ന്യൂയോര്‍ക്ക്: സഹോദരിമാരുടെ പോരാട്ടത്തില്‍ വിജയം സെറീനക്കൊപ്പം. യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് സെറീന വില്ല്യംസ് സഹോദരി വീനസ് വില്ല്യംസിനെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സെറീന വീനസിനെ കീഴടക്കിസെമിയിലേക്ക് കുതിച്ചത്.
ആദ്യ സെറ്റ് 6-2 ന് സെറീന സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചുവരവാണു വീനസ് നടത്തിയത്. അനുജത്തിയെ വിറപ്പിച്ച വീനസ് രണ്ടാം സെറ്റ് 6-1 ന് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ സഹോദരിയെ നിഷ്പ്രഭമാക്കി സെറ്റും ജയവും സ്വന്തമാക്കി. സ്കോര്‍: 6-2, 1-6, 6-3. ഇരുവരും 27 തവണ മാറ്റുരച്ചപ്പോള്‍ സെറീന 16-11ന് മുന്നിലാണ്.
വിജയത്തോടെ മറ്റൊരു ചരിത്രനേട്ടത്തിനും അടുത്തെത്തിയിരിക്കുകയാണ് സെറീന. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന ചരിത്രനേട്ടത്തിന് രണ്ട് മത്സരം അകലെ മാത്രമാണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന. 1988-ല്‍ ജര്‍മന്‍ സുന്ദരി സ്റ്റെഫി ഗ്രാഫിന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തിലെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മാത്രവുമല്ല സ്റ്റെഫിയുടെ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താനും ഇതിലൂടെ 33 കാരിയായ സെറീനയ്ക്ക് കഴിയും. സീഡ് ചെയ്യപ്പെടാത്ത ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയാണ് സെമിയില്‍ സെറീനയുടെ എതിരാളി. ഫ്രഞ്ച് താരം ക്രിസ്റ്റിന മഡനോവിക്കിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് വിന്‍സി സെമിയിലെത്തിയത്. സ്കോര്‍: 6-3, 5-7, 6-4.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറും മുന്‍ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിച്ചും സെമിയിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ 18-ാംസീഡും സ്പാനിഷ് താരവുമായ ഫെലിസിയാനോ ലോപ്പസിനെ കീഴടക്കിയാണ് ദ്യോക്കോവിച്ച് അവസാന നാലിലേക്ക് കുതിച്ചത്. സ്കോര്‍: 6-1, 3-6, 6-3, 7-6 (7-2). മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മാരിന് സിലിച്ച് 19-ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തി. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സിലിച്ച് സെമിയിലെത്തിയത്.
സ്കോര്‍: 6-4, 6-4, 3-6, 6-7 (3-7), 6-4. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സിലിച്ചിനെ ഞെട്ടിച്ചുകൊണ്ട് സോംഗ മൂന്നും നാലും സെറ്റുകള്‍ കരസ്ഥമാക്കി. ഇതോടെ അവസാന സെറ്റ് നിര്‍ണ്ണായകമായി. എന്നാല്‍ 6-4ന് സിലിച്ച് അവസാന സെറ്റ് സ്വന്തമാക്കിയതോടെ സോംഗയുടെ സെമി സ്വപ്നം പൊലിഞ്ഞു. ദ്യോക്കോവിച്ചാണ് സെമിയില്‍ സിലിച്ചിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: