ന്യൂദല്‍ഹി: ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 20,000 കോച്ചുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നിര്‍ഭയ ഫണ്ടില്‍ നിന്നും 700 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി സ്ഥാപിക്കുന്നത്. 3000 കോടിരൂപയാണ് നിര്‍ഭയ ഫണ്ടിന്റെ മൊത്തം ആസ്തി.
അടുത്തിടെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പുതിയ പാതയും റെയില്‍ പാലങ്ങളും നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടും യോഗത്തില്‍ ചര്‍ച്ച നടത്തി. യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. അടിയന്തരമായി ഇവ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി കേന്ദ്ര റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ ജനറല്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റുകളിലും സിസിടിവി സ്ഥാപിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 20,000 കോച്ചുകളിലാണ് സ്ഥാപിക്കുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
സ്ത്രീ സുരക്ഷയെ ലക്ഷ്യംവെച്ച് 2013ലാണ് നിര്‍ഭയ ഫണ്ട് രൂപീകരിച്ചത്. 2012 ഡിസംബറിലെ ദല്‍ഹി കൂട്ടബലാത്സംഗത്തിനുശേഷം ആപെണ്കുട്ടിയുടെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് ഇത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനാണ് ഫണ്ടിന്റെ നടത്തിപ്പ് ചുമതല.
നിലവില്‍ 11000 ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ചെന്നൈയില്‍ നിര്‍മ്മിച്ച എസി ത്രീടെയര് കോച്ചുകളിലും സിസിടിവി സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി രാജ്യത്തെ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: