തിരുവനന്തപുരം: മദ്യഉപഭോഗം കുറഞ്ഞതോടെ കേരളത്തില്‍ കഞ്ചാവ് തുടങ്ങി മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചതായി എ.കെ. ആന്റണി പറഞ്ഞു. ഇന്ന് സ്കൂള്‍-കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ പടിക്കല്‍ വരെ കഞ്ചാവ് ലഭിക്കും. ഇത് ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബിനെക്കാള്‍ ആപത്കരമാണ്.
ഇതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ വേണം. മയക്കുമരുന്നുപയോഗം അവസാനിപ്പിക്കാന്‍ അധ്യാപകസമൂഹം ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അധ്യാപകഭവനില്‍ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംഘടിപ്പിച്ച സെര്‍വ് സ്കൂള്‍ സേവ് സ്കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
നിത്യവും മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ അധ്യാപകസമൂഹത്തിന് കഴിഞ്ഞിട്ടില്ല. മാറിയ സാഹചര്യത്തില്‍ അധ്യാപകര്‍ വെറും അധ്യാപകര്‍ മാത്രമായിക്കൂടാ. പുതിയ വിജ്ഞാനമേഖലകളില്‍ അറിവു നേടാനുള്ള, ഗൃഹപാഠം നിത്യവും ചെയ്യുന്ന, അറിവിനോട് തൃഷ്ണയുള്ള വിദ്യാര്‍ഥികള്‍ കൂടിയായിരിക്കണം അധ്യാപകര്‍. എന്നാല്‍ സ്വാതന്ത്രസമരത്തിന് കൂടുതല്‍ സംഭാവന ചെയ്ത അധ്യാപകരുടെ സമരപാരമ്പര്യം ഇന്ന് സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഈ സ്ഥിതി മാറണം.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുകാലത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയായിരുന്നു, ഒന്നാമതായിരുന്നു. എന്നാലിന്ന് വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മാത്രമാണ് കേരളം ഒന്നാമത്. കുട്ടികള്‍ കുറയുകയും ഡിവിഷനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടും ഇവിടെ പുതിയ വിദ്യാലയങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുകയാണ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പാഠ്യപദ്ധതി പുതുക്കുകയെന്ന പതിവുരീതി മാറ്റി അത് മൂന്നു വര്‍ഷത്തിലൊരിക്കല്‍ എന്നാക്കണം. ഇത്തരത്തില്‍ വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.
കെപിഎസ്ടിയു പ്രസിഡന്റ് പി. ഹരിഗോവിന്ദന് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പാഠപുസ്തക രചയിതാക്കളെ അനുമോദിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്. തമ്പാന് നെഹ്റു അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. തമ്പാനൂര്‍ രവി, സതീശന് പാച്ചേനി, ടി. ശരച്ചന്ദ്രപ്രസാദ്, എസ്സിഇആര്ടി ഡയറക്ടര്‍ ഡോ എസ്. രവീന്ദ്രന്‍നായര്‍, കരിക്കുലം ഹെഡ് ഡോ ജയലക്ഷ്മി, ഡോ വിജയന് ചാലോട് എന്നിവര്‍ സംസാരിച്ചു. കെപിഎസ്ടിയു ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ സമദ് സ്വാഗതവും ട്രഷറര്‍ പി.ജെ. ആന്റണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: