കൊളംബോ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് മറ്റൊരു തിരിച്ചടികൂടി. ആദ്യ ടെസ്റ്റിനിടെ വലതുകൈക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ധവാന് തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ നിന്ന് പിന്മാറിയത്. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ധവാന്റെ പിന്മാറ്റം വരും മത്സരങ്ങളില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.
കൈയ്ക്ക് പരിക്കേറ്റ ധവാനെ വിശദമായ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു. കൈയ്ക്കുള്ളിലെ അസ്ഥിയില്‍ നേരിയ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ധവാനെ മാറ്റുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ധവാന് നാല് മുതല്‍ ആറാഴ്ചത്തെ വിശ്രമം വേണം.
പരിക്കിനെ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ ധവാന് ആദ്യ റണ്‍ നേടാന്‍ 36 പന്തുകള്‍ നേരിട്ട് വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇന്ത്യ അമിതപ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ടെസ്റ്റ് തോല്ക്കാന് കാരണമെന്നായിരുന്നു പ്രധാന വിമര്‍ശനം. ധവാന്റെ പിന്മാറ്റം ലോകേഷ് രാഹുലിന് അടുത്ത രണ്ടു ടെസ്റ്റുകളില്‍ കൂടി സ്ഥാനം ഉറപ്പാക്കും.
പരമ്പരക്ക് മുമ്പെ പരിക്കേറ്റ മറ്റൊരു ഓപ്പണര്‍ മുരളി വിജയ് രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. വിജയ് കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയാകും രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.
അതേസമയം ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റുവര്‍ട്ട് ബിന്നിയെ ഉള്‍പ്പെടുത്തി. ട്വിറ്ററിലൂടെ ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും പകരക്കാരനായല്ല ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിന്നി ടീമിലേക്ക് വരുന്നതോടെ ബാറ്റിംഗിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും അഞ്ചാം ബൗളറായി ഉപയോഗിക്കാനുമാകും.
ശ്രീലങ്കക്കതിരായ ആദ്യ ടെസ്റ്റ് തോറ്റതോടെ ടീമില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ ഡയറക്ടര്‍ രവി ശാസ്ത്രി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രവി ശാസ്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. 20ന് കൊളംബോയിലാണ് ലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: