ണകള്‍ മാറ്റിവച്ചു.
കുളത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന രാഹുല്‍കൃഷ്ണന്‍ കഴിഞ്ഞ ജൂണ്‍ 15ന് സഹപാഠികളുമൊത്ത് കളിക്കുന്നതിനിടയില്‍ കണ്ണില്‍ എന്തോ വീണ് ഇടതുകണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കാഴ്ചശക്തി തിരികെ കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. മാറ്റാരുടെയെങ്കിലും നേത്രദാനത്തിന് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയായിരുന്നു.
ചൊവ്വര ഗവ. സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പീരുമുഹമ്മദിന് രണ്ടര വയസ്സിലാണ് ഇടതുകണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. കുട്ടിക്കളിക്കിടയില് കമ്പികൊണ്ട് നേത്രപടലത്തിന് മുറിവുണ്ടായി. കണ്ണാശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും കാഴ്ച ശക്തി ക്രമേണ നഷ്ടപ്പെടുകയായിരുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് പിതാവ് പീരുമുഹമ്മദിനെയും ജ്യോഷ്ഠനെയും സഹോദരിയെയും ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന അമ്മൂമ്മ സീനത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഡോക്ടര്‍മാരായ ഗിരിജ, ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
കരകുളം ഏണിക്കര നിലവൂര്‍ തട്ടംചോതി ഭവനില്‍ അജിത്ത്-ദിവ്യ ദമ്പതികളുടെ മകളാണ് മസ്തിഷ്ക മരണം സംഭവിച്ച അഞ്ജന.ജൂലൈ 30ന് തല ചുറ്റിവീണതിനെ തുടര്‍ന്നാണ് അഞ്ജനയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ബ്രെയിന്‍ട്യൂമര്‍ കണ്ടെത്തി. തുടര്‍ന്ന് ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ആഗസ്റ്റ് 1ന് രാവിലെ മൃതസഞ്ജീവനി അംഗങ്ങള്‍ എസ്എടി ആശുപത്രയിലെത്തി അഞ്ജനയുടെ മസ്തിഷ്ക മരണം ഉറപ്പാക്കി. വിവരം മാതാപിതാക്കളെ അറിയിച്ചു. മരണം ഉറപ്പായതോടെ അവയവദാനത്തിന് മാതാപിതാക്കള്‍ സമ്മതിച്ചു. കരളും വൃക്കകളും വെള്ളറട കിളിയൂര്‍ സ്വദേശി എ.കെ. അനില്‍കുമാറിന്റെ മകന് അഞ്ചുവയസുകാരന് അനിന്‍രാജിന് ദാനം ചെയ്തിരുന്നു. അവയവദാന ചരിത്രത്തില്‍ പുതിയ അദ്ധ്യായം രചിച്ച അഞ്ജന ജീവിക്കും ഇനി മൂന്ന് സുഹ്യത്തിക്കളിലൂടെ.
രാഹുല്‍ കൃഷ്ണന്
അഞ്ജന
പ്രതികരിക്കാൻ ഇവിടെ എഴുതുക: