കളമശ്ശേരി: കുസാറ്റിലെ ഹോസ്റ്റല്‍ അലോട്ട്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷന് രൂപീകരിക്കാന്‍ തീരുമാനം. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥികളുമായി ഇന്നലെ ഉച്ചക്ക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
കമ്മീഷനെ സര്‍വ്വകലാശാല ഉടന്‍ തീരുമാനിക്കും. നേരത്തെ ഹോസ്റ്റലുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പരാതികള്‍ സര്‍വ്വകലാശാല പരിഗണിക്കാതെ വന്നപ്പോഴാണ് ഹോസ്റ്റല്‍ സമരം ആരംഭിച്ചത്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെയാണ് ഇപ്പോള്‍ സമവായത്തിന് സര്‍വ്വകലാശാല തീരുമാനിച്ചത്.
കമ്മീഷനില്‍ രണ്ട് വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷനെ നിയമിക്കുമ്പോള്‍ ഇതില്‍ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. ഏതാനും ദിവസം മുന്‍പ് വിദ്യാര്‍ത്ഥികളുടെ ഉരോധസമരം പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതില്‍ സര്‍വ്വകലാശാലക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം വിദ്യാര്‍ത്ഥികള്‍ ഒടുക്കണമെന്നും കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ നടപടിക്ക് വിധേയരാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല നല്കിയ കേസില്‍ ഇതിനകം വിദ്യാര്‍ത്ഥികള്‍ 85000 രൂപ കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്. ഇത് നഷ്ടപരിഹാരമായി കണക്കാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇതില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. അതുവരെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല.
സമരത്തില്‍ പങ്കെടുത്തതിന് ഒന്‍പത് പെണ്‍കുട്ടികളോട് വിശദീകരണം ആവശ്യപ്പെട്ട് ഇന്നലെ ഹിയറിങ്ങും നടന്നു. ഇവരുടെ അലോട്ട്മെന്റ് ആവശ്യം ന്യായമാണെന്നും സര്‍വ്വകലാശാലക്ക് ബോധ്യപ്പെട്ടു. ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് അലോട്ട്മെന്റും മൂന്ന് പേര്‍ക്ക് സ്ഥിരം ഗസ്റ്റ് ആയി താമസിക്കാന്‍ അനുവാദവും നല്കി. വിദ്യാര്‍ത്ഥിനികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണ് വിളിച്ചുവരുത്തിയത്. മറ്റ് സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഇവരില്‍ നിന്ന് എഴുതിവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: