ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പോയവര്‍ഷം 25 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 27 വിദേശ യാത്രകളാണ് അദ്ദേഹം നടത്തിയത്. ഒരു ഭാരത പ്രധാനമന്ത്രി നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകളുടെ കാര്യത്തില്‍ ഇത് ചരിത്രമാണ്.
ഭാരതത്തിന്റെ വിദേശ നയത്തിലെ അസാധാരണമായ മാറ്റത്തിനും വേഗത്തിനും രാജ്യത്തിന്റെ വിവിധ തലത്തിലുള്ള നേട്ടങ്ങള്‍ക്കും സഹായകമായ ഈ യാത്രകളിലൂടെ സര്‍ക്കാരിന് ചെലവു വന്നത് വെറും 41.1 കോടി രൂപയും. അതേ സമയം സര്‍ക്കാരിന്റെ വിദേശ നയ നിലപാടുകളിലെ അസാധാരണവും അപൂര്‍വവുമായ നടപടികളിലൂടെ സാമ്പത്തിക, വാണിജ്യ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലുണ്ടായ നേട്ടം വമ്പിച്ചതാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
സീഷെല്‍സ്: മാര്‍ച്ച് 10,11 തീയതികളിലാണ് പ്രധാനമന്ത്രി സീഷെല്‍സില്‍ പോയത്. പ്രസിഡന്റ് ജെയിംസ് മിഖേലിനുമായി കൂടിക്കണ്ട് ഇന്ത്യന്‍ ഓഷ്യന്‍ ഔട്റീച്ച് പ്രോഗ്രാം എന്ന പദ്ധതിയുടെ ചര്‍ച്ചകള്‍ നടത്തി. തന്ത്രപ്രധാനമായ ഈ ദ്വീപില്‍ ഭാരതത്തിന്റെ റഡാറുകളും മറ്റ് ആശയ വിനിമയോപാധികള്‍ സ്ഥാപിക്കുന്നതിനുമായിരുന്നു ചര്‍ച്ചകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര ബന്ധവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.
മൗറീഷ്യസ്: മാര്‍ച്ച് 11 മുതല്‍ 13 വരെയായിരുന്നു അദ്ദേഹത്തിന്റെ മൗറീഷ്യസ് സന്ദര്‍ശനം. മാര്‍ച്ച് 12-ന് നടന്ന അവിടത്തെ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ മുഖ്യാതിഥിയായിരുന്നു മോദി. അവിടെ ഭാരതം നിര്‍മ്മിച്ച നാവിക കപ്പലിന്റെ കമ്മീഷനിങ് മോദി നിര്‍വഹിച്ചു.
ശ്രീലങ്ക: മാര്‍ച്ച് 13, 14 തീയതികളില്‍ പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദര്‍ശിച്ചു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട് 28 വര്‍ഷത്തിനു ശേഷം ഒരു ഭാരത പ്രധാനമന്ത്രി നടത്തുന്ന ലങ്കന്‍ സന്ദര്‍ശനമായിരുന്നു അത്. ലങ്കയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രി നടത്തി. ലങ്കയില്‍ തടവിലായിരുന്നു 86 മീന്‍പിടുത്ത തൊഴിലാളികളെ മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് ആ രാജ്യം മോചിപ്പിച്ചു.
സിങ്കപ്പൂര്‍: മാര്‍ച്ച് 29: സിങ്കപ്പൂരിന്റെ ആദ്യപ്രധാനമന്ത്രി ലീ കുവാന്‍ യ്യൂവിന്റെ അന്തിമസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാനാണ് മോദി പോയത്. അവിടെ ലോക നേതാക്കളില്‍ പലരുമായും, ഇസ്രായേല്‍ പ്രസിഡന്റിനെ ഉള്‍പ്പെടെ, കൂടിക്കാണുകയും ചെയ്തു.
ഫ്രാന്‍സ്: എപ്രില്‍ 9-12 : മേക്ക് ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സംസ്കാരണ കമ്പനികള്‍, ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം, ആണവോര്‍ജ്ജ സംവിധാനം എന്നിവയെ അതില്‍ പങ്കെടുപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബിസിനസ് ചര്‍ച്ചകളായിരുന്നു ലക്ഷ്യം.
ജര്‍മ്മനി: ഏപ്രില്‍ 12 മുതല്‍ 14 വരെ: ഹാന്നോവര്‍ മെസ്സെ ബിസിനസ് ഫെയറില്‍ ഭാരതത്തെ അവതരിപ്പിക്കാനാണ് മോസി നേരിട്ട് ജര്‍മ്മനി സന്ദര്‍ശിച്ചത്. വമ്പന്‍ വിജയമായിരുന്ന പദ്ധതിക്കിടെ ഹാന്നോവറില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനച്ഛാദനം ചെയ്യുകയും ചെയ്തു.
ക്യാനഡ: ഏപ്രില്‍ 14 മുതല്‍ 16 വരെ: ഭാരത-ക്യാനഡ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദി ക്യാനഡ സന്ദര്‍ശിച്ചത്. വ്യോമശാസ്ത്രം, പ്രതിരോധം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ഖനനം, അടിസ്ഥാനസൗകര്യ വികസനം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. അവിടെ ഭാരതവംശജരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ലക്ഷ്മി നാരായണ്‍ ക്ഷേത്രവും ഗുരുദ്വാരയും അന്ദര്ശിച്ചു.
ചൈന: മെയ് 14 മുതല്‍ 16 വരെ: ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍, വ്യാപാര ബന്ധം, വിസ ബന്ധം, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചാ വിഷയമായി.
മംഗോളിയ: മെയ് 16,17: മെയ് 17-ലെ ഗ്രേറ്റ് ഖുരാല് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. അവിടെ വിവിധ സ്ഥാപനങ്ങള്‍ സമാരംഭിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി ഒരുകോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തികസഹായം പഖ്യാപിച്ചു.
ദക്ഷിണ കൊറിയ: മെയ് 18,19: സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളുമായി ഏഴു കരാര്‍ ഒപ്പിട്ടു.
ബംഗ്ലാദേശ്: ജൂണ്‍ 6, 7: 1974 -ല്‍ തീരുമാനമായ ധാരണ പ്രകാരം അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാറുണ്ടാക്കി.
ഉസ്ബെക്കിസ്ഥാന്: ജൂലൈ 6: സാംസ്കാരിക ടൂറിസത്തിന് ഉള്‍പ്പെടെ ഇരു രാജ്യങ്ങളുമായി മൂന്നു മുഖ്യ കരാര്‍ ഉണ്ടാക്കി.
കസാക്കിസ്ഥാന്‍: ജൂലൈ 7: ഇരു രാജ്യങ്ങളും സംയുക്തമായി ഭീകരതയെ നേരിടുന്നതു സംബന്ധിച്ച കരാറുകള്‍ ഒപ്പുവെച്ചു.
റഷ്യ: ജൂലൈ എട്ടുമുതല്‍ 10 വരെ: ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയിലും സമ്മേളിച്ചു.
തുര്‍ക്മെനിസ്ഥാന്‍: ജൂലൈ 10,11: ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിനു സംയുക്ത കരാറുണ്ടാക്കി. പത്തുകോടി ഡോളറിന്റെ തപി പ്രോജക്ട് നടപ്പാക്കാന്‍ ധാരണ.
കിര്‍ഗിസ്ഥാന്‍: ജൂലൈ 12: രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നാലു കരാറുകള്‍ ഉണ്ടാക്കി.
താജിക്കിസ്ഥാന്‍: ജൂലൈ 12, 13: ദുഷാന്‍ബെയില്‍ മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ പ്രതിമ അനച്ഛാദനം ചെയ്തു. ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തി.
യുഎഇ: ആഗസ്റ്റ് 16,17: അറബ് രാജ്യങ്ങളിലെ പ്രവാസി ഭാരതീയരുമായി സമ്പര്ക്കത്തിനവസരം ഉണ്ടാക്കി. രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജ-വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ധാരണകളുണ്ടാക്കി. ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രിയാണ് മോദി.
അയര്‍ലാണ്ട്: സെപ്തംബര്‍ 23: 59 വര്‍ഷത്തിനിടെ ആദ്യമായി ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി. മൗലികവാദം, ഭീകരവാദം ഉള്‍പ്പെടെ രാജ്യങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഭാരത സ്ഥിരാംഗത്വത്തിന് പിന്തുണ നേടി.
അമേരിക്ക: സെപ്തംബര്‍ 24 മുതല്‍ 30 വരെ: യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യ ലക്ഷ്യം. സിലിക്കണ്‍ വാലിയില്‍ പ്രവാസി ഭാരതുയരുടെ വന്‍ സമ്മേളത്തെയും അഭിസംബോധന ചെയ്തു.
ബ്രിട്ടണ്: നവംബര്‍ 12 മുതല്‍ 14വരെ: ബ്രിട്ടണുമായി ഒമ്പതു മില്യണ്‍ പൗണ്ടിന്റെ സിവില്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടു. പ്രതിരോധം, സൈബര്‍ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.
തുര്‍ക്കി: നവംബര്‍ 15,16: ആഗോള സമ്പദ് വ്യവസ്ഥ സംബന്ധിച്ച ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തു. വികസനം, വളര്‍ച്ച, കാലാവസ്ഥാ മാറ്റം, നിക്ഷേപം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
മലേഷ്യ: നവംബര്‍ 21,22: ആസിയാന്‍, ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുത്തു. ആയുര്‍വേദം, പ്രതിരോധം എന്നീ മേഖലകളില്‍ ചര്‍ച്ച നടത്തി.
സിങ്കപ്പൂര്‍: നവംബര്‍ 23 മുതല്‍ 25 വരെ: ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വര്‍ഷാഘോഷത്തില്‍ പങ്കെടുത്തു. ഭാരത-സിങ്കപ്പൂര്‍ തന്ത്രപരമായ പങ്കാളിത്തക്കരാറില്‍ ഒപ്പുവെച്ചു.
ഫ്രാന്‍സ്: നവംബര്‍ 30, ഡിസംബര്‍ ഒന്ന്: പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുത്ത് ഭാരത നിലപാടു പ്രഖ്യാപിച്ച് അംഗീകരിപ്പിച്ചു.
റഷ്യ: ഡിസംബര്‍ 23, 24: ഭാരത-റഷ്യാ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്തു. സാമ്പത്തിക മേഖലയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ദുരൂഹമായ തിരോധാനത്തിന്റെ രഹസ്യ രേഖകള്‍ ഭാരതത്തിനു ലഭ്യമാക്കി.
അഫ്ഗാനിസ്ഥാന്: ഡിസംബര്‍ 25: ഭാരതം നിര്‍മ്മിച്ചുകൊടുത്ത അഫ്ഗാന് പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാക്കിസ്ഥാന്: പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: