ന്യൂദല്‍ഹി: ബ്ലൂ ഇക്കണോമി അഥമവാ സമുദ്ര സാമ്പത്തിക വ്യവസ്ഥയുടെ വികസനത്തിന് സെയ്ഷെലസുമൊത്തുള്ള പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സെയ്ഷെല്‍സ് പ്രസിഡന്റ് മിച്ചലുമൊത്ത് നടത്തിയ മാധ്യമ പ്രസ്താവനയിലാണ് മോദി പ്രഖ്യാപനം നടത്തിയത്. സമുദ്രങ്ങളുടെയും സമുദ്ര വിഭവങ്ങളുടെയും സുസ്ഥിരമായ ഉപയോഗം സുസ്ഥിര വികസന ലക്ഷ്യമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ബ്ലൂ ഇക്കണോമിക്കായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. മേഖലയുടെ സുസ്ഥിര വികസനത്തിന് ഇത് ഏറെ സഹായകമാവും, മോദി പ്രസ്താവിച്ചു.
നമ്മുടെ താത്പര്യങ്ങള്‍ വിപുലമാണെന്നത് പോലെ നമ്മുടെ ബന്ധത്തിന്റെ അടിത്തറ ഏറെ ആഴമുള്ളതുമാണ്. നമ്മുടെ മൂല്യങ്ങള്‍ പരസ്പര ബഹുമാനം, സാഹോദര്യം എന്നിവയിലധിഷ്ഠിതമാണ്, സെയ്ഷെല്‍സും ഭാരതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മോദി പറഞ്ഞു.
പ്രസിഡന്റ് മിച്ചലിന്റെ സന്ദര്‍ശനം ഈ ബന്ധത്തിന് കൂടുതല്‍ ശക്തി പകരുന്നു. സുരക്ഷാ രംഗത്ത് ഇരു രാജ്യങ്ങളും മികച്ച രീതിയില്‍ സഹകരിക്കുന്നു; പ്രത്യേകിച്ച് സമുദ്ര സുരക്ഷ ഉറപ്പു വരുത്തുന്നതില്‍,വിമാനങ്ങള്‍, നാവികയാനങ്ങള്, കോസ്റ്റല്‍ റഡാര്‍ സംവിധാനങ്ങള്‍ എന്നിവ പങ്കുവയ്ക്കുന്നതിലൂടെ ഞങ്ങള്‍ ആദരിക്കപ്പെട്ടിരിക്കുന്നു. ഹൈഡ്രോഗ്രഫി സര്‍വേയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്രവും വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ ബന്ധമാണുള്ളത്, പ്രസ്താവന പറയുന്നു.
സെയ്ഷെല്‍സിന് ഒരു ഇന്റര്‍സെപ്റ്റര്‍ കോസ്റ്റ്ഗാര്‍ഡ് ബോട്ട് കൂടി ഭാരതം കൈമാറും. രണ്ടാമതൊരു ഡോര്‍ണിയര്‍ വിമാനം കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത് പ്രകാരം ആ കരാറില്‍ ഇന്ന് ഒപ്പുവെക്കാനായി.
ബഹിരാകാശം, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. സെയ്ഷെല്‍സിലെ അസംപ്ഷന്‍ ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഭാരതം സഹായിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇന്ന് ഒപ്പുവെച്ച എയര്‍ സര്‍വ്വീസസ് എഗ്രിമെന്റ് സഹായിക്കും, മോദി പറഞ്ഞു.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഭാരത- ആഫ്രിക്ക ഫോറം ഉച്ചകോടിക്കും യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരത നീക്കങ്ങള്‍ക്കും പിന്തുണ നല്‍കിയതിന് പ്രസിഡന്റ് മിച്ചെലിന് നന്ദി പറയുന്നു, മോദി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: