തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിലെ ഒന്നാം സാക്ഷി കൂറുമാറിയത് ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ച് പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മൃദുസമീപനമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിജിപി ജേക്കബ് തോമസിനെ ആരും പന്ത് തട്ടുന്നില്ല. അദ്ദേഹത്തിന് ഉയര്‍ന്ന തസ്തിക നല്‍കിയത് താന്‍ ആഭ്യന്തര മന്ത്രിയായ ശേഷമാണ്. ജേക്കബ് തോമസിന്റെ സ്ഥലംമാറ്റം സ്വാഭാവികമാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവരാണ് ഉദ്യോഗസ്ഥര്‍. അത് നിറവേറ്റാതെ വരുമ്പോള്‍ നടപടി എടുക്കുന്നത് സാധാരണ സംഭവമാണെന്നും ചെന്നിത്തല വിശദീകരിച്ചു.
കേരളാ ഹൗസില്‍ പോലീസ് റെയ്ഡ് നടത്തിയത് അപലപനീയമാണ്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നതിന് മുന്‍പ് അനുമതി തേടണമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള അതൃപ്തി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: