ആലപ്പുഴ: നെല്ലുവില കിലോയ്ക്ക് രണ്ടു രൂപ കൂട്ടിയെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം. മുന്‍ വിലയായ 19.50 രൂപയ്ക്ക് മാത്രമെ നെല്ല് സംഭരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് സപ്ളൈകോ നിലപാട്.
രണ്ടു രൂപ കൂട്ടി 21.50 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ സംഭരിച്ച നെല്ലിന്റെ പണം പോലും ഇതുവരെ സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ കൂടിയ വിലയ്ക്ക് നെല്ല് സംഭരിക്കാനാകില്ലെന്ന് സപ്ളൈകോ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ നിലവില്‍ വന്‍ കടക്കെണിയിലാണ് സപ്ളൈകോ. കിലോയ്ക്ക് രണ്ടു രൂപ കൂട്ടി നല്കണമെങ്കില് 150 കോടി കൂടി സപ്ളൈകോ അധികമായി കണ്ടെത്തേണ്ടി വരും. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മുന്നൂറ് കോടി പോലും നല്‍കാതെ ധനവകുപ്പ് സപ്ളൈകോയെ കബളിപ്പിക്കുകയാണ്. 300 കോടി രൂപയുടെ നെല്ലാണു കഴിഞ്ഞതവണ സംഭരിച്ചത്. ഇതില്‍ 190 കോടി രൂപ ബാങ്കില്‍ നിന്നു വായ്പയെടുത്തു. തിരിച്ചടക്കാന്‍ സാധിച്ചത് 44 കോടി മാത്രമാണ്. ബാക്കിയുള്ളതിന്റെ പലിശ ഇപ്പോഴും സപ്ലൈകോ അടയ്ക്കുന്നു.
ബജറ്റില്‍ അനുവദിച്ച 300 കോടി രൂപ ഉടന്‍ കിട്ടിയില്ലെങ്കില്‍ സംഭരിച്ച നെല്ലിന്റെ വില യഥാസമയം കര്‍ഷകര്‍ക്ക് നല്കാന് സാധിക്കില്ല. ധനവകുപ്പിന്റെ അലംഭാവം കാരണം കര്‍ഷകരുടെ പഴികേള്‍ക്കുന്നത് സപ്ളൈകോയായിരിക്കും. ഇതിനിടെ സപ്ലൈകോയ്ക്കുവേണ്ടി കര്‍ഷകരില്‍ നിന്നു നെല്ലെടുത്തിരുന്ന സ്വകാര്യമില്ലുകള്‍ കമ്മീഷന് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചു പിന്മാറിയിരിക്കുകയാണ്. മില്ലുടമകള്‍ കര്‍ക്കശനിലപാട് തുടരുന്നതോടെ രണ്ടാംകൃഷിയിറക്കിയ പാടങ്ങളില്‍ കൊയ്തതും കൊയ്യാനുള്ളതുമായ നെല്ല് എന്ത് ചെയ്യുമെന്നറിയാതെ കര്‍ഷകര്‍ ആശങ്കയിലാണ്.
കുട്ടനാട്ടില്‍ തകഴി, എടത്വ പഞ്ചായത്തുകളില്‍പ്പെട്ട ചുങ്കം, ഇടച്ചുങ്കം, പോളയില്‍, കൊല്ലനാടി പാടശേഖരങ്ങളില്‍ വിളവെടുത്ത 300 ടണ്‍ നെല്ല് കഴിഞ്ഞ ഒരാഴ്ചയോളമായി പാടത്തു കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പത്തോളം പാടങ്ങളില്‍ വിളവെടുപ്പു നടക്കും. മഴ പെയ്യുന്ന സാഹചര്യത്തില്‍ പാടത്തോ പുറംബണ്ടിലോ നെല്ല് സൂക്ഷിച്ചുവയ്ക്കാനുള്ള യാതൊരു സംവിധാനവും ഇല്ല.
സപ്ലൈകോയുടെ ചുമതലയില്‍ സര്‍ക്കാര്‍ നെല്ലുസംഭരണം ആരംഭിച്ച 2005-06ല്‍ നല്കിയ കൈകാര്യച്ചെലവും ലോറി വാടകയും തന്നെയാണു പത്തു വര്‍ഷമായിട്ടും നല്‍കുന്നതെന്നും ഇതു വര്‍ദ്ധിപ്പിക്കണമെന്നുമാണ് മില്ലുകാരുടെ ആവശ്യം.
ഒരു ക്വിന്റല്‍ നെല്ലു സംഭരിച്ചു തിരികെ 68 കിലോ അരി കൊടുക്കുന്നതിനു കൈകാര്യച്ചെലവു കണക്കാക്കി 91.88 രൂപയും നെല്ലു സംഭരിക്കുന്നതിനും അരി പൊതുവിതരണ കേന്ദ്രത്തില്‍ എത്തിച്ചുകൊടുക്കുന്നതിനും ദൂരം കണക്കാക്കിയുള്ള ലോറി വാടകയുമാണു മില്ലുടമകള്‍ക്കു സപ്ലൈകോ നല്‍കുന്നത്.
പക്ഷേ, അധികച്ചെലവു താങ്ങാന്‍ കഴിയില്ലെന്ന് കേരള റൈസ്മില്‍ ഓണേഴ്സ് അസോസിയേഷന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: