കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം മറികടന്ന് പഞ്ചായത്ത് വകുപ്പില്‍ സ്ഥലംമാറ്റ ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. ഇതടക്കം രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മുസ്ലീം ലീഗ് നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ ഉത്തരവിറക്കിയും ഭേദഗതി വരുത്തിയും ജീവനക്കാരെ സര്‍ക്കാര്‍ വട്ടംകറക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിന് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ആഗസ്ത് 22വരെ സ്ഥലംമാറ്റത്തിന് കമ്മീഷന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ആഗസ്ത് 17ന് 1,021 പേരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. മുസ്ലിംലീഗ് നേതൃത്വം നല്കിയ പട്ടികയനുസരിച്ച് പൊതുസ്ഥലംമാറ്റത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു കൂട്ട സ്ഥലംമാറ്റം.
ഇതിനെതിരെ വ്യാപക പരാതിയുയരുകയും പ്രായോഗികമല്ലാത്തതിനാല്‍ നടപ്പാക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഇതേ ത്തുടര്‍ന്ന് ആഗസ്ത് 22ന് പരാതികള്‍ പരിഹരിച്ചും പ്രായോഗികമല്ലാത്തവ തിരുത്തിയും ഉത്തരവില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തലയൂരി. എന്നാല്‍ തങ്ങള്‍ നല്കിയ പട്ടികയില്‍ തിരുത്തല്‍ വന്നത് ലീഗ് നേതൃത്വത്തിന് ഇഷ്ടപ്പെട്ടില്ല. പുതിയ ഉത്തരവില്‍ സ്ഥലംമാറ്റം റദ്ദ് ചെയ്യപ്പെട്ടവര്‍ പഞ്ചായത്തില്‍ തിരികെ ചുമതലയേല്‍ക്കാനെത്തിയപ്പോള്‍ ലീഗ്-സിപിഎം ഉദ്യോഗസ്ഥര്‍ തടഞ്ഞു. തങ്ങള്‍ നല്കിയ സ്ഥലംമാറ്റ പട്ടിക നടപ്പിലാക്കണമെന്ന് ലീഗ് നേതൃത്വം നിര്‍ബന്ധം പിടിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അവഗണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് വെബ്സൈറ്റില്‍ പരസ്യപ്പെടുത്താതെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മെയില്‍ അയക്കുകയാണ് ചെയ്തത്.
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ സൂപ്രണ്ടിനെ കഴിഞ്ഞ 17ന് ആദ്യം കയ്യൂര്‍ ചീമേനി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിലെ അപാകത വ്യക്തമായതിനെ തുടര്‍ന്ന് 22ന് ഉത്തരവ് തിരുത്തി. എന്നാല്‍ ചൊവ്വാഴ്ച അവരെ മധൂരിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലേക്ക് സ്ഥലംമാറ്റി വീണ്ടും ഉത്തരവിറക്കി. സമാനമായ രീതിയിലാണ് പല ജില്ലകളിലും സര്‍ക്കാരിന്റെ ഉത്തരവുകള്‍. ലീഗിന്റെ പ്രാദേശിക നേതൃത്വം നല്കുന്ന പട്ടികയനുസരിച്ച് കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സര്‍ക്കാരിന്റെ നടപടി.
ഇത് നടപ്പിലാക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ട് ഇടപെടലുമുണ്ടാകുന്നു. പഞ്ചായത്തുകളില്‍ ലീഗ് പ്രാദേശിക നേതാക്കള്‍ ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പ്രസ്താവനയിറക്കാന്‍ പോലും ഇടത് സംഘടനകള്‍ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരെ തടയാന്‍ ലീഗുകാര്‍ക്കൊപ്പം സിപിഎം അനുകൂല സംഘടനാ നേതാക്കളും പഞ്ചായത്ത് ഭരണസമിതിയും ഉണ്ടായിരുന്നു.
പരിശോധിക്കുമെന്ന് തെര.കമ്മീഷന്
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം ലംഘിച്ച് പഞ്ചായത്ത് വകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയ സംഭവം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ ജന്മഭൂമിയോട് പറഞ്ഞു. 22 വരെയാണ് അനുമതി നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ വകുപ്പിന് ബാധ്യതയുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് ഉത്തരവിറക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: