മലയാള സിനിമയുടെ മുന്നേറ്റത്തിനു ചക്രം തിരിച്ച നിര്‍മാതാക്കളില്‍ എം.ഒ.ജോസഫിന്റെ പേര് ചരിത്രത്തിന്റെ കൂടെയാണ്. ചില ബാനറുകളുടെ നെറ്റിപ്പട്ടം കെട്ടിയാണ് മലയാള സിനിമ ഒരുകാലത്ത് തലപ്പൊക്കം കാട്ടിയത്. പഴയ തലമുറയ്ക്കു സിനിമ അന്ന് അത്തരം ബാനറുകളുടേയും കൂടിയായിരുന്നു. എം.ഒ.ജോസഫും മഞ്ഞിലാസും അങ്ങനെ മലയാള സിനിമയുടേയും ഒപ്പമായി. ജോസഫ് യാത്രയാകുമ്പോഴും പക്ഷേ,മഞ്ഞിലാസ് മരിക്കുന്നില്ല.
ബാങ്കുദ്യോഗസ്ഥനാകാന് മോഹിച്ച് വഴിതെറ്റി വന്ന് സിനിമയെ നേര്വഴിയാക്കുകയായിരുന്നു ജോസഫ്. നിര്‍മ്മാതാവ് ടി.ഇ.വാസുദേവന്റെ കൂട്ടു സംരംഭമായ അമ്മയുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ 1951ല്‍ മദിരാശിയിലേക്കു വണ്ടി കയറി അതിന്റെ ഓഫീസ് കാര്യങ്ങള്‍ നോക്കിയതാണ് സിനിമയില്‍ അദ്ദേഹത്തിന്റെ തുടക്കം.
മലയാള സിനിമയുടെ ആദ്യകാല ചരിത്രവും ഹിറ്റുകളുമായ ആശാദീപം,സ്നേഹസീമ,നായരു പിടിച്ച പുലിവാല്,ജ്ഞാനസുന്ദരി എന്നിവയുടെ ചീഫ് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായിരുന്നു. സ്വന്തമായി പണം സ്വരൂപിച്ച് കൊല്ലത്തുകാരന് ബാത്താസാറുമായി ചേര്‍ന്ന് 67ല്‍ നവയുഗത്തിന്റെ പേരിലെടുത്ത നാടന്‍ പെണ്ണായിരുന്നു ആദ്യചിത്രം. പ്രമുഖരായ സത്യന്,നസീര്‍,ജയഭാരതി,ഷീല,അടൂര്‍ ഭാസി,തിക്കുറിശി,ബഹദൂര്‍ നടിച്ച് സേതുമാധവന് സംവിധാനം ചെയ്തു. രണ്ടാമത്തെ ചിത്രം തോക്കുകള്‍ കഥ പറയുന്നു സംവിധാനവും സേതുമാധവനായിരുന്നു. ഇരു ചിത്രങ്ങളും സാമ്പത്തിക വിജയമാകാത്തതിനാല്‍ കുറെക്കൂടി മികച്ച പ്രമേയമെന്ന ചിന്തയുമായി.
ജോസഫിനും മലയാള സിനിമയ്ക്കും മികവിന്റേയും വിജയത്തിന്റേയും പച്ചപ്പു പടര്‍ന്ന വര്‍ഷങ്ങളുടെ വരവായിരുന്നു പിന്നെ. മഞ്ഞിലാസ് എന്ന പ്രൊഡക്ഷന്‍ ബാനര്‍. ജീവിത ഗൗരവവും സാമൂഹ്യപശ്ചാത്തലവും പിരിച്ചെടുത്ത ഔരുകൂട്ടം ചിത്രങ്ങള്‍.
സേതുമാധവന്റെ സംവിധാന മുദ്രയില്‍ തന്നെ യക്ഷി എന്ന ആദ്യ സിനിമയുടെ സൂപ്പര്‍ വിജയം. അങ്ങനെ മഞ്ഞിലാസ് മലയാള സിനിമയെ വാരിപ്പിടിക്കുന്നു. പണവും മികവും ഒരു പോലെ വാരിക്കൂട്ടിയ അടിമകള്‍, കടല്‍പ്പാലം, വാഴ്വേമായം, അരനാഴിനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ദേവി, പുനര്ജന്മം, കലിയുഗം, ചട്ടക്കാരി, മക്കള്‍, ചുവന്ന സന്ധ്യകള്‍ തുടങ്ങിയ സേതുമാധവന് ചിത്രങ്ങള്‍.
സത്യന്റെ ഭാവാഭിനയ തീവ്രത, നസീര്‍, ഭാസി, കൊട്ടാരക്കര, ബഹദൂര്‍, ഷീല, ജയഭാരതി എന്നിവരുടെ മികച്ച സാന്നിധ്യം, ശക്തമായ തിരക്കഥ, ഗാന രചന, സംഗീതം, ആലാപനം തുടങ്ങിയവയുടെ അനവധി ഗുണ സമൃതിയുണ്ടായിരുന്ന ഈ ചിത്രങ്ങള്‍ക്ക്. പെന്നി, മിസി, അഗ്നി നക്ഷത്രം, ഗുരുവായൂര്‍ കേശവന്, അണിയറ, പറങ്കിമല, ഈണം, ഞാന്‍ഞാന്‍ മാത്രം, ഇവര്‍, ഏഴുനിറങ്ങള്‍ തുടങ്ങിയ മഞ്ഞിലാസ് സിനിമകള്‍ അവയുടെ എല്ലാവിധ മേഖലകളിലും മേന്മയ്ക്കുള്ള അവാര്‍ഡുകള്‍ വാരിപ്പിടിച്ചിട്ടുണ്ട്. അന്നത്തേയും ഇന്നത്തേയും പല പ്രതിഭകളും മാറ്റുരച്ചത് മഞ്ഞിലാസിലൂടെയാണ്.
മലയാള സിനിമയുടെ നാള് വഴികളില്‍ മികവിന്റെ സൗന്ദര്യശാസ്ത്രവും നിലനില്‍പ്പിന്റെ വ്യാകരണവും റഞ്ഞു തരുന്നതാണ് എം.ഒ.ജോസഫിന്റെ പ്രസക്തി. സിനിമയുടെ എല്ലാ മേഖലകളിലും സര്‍ഗാത്മകമായി ഇടപെട്ടു കൊണ്ടാണ് അദ്ദേഹം ഈ വിജയം നേടിയത്. ജോസഫറിയാത്ത ഒരു ഷോട്ടു പോലും ഉണ്ടായിരുന്നില്ല മഞ്ഞിലാസ് ചിത്രങ്ങളില്‍.
നിര്‍മാതാവിന്റെ ചിലവില്‍ മലമൂത്ര വിസര്‍ജനങ്ങള്‍ പോലും നടത്തുകയും മേന്മയുടേയും സ്വാതന്ത്ര്യത്തിന്റെയും ചപ്പടാച്ചികള്‍ പറഞ്ഞ് അദ്ദേഹത്തെ പുറംകാലിനടിക്കുകയും ചെയ്യുന്ന സമകാലിക സിനിമാ നെറിവുകേടിനു ബദല്‍ പാഠമാണ് ഈ നിര്‍മാതാവ്. അതുകൊണ്ടാണ് മഞ്ഞിലാസ് മലയാള സിനിമയുടെ മറുപേരാകുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: