കളിക്കളത്തിലെ പോരാട്ടമികവിനെക്കാള് കളത്തിനു പുറത്തുള്ള വിവാദങ്ങള്‍ നിറഞ്ഞുകളിച്ച കായിക വര്‍ഷമാണ് കടന്നുപോകുന്നത്. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പിടിപ്പുകേടും അഴിമതിയുമായിരുന്നു വര്‍ഷാദ്യം നിറഞ്ഞുനിന്നതെങ്കില്‍ ദേശീയ സ്കൂള്‍ കായികമേളയുടെ ആതിഥേയത്വം സംബന്ധിച്ച അനിശ്ചിതത്വമാണ് വര്‍ഷാന്ത്യത്തില്‍ കായിക പേജുകളെ അപഹരിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയോടെ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസ് കാശ് അടിച്ചുമാറ്റുന്ന മേളയക്കിമാറ്റി. സിബിഐ അന്വേഷണത്തില്‍ വരെ കാര്യങ്ങള്‍ എത്തി.
സ്കൂള്‍ കായികമേള മഹാരാഷ്ട്രയില്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. അവര്‍ അസൗകര്യം അറിയിച്ചപ്പോള്‍ കേരളം സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, പീന്നീട് പിന്‍വാങ്ങി. ഇതിനെതിരെ പി.ടി. ഉഷ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ രംഗത്തെത്തി. കേന്ദ്രം സാമ്പത്തിക സഹായം ഉള്‍പ്പെടെ അനുകൂല നിലപാട് എടുത്തു, ഒടുവില്‍ മേള കോഴിക്കോട് നടത്താന്‍ തീരുമാനിച്ചു.
ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ വിവാദങ്ങളില്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2015. അധ്യക്ഷനായി അഞ്ചാം വട്ടം തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാറ്റര്‍ അഞ്ചാം നാളില്‍ രാജിവെച്ചതും വാര്‍ത്തയായി. അഴിമതി കേസില്‍ സെപ് ബ്ലാറ്റര്‍ക്കും യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി യുവേഫയുടെ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും എട്ടുവര്‍ഷം ഫിഫ സദാചാര സമിതി വിലക്കര്പ്പെടുത്തിയതിലെത്തി വര്‍ഷാവസാനം കാര്യങ്ങള്‍.
വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി (വാഡ) നടത്തിയ പരിശോധനയില്‍ 800 കായിക താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ച് പ്രതിസ്ഥാനത്തെത്തി. ഇവരില്‍ നാല്‍പ്പത് പേര് ഇന്ത്യന്‍ അത്ലറ്റുകള്. 415 റഷ്യക്കാര്‍. ഉക്രെയ്ന്, മൊറോക്കൊ, സ്പെയ്ന്‍, കെനിയ, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പിന്നാലെ. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് 28 താരങ്ങളെ സസ്പെന്‍ഡ് ചെയ്തു.
അഴിമതിക്കെതിരായ വിധി ഐപിഎല്ലിലെ രണ്ട് വമ്പന്‍ ടീമുകളെ കടപുഴക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകളാണ് സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ വിധിയില്‍ രണ്ട് വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ടത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
അഴിമതി മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് കേരളത്തിന്റെ കായിക കുതിപ്പിന് ആക്കം കൂട്ടുന്നതായി. മികച്ച പ്രകടനത്തോടെ ആതിഥേയര്‍ രണ്ടാം സ്ഥാനക്കാരായി. ആറ് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം എട്ട് മെഡല്‍നേടിയ മലയാളി നീന്തല്‍ താരം സാജന്പ്രാകശ് ഗെയിംസിലെ താരമായി. ദേശീയ സ്കൂള്‍ മീറ്റില്‍ തുടര്‍ച്ചയായ 18-ാം തവണയും കിരീടം നേടാനായതും കായിക കേരളത്തിന്റെ നേട്ടങ്ങളില്പെടുത്താം
ടെന്നീസ് കോര്‍ട്ടില്‍ സാനിയയുടെ വര്‍ഷമായിരുന്നു. വിബിംള്‍ഡണ്‍, യുഎസ് ഓപ്പണ്‍ തുടങ്ങിയ രണ്ട് ഗ്രാന്‍ഡ് സ്ലാമുകള്‍ ഉള്‍പ്പെടെ പത്ത് കിരീടങ്ങളാണ് സാനിയയും കൂട്ടുകാരി സ്വിസ് താരം മാര്‍ട്ടിന ഹിംഗിന്സും ചേര്‍ന്നു സ്വന്തമാക്കിയത്. ഡബിള്‍സില്‍ ഹിംഗിന്സിനൊപ്പം ചേര്‍ന്ന് ഇക്കുറി ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി.
പ്രായത്തെ കീഴടക്കുന്ന പോരാട്ടവുമായാണ് ലിയാന്‍ഡര്‍ പേസ് ടെന്നീസ് കോര്‍ട്ടില്‍ തിമിര്‍ത്തു കളിച്ചത്. യുവതാരങ്ങളെ നിഷ്ഭ്രമമാക്കുന്ന പ്രകടനവുമായി പേസ് കോര്‍ട്ടില്‍ കത്തിക്കയറി. സ്വിസ് പങ്കാളി മാര്‍ട്ടിന ഹിംഗിന്സുമൊത്ത് മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് പേസ് സ്വന്തമാക്കിയത്.
ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മിന്നും പ്രകടനത്തിലൂടെ സൈന നെഹ്വാള് തിളങ്ങി. രണ്ട് കിരീടങ്ങളാണ് സൈന ഈ വര്‍ഷം മൈതാനത്ത് നിന്ന് നേടിയത്. സയിദ് മോദി ഗ്രാന്‍ഡ് പ്രിക്സ് ഗോള്‍ഡും, ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് കിരീടവും. വര്‍ഷാവസാനം കാലിനേറ്റ പരുക്കുമൂലം ഹോങ്കോങ്ങ് ഓപ്പണ്‍ സീരിസില്‍ നിന്ന് സൈനയ്ക്ക് പിന്മാറേണ്ടി വന്നു.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ അപ്രതീക്ഷിത കുതിപ്പിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. മലേഷ്യയിലെ അസ്ലന് ഷാ കപ്പിലെ മൂന്നാം സ്ഥാനവും ബെല്‍ജിയത്തില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലിലെ നാലാം സ്ഥാനവും എടുത്തുപറയേണ്ടതാണ്. വനിതാ ടീം ഇക്കുറി റിയോ ഒളിംപിക്സിനുള്ള യോഗ്യത നേടി. 1980 ന് ശേഷം ആദ്യമായാണ് വനിതാ ടീം ഈ നേട്ടം സ്വന്തമാക്കുന്നത്.
ക്രിക്കറ്റില്‍ ആസ്ട്രേലിയ ആതിഥേയരായ ന്യൂസിലാന്റിനെ തോല്‍പ്പിച്ച് കിരീടം ചൂടുന്നതിന്റെ ആവേശത്തിലാണ് കായികവര്‍ഷം പിറന്നത്. വീരേന്ദ്ര സെവാഗ്, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, സഹീര്ഖാന്, മൈക്കല്‍ കഌര്‍ക്ക് എന്നീ അന്താരാഷ്ട്ര താരങ്ങള്‍ ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞതും പോയവര്‍ഷമാണ്. ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ ആസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ദുരന്തമായതും 2015ല്‍തന്നെ. ഐപിഎല്‍ വാതുവെപ്പ്കേസില് മലയാളിതാരം ശ്രീശാന്ത് അടക്കമുള്ളവരെ കോടതി കുറ്റമുക്തനാക്കിയതും പോയവര്‍ഷംതന്നെ.
കോപ്പ അമേരിക്ക കപ്പ് അര്‍ജന്റീനയെ തോല്‍പ്പിച്ച് ചിലി നേടിയത് ഫുട്ബോളിലെ ആവേശമായി. വനിതാ ലോകകപ്പ് അമേരിക്കയും അണ്ടര്‍ 20 ലോകകപ്പ് സെര്‍ബിയയും നേടിയപ്പോള്‍ ഫുട്ബോള്‍ സങ്കല്പം മാറുന്നതായി.അത്ലറ്റിക്സില് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ രാജ്യം ലോകചാമ്പ്യന്മാരാകുന്നതിനും പോയവര്‍ഷം സാക്ഷ്യം വഹിച്ചു. കെനിയയായിരുന്നു ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാര്. ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് പ്രഫഷനല്‍ ബോക്സിങ്ങിലേക്ക് കൂടുമാറി. മൂന്ന് മത്സരങ്ങളില്‍ മൂന്ന് നോക്കൗട്ട് വിജയവുമായി കരുത്ത് കാട്ടി വിജേന്ദര്‍.
ഇന്ത്യന്‍ അമ്പെയ്ത്തിനെ ലോകശ്രദ്ധയിലെത്തിച്ച താരമാണ് ദീപിക കുമാരി. വനിതാ വിഭാഗം റീകര്‍വ് ഇനത്തില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും വനിതാ ടീം ഇനത്തില്‍ വെള്ളിയും സ്വന്തമാക്കിയാണ് ദീപിക റിയോ ഒളിംപിക്സില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: