തിരുവനന്തപുരം: ഹിന്ദു ആഘോഷങ്ങളെ ആര്‍എസ്എസ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജന്മാഷ്ടമി എന്ന പോലെ ക്രിസ്തുമസിനും നബി ദിനത്തിനും മറ്റ് സംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവമത വിശ്വാസികളുടെ ആഘോഷപരിപാടികള്‍ ആര്‍എസ്എസ് സ്വന്തമാക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിന് അവകാശം ഉന്നയിക്കുന്ന ആര്‍എസ്എസിന് കൃഷ്ണനുമായി ഒരു ബന്ധവുമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടില്ലെന്നും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയത് ഓണാഘോഷത്തിന്റെ സമാപനമാണെന്നും കോടിയേരി പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പരിപാടി നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ശ്രീകൃഷ്ണ ജയന്തിയുടെ പേരില്‍ ഇടതുപക്ഷത്തിന് വിരുദ്ധമായ പ്രചാരണം നടത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതാദ്യമായല്ല ബാലസംഘത്തിന്റെ പരിപാടി സിപിഎം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഓണാഘോഷം നടത്തിയിരുന്നു.
രക്ഷാബന്ധന്, അഷ്ടമി രോഹിണി പോലുള്ള പരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നതിലൂടെ വിശ്വാസികളെ ആര്‍എസ്എസിലും ബിജെപിയിലേക്കും ആകര്‍ഷിക്കാനുള്ള തന്ത്രമാണ് അവരുടേതെന്നും കോടിയേരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: