കൊച്ചി: മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ ടെലികോം കമ്പനികള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രമുഖ ടെലികോം കമ്പനികളും സിഒഎഐ, എയുഎസ്പിഐ, ടിഎഐപിഎ എന്നീ വ്യവസായത്തിലെ സംഘടനകളും ആവശ്യപ്പെട്ടു.
ഭാരതത്തിലെ എല്ലാ ടെലികോം സര്‍ക്കിളിനും ബാധകമായ ഒരു ഏകീകൃത മാര്‍ഗ്ഗനിര്‍ദ്ദേശക ചട്ടം അനിവാര്യമാണ്. നെറ്റ്വര്‍ക്ക് കൂടുതല്‍ കാര്യക്ഷമമാക്കാനും ഇടമുറിയാത്ത കണക്ടിവിറ്റി ലഭ്യമാക്കാനും ഇത് കൂടിയേതീരൂ എന്ന് അവര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ എന്ന സര്‍ക്കാരിന്റെ പരിപാടിയോട് വ്യവസായികള്‍ക്ക് പ്രതിജ്ഞാബദ്ധതയുണ്ട്. അതേസമയം മൊബൈല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം ഉണ്ടാക്കുകയും വേണം.
വിവിധ കാരണങ്ങളാല്‍ ചില പ്രധാന നഗരങ്ങളിലെ 10,000 സെല്‍ സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 1,00,000 സൈറ്റുകളാണ് ആവശ്യം. ടെലികോം കമ്പനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി മുതല്‍ മുടക്കുന്നില്ലെന്ന പ്രചാരണത്തില്‍ കഴമ്പില്ല. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ രാജ്യത്ത് 70,000 ടവറുകളാണ് സ്ഥാപിച്ചത്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 950 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇടമുറിയാത്ത കണക്ടിവിറ്റി നല്കാന് ടെലികോം വ്യവസായം നിക്ഷേപിച്ചത് 750,000 കോടി രൂപയാണ്. 2015 മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തിലെ നിക്ഷേപം 1,09,000 കോടി രൂപയും. 2014-15 ല്‍ മാത്രം നെറ്റ്വര്‍ക്ക് വികസനത്തിന് ടെലികോം വ്യവസായം മുടക്കിയത് 1,34,000 കോടി രൂപയാണ്.
ടെലികോമിനെ അവശ്യ സേവനമായി പ്രഖ്യാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും പ്രതിരോധവകുപ്പിന്റെ ഭൂമിയിലും ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുക, കൂടുതല്‍ സ്പെക്ട്രം ലഭ്യമാക്കുക. ടവറുകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക, ടവറുകള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വന്‍ തുക ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: