തിരുവനന്തപുരം: അസഹിഷ്ണുത എന്നത് ഭാരതത്തില്‍ ഇല്ലെന്നും ലോകത്ത് വിസ്മയകരമായ രീതിയില്‍ സഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും വയലിനിസ്റ്റ് ഡോ.എല്‍ സുബ്രമണ്യം. ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുത ഇവിടെയുണ്ടെന്ന് തനിക്ക് അഭിപ്രായമില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവായി കാണുന്നത് ശരിയല്ല. പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന നാടാണ് ഭാരതം. വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഇവിടെ കഴിയുന്നു. വ്യത്യസ്തമായ കലാസാംസ്കാരിക പാരമ്പര്യവും ഇവിടെയുണ്ട്. ചില രാജ്യങ്ങളില്‍ ഫോട്ടോ എടുക്കാനോ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാനോ കലാകാരന്മാര്ക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാത്ത സാഹചര്യമുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഭാരതത്തിന്റെ മഹത്തായ സഹിഷ്ണുതയുടെ വില മനസ്സിലാവുക.
സിനിമാനടന് അമിര്‍ ഖാന്റെ വിവാദമായ അഭിപ്രായപ്രകടനെത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു മറുപടി. ഓരോരുത്തരും സ്വന്തം നിലപാടാണ് വ്യക്തമാക്കുന്നത്. അത് പൊതുവായിട്ടുള്ള അഭിപ്രായമല്ല, അവരവരുടെ സ്വന്തം അഭിപ്രായം മാത്രമാണ്. അസഹിഷ്ണുതയെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കുകയാണ് ഉത്തമമെന്നും സുബ്രഹ്മണ്യം പറഞ്ഞു.
കലകളുമായി ഇഴുകിച്ചേര്‍ന്ന മണ്ണാണ് കേരളത്തിന്റേത്. രാജാ രവിവര്‍മ്മയുടെയും സ്വാതി തിരുനാളിന്റെയും നാടാണ് കേരളം. എല്ലാ വീട്ടിലും പാട്ടുപാടുന്നവരോ വരയ്ക്കുന്നവരോ ഉണ്ടാകും. വ്യത്യസ്ത കലാരൂപങ്ങളുടെ സംഗമസ്ഥാനമാണ് ഓരോ ഗ്രാമവും. സമൃദ്ധമായ ഈ കലാപാരമ്പര്യമാണ് കേരളത്തിന്റെ സവിഷേശത. സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബല്‍ മ്യൂസിക് ഫൗണ്ടേഷന് എന്ന സംഘടനയ്ക്കു രൂപംനല്കി നേതൃത്വം നല്കുന്നു. എല്ലാ വര്‍ഷവും ലക്ഷ്മി നാരായണ ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നല്‍കുന്നുണ്ട്. തന്റെ പുതിയ സംഗീത ആല്‍ബമായ ‘എല്‍എസ് എല്‍എസ്’ പ്രകാശനം ചെയ്തത് കേരളത്തില്‍ വച്ചാണ്. കഠിന പ്രയത്നത്തിലൂടെ പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തില്‍ നൂറ്ശതമാനം കലാസാംസ്കാരിക സാക്ഷരത സ്വന്തമാക്കുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും സുബ്രമണ്യം പറഞ്ഞു.
എസ്ബിടി സംഘടിപ്പിച്ച സംസ്കാരിക പരിപാടിയില്‍ സംഗീത സന്ധ്യ അവതരിപ്പിക്കാനായിരുന്നു സുബ്രഹ്മണ്യം തലസ്ഥാനത്ത് എത്തിയത്. അദ്ദേഹത്തിന്റെ പത്നിയും ഗായികയുമായ കവിത സുബ്രമണ്യം, ഹങ്കേറിയന്‍ വയലിസ്റ്റുകളായ റോബി ലെക്കട്ടോസ്, ജെനോ ലിസ്റ്റേഴ്സ്, എസ്.ബി.ടി എം.ഡി ജീവന് ദാസ് നാരായണന്, ആദി കേശവന് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: