കൊച്ചി: വെള്ളാപ്പള്ളി നടേശന്റെയും യോഗനേതൃത്വത്തിന്റെയും അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴും തെരഞ്ഞടുപ്പ് വിജയങ്ങളില്‍ എസ്.എന്‍ഡി.പിയും ഈഴവസമുദായവും തന്നെയാണ് നിര്‍ണ്ണായകമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിധി നിര്‍ണ്ണയിച്ചിട്ടുള്ളത് ഹിന്ദു വോട്ട് ബാങ്കാണ്. അതില്‍ പ്രമുഖസ്ഥാനം എസ്.എന്‍.ഡി.പിക്കും.
പുറമേക്ക് തള്ളിപ്പറയുമ്പോഴും സിപിഎം നേതൃത്വത്തിന് ഈ സത്യം അറിയാം. അതുകൊണ്ടാണ് ഒരു ഭാഗത്ത് വിമര്‍ശനം തുടരുമ്പോഴും സിപിഎം അനുനയത്തിനുള്ള സാധ്യതകള്‍ കൂടി തേടുന്നത്.1987 ല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎം ഉപയോഗിച്ചത് എസ്എന്‍ഡിപി പിന്തുണയാണ്. കെ.ആര് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയായിരുന്നു സിപിഎം പ്രചരണം. ഇത് തെക്കന്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കി. മുസ്ലിംലീഗും കൃസ്ത്യന്‍ സഭയും പാറപോലെ ഉറച്ചുനിന്ന് പിന്തുണച്ചിട്ടും യുഡിഎഫ് തോറ്റത് ഇക്കാരണത്താലാണ്.
പള്ളിയെ തള്ളിപ്പറഞ്ഞ,വന്നാല്‍ കൂടെക്കൂട്ടാമെന്നായിരുന്നു പി.ജെ ജോസഫിനോട് ഇ.എം.എസ് അന്നു പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം ഗൗരിയമ്മയെ തഴഞ്ഞ് നായനാരെ മുഖ്യമന്ത്രിയാക്കി. 96 ല്‍ എല്‍ഡിഎഫ് നൂറു സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതിനു പിന്നിലും എസ്.എന്‍.ഡി.പിയുടെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. വി.എസ് അച്യുതാനന്ദന്റെയും സുശീല ഗോപാലന്റെയും പേര് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചരണം. അച്യുതാനന്ദനെ മാരാരിക്കുളത്ത് പാര്‍ട്ടി തന്നെ തോല്‍പ്പിച്ചു. സുശീലാ ഗോപാലനെ മറികടന്ന് നായനാരെ വീണ്ടും മുഖ്യമന്ത്രിയുമാക്കി.
2006 ലും വി.എസിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കായിരുന്നു എസ്.എന്‍.ഡി.പിയുടെ പിന്തുണ. എന്നാല്‍ അധികാരം നേടിയപ്പോഴെല്ലാം സിപിഎം ഹിന്ദു സമുദായങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയും ന്യൂനപക്ഷ പ്രീണനത്തിന് തന്ത്രങ്ങള്‍ ഒരുക്കുകയുമായിരുന്നു. 82ലും 91ലും 2001ലും എല്‍.ഡി.എഫ് പരാജയപ്പെട്ടത് സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ മൂലമായിരുന്നു.
സംസ്ഥാനത്തെ മുസ്ലീം വോട്ട് ബാങ്കും കൃസ്ത്യന്‍ വോട്ട് ബാങ്കും കാല് നൂറ്റാണ്ടിലേറെയായി മാറ്റമില്ലാതെ യുഡിഎഫിനൊപ്പമാണ്. ഹിന്ദു വോട്ടുകള്‍ അധികമായി ലഭിക്കുന്ന സന്ദര്‍ഭങ്ങളിലാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള പ്രമുഖ ഹിന്ദു സംഘടനകള്‍ എല്‍.ഡി.എഫിനെ പിന്തുണച്ചപ്പോഴൊക്കെ ആ മുന്നണി വലിയ വിജയം നേടിയതാണ് ചരിത്രം.
എസ്.എന്‍ഡി.പി ഉള്‍പ്പെടെ പ്രബല ഹിന്ദു സാമുദായിക സംഘടനകള്‍ ഇരുമുന്നണികളേയും കയ്യൊഴിയുന്നതോടെ കേരള രാഷ്ട്രീയത്തില്‍ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന വിലയിരുത്തല്‍ ശക്തമാണ്. പുറമേക്ക് വെളളാപ്പളളിയെ തള്ളിപ്പറയുമ്പോഴും ഈ ഭീതി ഇരുമുന്നണികള്‍ക്കുമുണ്ട്. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, വി.എസ് അച്യുതാനന്ദന്, തുടങ്ങിയ മുതിര്‍ന്ന സിപിഎം നേതാക്കളും വി.എം സുധീരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വവും വെള്ളാപ്പള്ളിയെയും എസ്എന്‍ഡിപിയെയും തള്ളിപ്പറഞ്ഞ് ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു.
യോഗനേതൃത്വം ബിജെപിയോടടുക്കുന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പരിവര്‍ത്തനം സൃഷ്ടിക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് വെളളാപ്പളളി നടേശനെ ഇവര്‍ കടന്നാക്രമിക്കുന്നത്. എസ്.എന്‍.ഡി.പി യോഗവുമായുണ്ടായ പ്രശ്നത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായാണ് സിപിഎം പിബിയും വിലയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: