ന്യൂദല്‍ഹി: കേരളത്തിലെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ശബരിമലയെയും ഗുരുവായൂരിനെയും കേന്ദ്രടൂറിസം വകുപ്പിന്റെ ‘പ്രസാദ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രാലയം ജന്മഭൂമിയെ അറിയിച്ചു. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തെ നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയെയും ഗുരുവായൂരിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനായി കേന്ദ്രടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉടന്‍ ശബരിമലയില്‍ സന്ദര്‍ശനവും നടത്തും.
കേരളത്തിലെ മൂന്ന് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് പുറമേ അജ്മീര്‍, അമൃതസര്‍, അമരാവതി, ദ്വാരക, ഗയ, കാമാക്യ, കാഞ്ചീപുരം, കേദാര്‍നാഥ്, മഥുര, പാട്ന, പുരി, വാരണാസി, വേളാങ്കണ്ണി എന്നീ നഗരങ്ങളാണ് പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തീര്‍ത്ഥാടന നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസഹായം അനുവദിക്കുന്ന പദ്ധതിയാണ് പ്രസാദ് (പില്‍ഗ്രിമേജ് റിജുവിനേഷന്‍ ആന്റ് സ്പിരിച്വാലിറ്റി ഓഗ്മെന്റേഷന് ഡ്രൈവ്). 100 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മയുടെ കേരള സന്ദര്‍ശന വേളയിലും പാര്‍ലമെന്റിലും പ്രസാദ് പദ്ധതിയില്‍ കൂടുതല്‍ കേരളതീര്ത്ഥാടക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. തീര്‍ത്ഥാടക കേന്ദ്രങ്ങളിലെ തൊഴില്‍ സാധ്യതകളും സാമ്പത്തിക വികസനവും ലക്ഷ്യമിടുന്നതാണ് പ്രസാദ് പദ്ധതി. തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ വികസനത്തിനൊപ്പം ദരിദ്രരുടെ ഉന്നമനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ലോകോത്തര നിലവാരത്തിലുള്ള മതകേന്ദ്രങ്ങളായി വികസിപ്പിക്കുക, പ്രദേശവാസികള്‍ക്ക് ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുക, പ്രാദേശിക കലകള്‍, കരകൗശല വസ്തുകള്‍ തുടങ്ങിയവയുടെ വികസനം എന്നിവയും പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: