തിരുവനന്തപുരം: അറുപത്തിനാലാമത് ആള് ഇന്ത്യ പോലീസ് അത്ലറ്റിക് മീറ്റ് ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നടക്കും. ഇത് നാലാം തവണയാണ് ആള് ഇന്ത്യ പോലീസ് മീറ്റിന് കേരള പോലീസ് ആതിഥ്യം വഹിക്കുന്നത്. സപ്തംബര്‍ പതിനൊന്ന് വരെ നടക്കുന്ന മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയമാണ് വേദി.
അരുണാചല്‍പ്രദേശ്, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളും ആസാം റൈഫിള്‍സും ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ടീമുകളും ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി തുടങ്ങിയ കേന്ദ്ര റിസര്‍വ് സേനകളും മീറ്റില്‍ പങ്കെടുക്കും. സ്റ്റേറ്റ് ടീമുകളും ടീം ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏകദേശം ആയിരത്തി മൂന്നൂറുപേര് പങ്കെടുക്കും. ഈ മത്സരങ്ങളില്‍ നിന്നാണ് അഖിലേന്ത്യാ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യന്‍ പോലീസ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സിആര്‍പിഎഫ് ആയിരുന്നു പുരുഷ-വനിതാ ചാമ്പ്യന്മാര്.
ഇന്നു വൈകിട്ട് അഞ്ചിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മീറ്റ് ഉദ്ഘാടനം ചെയ്യും. എല്‍എന്‍സിപിഇയിലെ കായികതാരങ്ങളുടെ എയ്റോബിക് ഡിസ്പ്ലെ, സിആര്‍പിഎഫ് അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക-കായിക പ്രദര്‍ശനങ്ങള്‍, മാര്‍ച്ച് പാസ്റ്റ്, ബാന്റ് മേളം എന്നിവയും കരിമരുന്നു പ്രയോഗവും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും.
സപ്തംബര്‍ 11-ലെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശിഷ്ടാതിഥിയാകും. മീറ്റ് ജേതാക്കള്‍ക്കുള്ള സമ്മാനദാനവും നടക്കും. മീറ്റിന്റെ വിജയകരമായ നടത്തിപ്പിന് എഡിജിപി അരുണ്‍ കുമാര്‍ സിന്‍ഹ ചെയര്‍മാനായും ഐജി മനോജ് എബ്രഹാം വൈസ് ചെയര്‍മാനായും വിപുലമായ കമ്മറ്റിയും വിവിധ അനുബന്ധ സബ്കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: