തിരുവനന്തപുരം: നിയമലംഘനങ്ങളും അത്യാചാരങ്ങളും ഇല്ലാത്ത നവഭാരതനിര്മിതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ലിംഗായത്ത് പരമ്പരയില്‍പ്പെട്ട സ്വാമി അദൃശ്യ കാഡസിദ്ധേശ്വര്‍ തലസ്ഥാനത്ത്. സേവനം ജീവിതവ്രതമാക്കിയ മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള സിദ്ധഗിരി പരമ്പരയിലെ 49-ാമത്തെ മഠാധിപതിയാണ് അദ്ദേഹം. 1400 വര്‍ഷം പഴക്കമുള്ള സിദ്ധഗിരി പരമ്പരയുടെ മഠത്തില്‍ ദിവ്യമായ മഹാലക്ഷ്മി ക്ഷേത്രവുമുണ്ട്.
അശരണര്‍ക്കും ആര്‍ത്തര്‍ക്കും ആലംബഹീനര്‍ക്കും തണലേകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈശ്വരോപാസനയ്ക്കും ഇവിടെ മുഖ്യസ്ഥാനം കല്പ്പിച്ചിട്ടുണ്ട്. നിയമലംഘനങ്ങളില്ലാത്ത ഭാരതസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളില്ലാത്ത ഗ്രാമങ്ങളും സ്വാമി കാഡസിദ്ധേശ്വറിന്റെ നേതൃത്വത്തില്‍ ഇവിടെ രൂപപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണ മഹാരാഷ്ട്രയിലും ഉത്തര കര്‍ണാടകത്തിലുമായി വ്യാപിച്ചു നില്‍ക്കുകയാണ് ശ്രീ ക്ഷേത്ര സിദ്ധഗിരി മഠം എന്നറിയപ്പെടുന്ന ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സിദ്ധഗിരി മ്യൂസിയം ആണ് ഈ ആശ്രമത്തിലെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. 100 വര്‍ഷം മുമ്പ് ഭാരതത്തിലുണ്ടായിരുന്ന ഗ്രാമീണ ജീവിതം ഇവിടെ തുറന്ന അന്തരീക്ഷത്തില്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു.
ഭാരതത്തിന്റെ പുരാതന സംസ്കൃതിയുടെ മേന്മയും ഉന്നതിയും ആനന്ദവും വരുംതലമുറകള്‍ക്ക് പകര്‍ന്നു നല്കാന് ലക്ഷ്യമിട്ടാണ് ഈ സംരംഭം.
ദിനംതോറും 2000 മുതല്‍ 3000 വരെ വ്യക്തികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന അന്നഛാത്ര, സൗജന്യ വിദ്യാഭ്യാസത്തിനായി ആനന്ദാശ്രമം, പുതുതലമുറയെ ആത്മീയമായും മാനസികമായും ശാരീരികമായും ശാക്തീകരിക്കാനായി ബാലചേതന-യുവചേതന ക്യാമ്പുകള്‍, വ്യക്തിശുദ്ധീകരണത്തിനായി ചൈതന്യക്യാമ്പ് എന്നറിയപ്പെടുന്ന ചിന്തന്‍ ശിബിരങ്ങള്‍, പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളും തരണം ചെയ്യാനുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, കൃഷിയും പരിസ്ഥിതിയും ആരോഗ്യവും പരസ്പരപൂരിതമായി സംരക്ഷിക്കാന്‍ സര്‍വ ഇനങ്ങളിലുംപെട്ട നാടന്‍ പശുക്കളെ വളര്‍ത്തുന്ന ഗോശാല പദ്ധതി, നാടന്‍ പശുക്കളുടെ മൂത്രവും ചാണകവും ഉപയോഗിച്ച് തയ്യാറാക്കുന്ന ഔഷധങ്ങള്‍, ജൈവ വളങ്ങള്‍, ഗോശാലയിലേക്ക് പുല്ലെത്തിക്കുന്ന അസോള പദ്ധതി തുടങ്ങി എണ്ണമറ്റ പ്രവര്‍ത്തനങ്ങളുമായാണ് സിദ്ധഗിരി ആശ്രമം മുന്നോട്ടു പോകുന്നത്.
കേരളത്തിന്റെ ഉത്സവമായ ഓണം നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് സ്വാമി കാഡസിദ്ധേശ്വര്‍ തിരുവനന്തപുരത്തെത്തിയത്. വാമനാവതാരവും കാര്‍ഷികോത്സവും സാമൂഹ്യസമത്വവും ആധ്യാത്മികതയും കോര്‍ത്തിണക്കിയ ഉത്സവമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ സമ്പന്നമായ കാര്‍ഷിക-ജൈവ-സാഹോദര്യത്തിന്റെ പ്രാചീനചരിത്രം നമുക്ക് ഓണാഘോഷങ്ങളില്‍ കാണാന്‍ കഴിയും. പഴമയുടെ നന്മ ഇതിലൂടെ വീണ്ടെടുക്കാന്‍ കഴിയണം.
ഓണം കണ്ടറിയുന്നതിനൊപ്പം കേരളത്തിലെ പ്രാചീനമായ ചില ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കും. ഒപ്പം കേരളത്തിന്റെ തനതായ കൃഷിരീതികളും മനസ്സിലാക്കാന്‍ ശ്രമിക്കും. മലയാളികള്‍ക്കു മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ഓണത്തിന്റെ ശോഭനമായ ഐശ്വര്യം ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സംസ്കൃതഭാഷ ഭാരതത്തിന്റെ സംസാരഭാഷയാക്കി മാറ്റണം. അതിലൂടെ മാത്രമേ നമുക്ക് ദേശീയ ഐക്യവും പുരോഗതിയും കൈവരികയുള്ളൂ. കാര്‍ഷിക രാജ്യമായ ഭാരതം കൃഷിയിലൂന്നിയുള്ള വ്യവസായവത്കരണത്തിന് ഊന്നല്‍ നല്‍കണം.
സ്വദേശീവത്കരണമാണ് നമുക്ക് അനുയോജ്യം. പാശ്ചാത്യവത്കരണം അപകടം വരുത്തിവയ്ക്കും. വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യ അതിന്റെ തെളിവാണ്. കൃഷിഭൂമിയും കര്‍ഷകനും നിലനില്‍ക്കേണ്ടത് ഭാരതീയ പൈതൃകത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. മതപരിവര്‍ത്തനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അശരണര്‍ക്ക് സഹായം നല്‍കുന്നതിന് പ്രത്യുപകാരം ആഗ്രഹിക്കുന്നത് പാപമാണ്. അങ്ങനെ സഹായിച്ച് മതംമാറ്റുന്നതാകട്ടെ ഘോരപാപവും. ഒരിക്കലും അതനുവദിച്ചു കൂടാ. ഇന്ന് ഭാരതത്തില്‍ സ്ത്രീകള്‍ക്കെതിരെ ഉപദ്രവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. അത് തടയാന്‍ കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം.
എന്നാല്‍ വിദേശങ്ങളില്‍ നടക്കുന്ന അത്യാചാരങ്ങള്‍ ഇവിടെയില്ല. പക്ഷേ ചെറിയസംഭവങ്ങള് പോലും പെരുപ്പിച്ചു കാട്ടി ഭാരതത്തിന്റെ അഭിമാനം മാധ്യമങ്ങള്‍ ഇടിച്ചുതാഴ്ത്തുന്നു. ഈ പ്രവണത ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സമ്പൂര്‍ണമായും ദേശവത്കരിക്കണം. ഇവ രണ്ടും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കണം. മറ്റുള്ളവ എല്ലാം സ്വകാര്യവത്കരിച്ചാലും കുഴപ്പമില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ജനതയ്ക്ക് മികച്ച ആരോഗ്യവും നല്കുന്നതില് സര്‍ക്കാര്‍ ഒട്ടും അലസത കാട്ടരുത്. ഇതെല്ലാം നടപ്പാക്കാന്‍ ഇപ്പോഴത്തെ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് സാധിക്കും. എന്നാല്‍ വേണ്ടത്ര സമയം നല്‍കണമെന്നു മാത്രം. ഇതൊന്നും ഒറ്റയടിക്ക് നടപ്പാക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയ്ക്കു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: