കപില്‍ ദേവിനു ശേഷം സ്വിങ്ങറുകളും യോര്‍ക്കറുകളും നിരന്തരം വര്‍ഷിച്ച ഇന്ത്യന്‍ പേസറാണ് സഹീര്‍ ഖാന്. വിക്കറ്റിന് ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള സഹീറിന്റെ കഴിവ് എത്ര ലോകോത്തര ബാറ്റ്സ്മാന്മാരെയാണ് കുഴക്കിയത്. കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ ഈ ഇടംകൈയന്‍ പേസറുടെ ഏറ്റവും വലിയ സവിശേഷത. ഒരുകാലത്ത് പാക് ബൗളര്‍മാരുടെ വജ്രായുധമായിരുന്ന റിവേഴ്സ് സ്വിങ് അവര്‍ക്കു ശേഷം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ബൗളര്‍ കൂടിയാണ് സഹീര്‍.
പേസ് ബൗളിങ്ങിനെ സഹായിക്കുന്ന പിച്ചുകളില്‍ സഹീര്ഖാന് എതിരാളികള്‍ക്ക് എന്നും ഭീഷണി. സ്പിന്നര്‍മാരിലൂടെ മാത്രം കളി ജയിക്കുന്ന കാലത്താണ് സഹീര്‍ നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. എന്നാല്‍, കരിയറില്‍ പലപ്പോഴും വില്ലനായി വന്ന പരിക്ക് സഹീറിനെ അലട്ടി.
2000ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം. 2010ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ 87 റണ്‍സിന് ഏഴ് വിക്കറ്റ് പിഴുതത് മികച്ച പ്രകടനം. ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെന്ന നേട്ടം 11 തവണ സ്വന്തമാക്കി. പത്ത് വിക്കറ്റെന്ന നേട്ടം ഒരിക്കലും. 15 തവണ ഇന്നിങ്സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റ് ടീമില്‍ ഇടം നേടിയ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കാനായെങ്കിലും 2003, 2004 വര്‍ഷങ്ങളില്‍ പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നു. പിന്നീട് മടങ്ങിവന്നെങ്കിലും 2005-ല്‍ വീണ്ടും സ്ഥാനനഷ്ടം. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം. വീണ്ടും ദേശീയ ടീമിലേക്ക്. ഇങ്ങനെ അവിടെയും ഇവിടെയുമായി കഴിഞ്ഞ കരിയറില്‍ 2014 ഫെബ്രുവരിയില്‍ ന്യൂസീലാന്‍ഡിനെതിരെ അവസാന ടെസ്റ്റും കളിച്ചു.
2000ല്‍ കെനിയക്കെതിരെ ഏകദിന അരങ്ങേറ്റം. ഒരു കാലത്ത് സഹീര്‍-ശ്രീനാഥ്-ആശിഷ് നെഹ്റ സഖ്യമായിരുന്നു ഇന്ത്യന്‍ പേസ് ബൗളിങിനെ നിയന്ത്രിച്ചിരുന്നത്. 2003 ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചത് ഈ സഖ്യമായിരുന്നു. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാര്‍ സഹീറും ശ്രീനാഥുമാണ് (44 വിക്കറ്റ്). 2007-ല്‍ ശ്രീലങ്കക്കെതിരെ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തില്‍ മികച്ച പ്രകടനം. 2012 ആഗസ്റ്റ് നാലിന് പല്ലെക്കല്ലയില് ശ്രീലങ്കക്കെതിരെ അവസാന ഏകദിനം. 17 ട്വന്റി 20കളില്‍ 17 വിക്കറ്റുകളും ഇദ്ദേഹം നേടി.
ടെസ്റ്റ് ക്രിക്കറ്റില്‍ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് സഹീറിന്റെ പേരില്‍. 2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ നേടിയ 75 റണ്‍സ്. വിന്‍ഡീസ് പേസര്‍ ടിനോ ബെസ്റ്റ് ഇംഗ്ലണ്ടിനെതിരെ 2012 ജൂണില്‍ നേടിയ 95 റണ്‍സ് ഒന്നാമത്തെ പ്രകടനം. 2008-ല്‍ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായും സഹീര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: