വിളപ്പില്‍ശാല: വിളപ്പില്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന്റെ മറവില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് 14 ലക്ഷംരൂപ. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ഭീമമായ തുക കൃത്രിമരേഖകള്‍ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്. അരുവിക്കര ശുദ്ധജല പ്ലാന്റില്‍നിന്ന് വിളപ്പില്‍ പഞ്ചായത്തിലെ ഒന്‍പതു വാര്‍ഡുകളില്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചതിലാണ് കരാറുകാരനുമായി ചേര്‍ന്ന് വന്‍അഴിമതി നടത്തിയത്. 2013ലെ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിച്ചിരുന്നു. എന്നാല്‍ വിതരണം ചെയ്തതിലും കൂടുതല്‍ ലോഡുകള്‍ക്ക് കൃത്രിമ രേഖയുണ്ടാക്കിയാണ് പണംതട്ടാന്‍ ശ്രമിച്ചത്.
ആയിരം ലിറ്റര്‍ വെള്ളത്തിന് 30രൂപ നിരക്കിലാണ് അരുവിക്കര പ്ലാന്റില്‍നിന്ന് കുടിവെള്ളം വാങ്ങിയത്. 5500 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ 165രൂപ രസീതൊടുക്കി വാങ്ങിയവെള്ളം സമീപ പഞ്ചായത്തായ വിളപ്പിലില്‍ എത്തിക്കുന്നതിന് ഭീമമായ തുകയാണ് വാഹന വാടക ഇനത്തില്‍ എഴുതിയുണ്ടാക്കിയത്. 304 ലോഡിലായി 16.72 ലക്ഷംലിറ്റര്‍ വെള്ളം വാങ്ങിയ ബില്ലാണ് റവന്യൂ അധികൃതര്‍ക്ക് നല്‍കിയത്. 50160രൂപവാണ് കുടിവെള്ള വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 311 ട്രിപ്പാണ് വാഹന വാടകയ്ക്കായി നല്‍കിത്. വാഹനവാടക രണ്ടായിരംരൂപയില് കൂടില്ലെന്ന് പറയുന്നുണ്ടെങ്കിലും പഞ്ചായത്ത് കരാറുകാരന് നല്കാന് ശുപാര്‍ശ ചെയ്തിരിക്കുന്നത് അയ്യായിരത്തോളം രൂപയാണ്. ഒന്‍പതു വാര്‍ഡുകളിലായി നൂറ്ലോഡില് താഴെ കുടിവെള്ളം മാത്രമേ എത്തിച്ചിട്ടുള്ളൂവെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ പറയുന്നു. ഒന്‍പത് വാര്‍ഡുകളിലുമായി 311 ലോഡ് വെള്ളമെത്തിച്ചുവെന്ന കൃത്രിമരേഖയ്ക്ക് ആധികാരികതയുണ്ടാവാന് ഒപ്പിട്ടിരിക്കുന്നത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഓമനയും കാരോട് വാര്‍ഡ് മെമ്പര്‍ സോദരനുമാണ്. 2012-ല്‍ ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് കുടിവെള്ള വിതരണം നടത്തിയതെന്നാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറയുന്നത്. എന്നാല്‍ അങ്ങനെയൊരു അനുമതി നല്‍കിയിട്ടില്ലെന്ന് മുന്‍ ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്കുമാര്‍ പറയുന്നു.
റവന്യൂ വകുപ്പില്‍ ഫയലെത്തിയപ്പോള്‍ ഒറ്റനോട്ടത്തില്‍ രേഖകള്‍ കൃത്രിമമെന്ന് ബോധ്യപ്പെട്ടതിനാല്‍ മടക്കി അയച്ചു. ഇതോടെ കരാറുകാരന് ഓംബുഡ്സ്മാനില്‍ പരാതി നല്കി. പരാതി പരിഗണിച്ച ഓംബുഡ്സ്മാന് രേഖയില്‍ സൂചിപ്പിക്കുന്ന പണത്തിന് കരാറുകാരന് അര്‍ഹതയില്ലെന്നും അര്‍ഹതയുള്ള പണം രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് ആറുമാസത്തിനുള്ളില്‍ നല്‍കാനും വിധിച്ചതായി ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് സുനിതകുമാരി പറയുന്നു. ഓംബുഡ്സ്മാന് വിധിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് കമ്മറ്റിയില്‍ പ്രധാന അജണ്ഡയാക്കി ഈ വിഷയം അവതരിപ്പിച്ചു. 14നുപകരം 11 ലക്ഷം നല്കി കരാറുകാരനെ രക്ഷിക്കണമെന്നതായിരുന്നു ഭരണസമിതിയുടെ നിലപാട്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വള്ളിമംഗലം ചന്ദ്രന് ഇതിനെ എതിര്‍ത്തു. ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്ന് തനതു ഫണ്ടില്‍നിന്ന് പണം നല്‍കാനുള്ള ഭരണസമിതിശ്രമവും പരാജയപ്പെട്ടു.
വരുംദിവസങ്ങളില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ കുടിവെള്ള വിതരണ അഴിമതി സജീവ ചര്‍ച്ചയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയെ മുന്നില്‍ നിര്‍ത്തി കുടിവെള്ള വിതരണ അഴിമതിക്ക് ചുക്കാന്‍ പിടിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്ററും ചില കോണ്‍ഗ്രസ് അംഗങ്ങളുമാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: