കൊല്ലം: കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുക്ത കേരളത്തിനായി പോരാടാന്‍ അമിത് ഷായുടെ ആഹ്വാനം. ബിജെപി ദേശീയ അധ്യക്ഷന്റെ ഓരോ വാക്കുകള്‍ക്കും കടലിരമ്പം പോലെ ഭാരത് മാതാ കീ ജയഘോഷവുമായി പതിനായിരങ്ങള്‍. ‘മോദിജിയുടെ നേതൃത്വത്തില്‍ കേരളത്തിലും സര്‍ക്കാര്‍ വരാന്‍ പോകുന്നു… നിങ്ങള്‍ക്ക് സമ്മതമാണോ’ എന്ന ചോദ്യത്തിനും ഉത്തരം അതേ കടലിരമ്പം. കൊല്ലത്തെ പീരങ്കി മൈതാനം തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി ബിജെപി സംഘടിപ്പിച്ച നവോത്ഥാനസംഗമത്തിലാണ് കേരളരാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ തുടക്കം കുറിക്കാനുള്ള ആഹ്വാനം മുഴങ്ങിയത്. മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അമിത്ഷാ വേദിയിലെത്തിയത്. ദൈവദശകത്തിന്റെ ആലാപനത്തിന് ശേഷമായിരുന്നു പ്രസംഗം.
വികസനത്തിന്റെ പട്ടികയില്‍ കേരളം ഏറ്റവും പിന്നാക്കം പോകാനുള്ള ഏക കാരണം ഇവിടെ ബിജെപി സര്‍ക്കാര്‍ ഉണ്ടാകാത്തതാണ്. വികസനത്തിനാവശ്യമായ മറ്റെല്ലാം ഇവിടെയുണ്ട്. നദികള്‍, വിഭവസമൃദ്ധമായ പ്രകൃതി, ഉദ്യമശാലികളായ ജനശക്തി, ബുദ്ധിശക്തിയുള്ള വിദ്യാര്‍ഥികള്‍… കുറവ് ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റേത് മാത്രമാണ്. വികസനത്തിനാവശ്യമുള്ള സമ്പത്ത് അത്രയും പാമോലിന്‍, സോളാര്‍ തുടങ്ങി എണ്ണമറ്റ അഴിമതികളിലൂടെ നേതാക്കളുടെ വീട്ടിലേക്കൊഴുകുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് അമിത്ഷാ പറഞ്ഞു.
നിരീശ്വരവാദം പറഞ്ഞു നടന്ന കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും നവരാത്രിയുമൊക്കെ ആഘോഷിക്കുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. ഇവിടുത്തെ ബിജെപി-സംഘ പ്രവര്‍ത്തകര്‍ അവര്‍ക്ക് നേര്‍വഴി കാട്ടിക്കൊടുത്തുവെന്നാണ് അതില്‍ നിന്ന് മനസ്സിലാക്കുന്നത്, ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: