ദിസ് ഈസ് നോട്ട് എന്റ് ഓഫ് ദ ബുക്ക് എന്ന് ഉംമ്പര്‍ട്ടോ എക്കോയുടെ രചന മരിക്കാത്ത പുസ്തകത്തിന്റെ അനശ്വരതയെക്കുറിച്ചാണ്. വേദനയുണ്ട് ജീവിച്ച രാഹുല്‍ എന്ന കുട്ടി പുസ്തകം വായിച്ച് വേദന മറന്നതിനെക്കുറിച്ച് എംടി പറയുമ്പോള്‍ പുസ്തകം വലിയൊരു ജീവനൗഷധവുമായിത്തീരുകയാണ്. പുസ്തകായുസിന്റെ നിലയില്ലാക്കയമാണിതൊക്കെ. ഋതുഭേദമുലച്ചില് തട്ടിയാലും ആദി പാപം ഉണ്ടാകും മുന്‍പുള്ള നിഷ്ക്കളങ്ക മാനസം പോലെ പുസ്തകങ്ങളുടെ തുറവികള്‍ ജ്ഞാനത്തിന്റെ ശുദ്ധസ്ഫോടനം നടത്തിക്കൊണ്ടിരിക്കും.
വായനയുടെ ജാതകം വായനക്കാരന്റെ കാലികാഭിരുചിയാണ്. വൈവിധ്യവും വൈരുധ്യവും നിറഞ്ഞത്. ചിലപ്പോഴത് പ്രത്യക്ഷ വിപരീതവും പരോക്ഷ സാദൃശ്യവുമാകാം. ഓരോരോ തരംതിരിവു പോലെയാകാം. എന്നാലും കുറച്ചുകാലമായി വായനയുടെ തട്ടകത്തില്‍ ഇരിപ്പുറപ്പിച്ചു നില്ക്കുന്ന ചില പുസ്തകങ്ങളുണ്ട്. കെ.ആര് മീരയുടെ ആരാച്ചാര്‍, സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ബന്യാമിന്റെ ആടുജീവിതം, ടിഡി രാമകൃഷ്ണന്റെ ആണ്ടാള്‍ ദേവനായകി തുടങ്ങിയ നോവലുകള്‍ . വര്‍ഷങ്ങളായിട്ടും നല്ല വില്‍പ്പനയിലാണ്. മലയാള നോവല്‍ ചരിത്രത്തിലെ എക്കാലത്തേയും റെക്കോഡു വില്‍പ്പനയാണ് ആടുജീവിതത്തിന്. പ്രണയത്തിന്റെ നാനാവിധം ചഷകങ്ങളില്‍ തൂലിക മുക്കി എഴുതിയ മാധവിക്കുട്ടിയെക്കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന മലയാളം പരിഭാഷയ്ക്ക് വിപണി ഊറ്റം കൂടുതലാണ്. റണ്ടുമാസം കൊണ്ട് നാല് പതിപ്പിറങ്ങി. മനോജ് പുത്തൂരിന്റെ നിലം പൂത്തനാള്‍, ഷമിയുടെ നടവഴിയിലെ നേരുകള്‍,എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി,മാടമ്പിന്റെ പൂര്‍ണമിദം എന്നിവയും നോവല്‍ വിഭാഗത്തില്‍ വിപണി സൗഹൃദം തന്നെ. മരണത്തിന്റെ ദാര്‍ശനിക സൗന്ദര്യത്തെ അപരിചിത വഴികളിലൂടെ വെളിപ്പെടുത്തുന്നതാണ് മാടമ്പിന്റെ നോവലിനെ ശ്രദ്ധേയമാക്കുന്നത്. പഴമക്കാര്‍ പഴയതിലേക്കു തന്നെയായി പിന്തള്ളപ്പെടാതെ രംഗത്തുള്ളതിനു തെഴിവാണ് മുകുന്ദന്റെ ചോയിയുടെ വില്‍പ്പന. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്റെ രാവണന് എന്ന നോവല്‍ പരിഭാഷ വായനയുടെ വന്‍ കുതിപ്പാണെന്ന് പ്രസാധകര് പറയുന്നു.
ഇതിഹാസത്തിന്റെ അനവധി അടരുകളുള്ള പുനര്‍ വായനയാണ് ഈ കൃതി. ഒരു വിഭാഗത്തിന്റെയും ചേരിയില്പ്പെടാതെ പരപ്പിലാണ് പുസ്തക വിപണി. മുണ്ടൂര്‍ രാവുണ്ണിയുടെ തടവറയും പോരാട്ടവും പാര്‍വതി പവനന്റെ നിലയാക്കാത്ത ഓളങ്ങള്‍, ഹമീദ് ചേന്നമംഗലൂരിന്റെ പശുവിനെ രാഷ്ട്രീയ മൃഗമാക്കുമ്പോള്‍, കെ.ആര്.മീരയുടെ പെണ്‍പഞ്ചതന്ത്രം, ഡോ.കെ.രാജശേഖരന് നായരുടെ ഞാന്‍ തന്നെ സാക്ഷി, ഇന്നസന്റിന്റെ ക്യാന്സര്വാര്ഡ്എന്നിങ്ങനെ വായനക്കാരെ കീഴ്പ്പെടുത്തിയ ഒരുകൂട്ടം പുസ്തകങ്ങള്‍ വേറെയുമുണ്ട്. നോബല്‍ പുരസ്ക്കാരം നേടിയ മേദിയാനോയുടെ രചനകള്‍ക്കുള്‍പ്പെടെ ലോക ക്ളാസിക്കുകള്ക്കും വില്‍പ്പനയുണ്ട്.
പ്രമുഖരുടെ എന്തു ചവറും വില്‍പ്പനയില്‍ മാണിക്യമാകുമെന്ന പഴയ ധാരണയൊക്കെ തിരുത്തപ്പെട്ടു. ഭാവുകത്വം കാലികമായി പരിഷ്ക്കരിക്കാതെ പ്രസിദ്ധിയില്‍ മാത്രം കുത്തിപ്പിടിച്ചിരിക്കുന്ന ഇത്തരക്കാരെ കടന്നു പോകാന്‍ വാസനാ ബലമുള്ള ചില പുതിയ എഴുത്തുകാര്‍ക്കു കഴിയുന്നുണ്ട്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു അതു കുറെയൊക്കെ വിറ്റു പോകുന്നു എന്നതില്ക്കവിഞ്ഞു വലിയ അല്‍ഭുതമൊന്നും സംഭവിക്കുന്നില്ല. പക്ഷേ വായന മരിക്കുന്നു എന്നു പറയുന്ന മേനി പറച്ചിലാണ് മരിക്കുന്നതെന്നു കൂടി പറയേണ്ടി വരുന്നു. ലോകത്തോടു തട്ടിച്ചുനോക്കുമ്പോള്‍ ഒരു രംഗത്തും കനപ്പെട്ട രചനകളൊന്നും തന്നെ മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്നു തന്നെയാണ് പ്രസാധക മേഖലയിലുള്ളവര്‍ പറയുന്നത്. ഉണ്ടാകുന്നതാകട്ടെ അത്ര പുഷ്ടിയില്ലാത്ത ചില മുകുളങ്ങള്‍ മാത്രം. ഭാവനാ പ്രതിസന്ധി അത്രത്തോളമുള്ളവരാണ് നമ്മുടെ എഴുത്തുകാരെന്നു ചുരുക്കം. പുറം നാടുകളില്‍ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്നവരില്‍ നൂറിലൊന്ന് മലയാളത്തിലില്ലെന്നും പ്രസാധകര്. പുസ്തകങ്ങള്‍ വായനക്കാരെത്തേടി ഇറങ്ങണം. അതിന് എഴുത്തുകാര്‍ സ്വയം നവീകരിക്കണം. അപ്പോള്‍ വായനക്കാരും പരിഷ്കൃതരാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: