വിഴിഞ്ഞം: സംശയ സാഹചര്യത്തില്‍ തീരരക്ഷാ സേന പിടികൂടി പൊലീസ് കസ്റ്റഡിയില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇറാന് ബോട്ട് ഇന്നലെ നങ്കൂരമിളകി പുറങ്കടലിലേക്ക് ഒഴുകി നീങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട തീരദേശ പൊലീസ് ബോട്ടുകള്‍ പിന്നാലെ പാഞ്ഞു ഇറാന് ബോട്ടിനെ ‘പിടികൂടി’. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. മാലിയില്‍ നിന്നുമെത്തിയ പത്തേമാരിക്ക് പ്രവേശിക്കുന്നതിനു പാതയൊരുക്കാനായി ഇറാന് ബോട്ടിനെ മാറ്റി നങ്കൂരമിട്ടിരുന്നു. നങ്കൂരമിട്ടതിലെ പാകപ്പിഴ കാരണമാണത്രെ വൈകിട്ടോടെ ഇറാന് പത്തേമാരി കുറേശെ തുറമുഖത്തിനു പുറത്തേക്ക് ഒഴുകി നീങ്ങാന്‍ തുടങ്ങിയത്. ബോട്ടിനുള്ളില്‍ പോാലീസ് കാവലില്ലായിരുന്നു.
ഇറാന് ബോട്ട് ഒഴുക്കിനനുസരിച്ച് തുറമുഖ കവാടത്തിനു സമീപം വരെ നീങ്ങി. ഇതിനിടെ തീരദേശ പൊലീസ് ബോട്ടിലുള്ളവര്‍ ഇറാന് ബോട്ടിനടുത്തെത്തി. തുടര്‍ന്ന് രാത്രിയോടെ നങ്കൂരക്കയര്‍ പിടിച്ചു ബോട്ടിനെ തിരികെ എത്തിച്ചു. ഇറാന് ബോട്ട് ബന്ധം വേര്‍പെട്ട് കടലിലേക്ക് ഒഴുകിയത് ഇതു രണ്ടാം തവണയാണ്. വാര്‍ഫില്‍ ബന്ധിച്ചിരിക്കെ കയറുകള്‍ പൊട്ടിയാണ് ആദ്യ തവണ ബോട്ട് പുറംകടലിലേക്ക് നീങ്ങിയത്.
ശക്തമായ തിരയടിയില്‍ വാര്ഫിലിടിച്ച് വശങ്ങള് തകരുമെന്നു കണ്ടാണ് ബോട്ടിനെ തുറമുഖ ബെയ്സിനില്‍ നങ്കൂരമിട്ടു നിറുത്തിയിരുന്നത്. ബോട്ട് ശ്രദ്ധിക്കാനായി കരയില്‍ പോലീസിനെയും നിയോഗിച്ചിരുന്നു. ബോട്ടില്‍ പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ഇതിലേക്ക് കയറിപ്പറ്റാനുള്ള ബുദ്ധിമുട്ടും മറ്റ് അപകടസാധ്യതകളും കണക്കിലെടുത്താണ് ഇവരെ കരയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചത്. സംശയസാഹചര്യത്തില്‍ കഴിഞ്ഞ മാസം നാലിനാണ് തീരരക്ഷാ സേന ബറൂക്കിയെന്നു പേരുള്ള ഇറാന് ബോട്ടിനെ ആലപ്പുഴ കടലില്‍ വച്ച് പിടികൂടുന്നത്. ഇതിലുള്ള 12 പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തിരിക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: