കുട്ടിക്കുറ്റവാളികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാവുകയാണെന്നാണോ പൊതു ജനം മനസിലാക്കേണ്ടത്. ദല്‍ഹി പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത കുട്ടിക്കുറ്റവാളിയെ ഇനിയും തടവിലിടാന്‍ നിയമം അനുശാസിക്കുന്നില്ലെന്നു പറയുമ്പോള്‍ മറ്റെന്താണ് കരുതേണ്ടത്.
നിയമം തോല്ക്കുന്നു.കുറ്റവാളി രക്ഷപെടുന്നു. ഇര ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അവളിനി നിയമത്തെ ശല്യപ്പെടുത്തില്ല. പിന്നെ അവളുടെ കുടുംബത്തിന്റെ രോദനം. ആരതു കേള്‍ക്കാന്‍. കുറ്റവാളിയുടെ പൈശാചികതയെക്കാള് വലുതാകുകയാണോ തുരുമ്പിച്ച നിയമങ്ങളുടെ വാര്‍ധക്യ സഹജമായ രോഗാവസ്ഥ. നമ്മുടെ കോടതികളും നിയമങ്ങളും ഇരയെ ആവര്‍ത്തിച്ചു ശിക്ഷിക്കാതെ ശിക്ഷിക്കുകയും കുറ്റവാളികളെ പലപ്പോഴും നിയമപ്പഴുതിലൂടെ രക്ഷപെടുത്തുകയുമാണോ.
ലോകം നടുങ്ങി വേദനിച്ചതും ഭാരതം അപമാനിക്കപ്പെട്ടതുമായ നീച കൃത്യമാണ് കുട്ടിക്കുറ്റവാളിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചെകുത്താന് ചെയ്തത്. തന്റെ ക്രൂരതയ്ക്ക് അവന് അന്നു നിരത്തിയ വാദങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അത്രത്തോളം ചെറുത്തു നിന്നതു കൊണ്ടാണ് അത്ര ക്രൂരത കാട്ടിയതെന്ന്. കുട്ടിയായതുകൊണ്ട് തിരിച്ചറിവില്ലാതെ പറ്റിപ്പോയതാണ് അത്തരം ക്രൂരതയെന്നാണോ ഇനിയും അവനെ തടവിലിടാന്‍ നിയമമില്ലെന്നു പറയുന്ന കോടതി നമുക്കു പറഞ്ഞു തരുന്ന പാഠം.
കൊലപാതകം,ബലാല്‍സംഗം,രാജ്യദ്രോഹം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചെയ്താലും പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ശിക്ഷ ഇളവുചെയ്തു കൊടുക്കുമെന്ന പരസ്യമാണോ ഈ മോചനം. നിയമം അനുവദിക്കുന്നില്ലെന്നത് നിയമത്തിന്റെ ഇളവാണോ. കുട്ടികളാണെങ്കില്‍ എന്തു ക്രൂരതയ്ക്കും ഇളവുകിട്ടുമെന്നാണോ അതിന്റെ അര്‍ഥം. ഇതിതരം നിയമങ്ങള്‍ തല്ലിക്കൊഴിച്ച് പുതിയ നിയമങ്ങള്‍ നിര്മിക്കാനല്ലേ ഭരണകൂടവും കോടതികളും ഉള്ളത്.
കുറ്റവാളിയെ കോടതി മോചിപ്പിച്ചകാര്യം വായിക്കുമ്പോള്‍ അയാള്‍ ആരാന്റെ പറമ്പില്‍ മാങ്ങ എറിയാന്‍ പോയതിനുള്ള ശിക്ഷ കഴിഞ്ഞുള്ള വരവാണെന്നു തോന്നും. കുട്ടികള്‍ എന്തു തന്നെ കുറ്റം ചെയ്താലും ഇത്രയ്ക്കേയുള്ളൂവെന്നത് ക്രിമിനല്‍ വാസനയുള്ളവര്‍ക്ക് പ്രോത്സാഹനമല്ലേയെന്നു കൂട് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ഫോടനക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടയാളോടൊപ്പമാണ് ഇയാള്‍ ഒരു വര്‍ഷം ജുവൈനല്‍ ഹോമില്‍ കഴിഞ്ഞിരുന്നതെന്നതും ഭാവിയില്‍ അപകടശങ്കയുണ്ടാക്കുന്നതാണ്.
കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെ ഭാരതം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഇയാളുടെ മുഖം മാലോകര്‍ കാണാതിരിക്കാന്‍ ശരീരം മുഴുവന്‍ മറച്ചാണ് പോലീസ് പുറത്തേക്കു വിട്ടത്. ആരെങ്കിലും ആക്രമിച്ചേക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. ഒരു സമൂഹത്തിലും ജീവിക്കാന്‍ അര്ഹതയില്ലെന്നതുപോലെയാണ് സ്വന്തം ഗ്രാമം പോലും അയാളോട് അനുവര്‍ത്തിക്കുന്ന നയം. ക്രൂരനായ ഈ കുറ്റവാളിയുടെ പേരില്‍ ഗ്രാമത്തിലെ ജനങ്ങള്‍ തന്നെ രണ്ട് ഭാഗമായിക്കഴിഞ്ഞു. ഭാരതം മുഴുവന്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ കൊടുംക്രൂരതയ്ക്കുള്ള ഇളവ് പ്രായമാണോ എന്ന് പൊതുജനം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: