കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്ബുക്കിലും ചാനലുകളിലും എന്ന് വേണ്ട പൊതുനിരത്തുകളില്‍ പോലും വലിയ ചര്‍ച്ചാവിഷയമാണല്ലോ ശബരിമലയിലെ സ്ത്രീപ്രവേശനം. നിലവിലെ രീതി അനുസരിച്ച് പത്തിനും അന്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമില്ലല്ലോ. പലരും പല കാരണങ്ങളും വാദങ്ങളും ഉന്നയിക്കുന്നതും കണ്ടു. ഈ വിഷയത്തെക്കുറിച്ച് എന്റെ അഭിപ്രായം ഇവിടെ കുറിക്കുന്നു.
ശബരിമലയിലെ അയ്യപ്പക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് ചരിത്രപരമായി അധികം അറിവില്ല. ഭൂതനാഥോപാഖ്യാനം പോലുള്ള ചില കൃതികള്‍ അടിസ്ഥാനമാക്കിയാണ് ഐതിഹ്യത്തിന്റെ പിന്തുണയോട് കൂടി ഇപ്പോള്‍ നമ്മള് അയ്യപ്പക്ഷേത്രത്തിന്റെ ചരിത്രം മനസില്ലാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ശബരിമലയെയും അയ്യപ്പക്ഷേത്രത്തെയും രണ്ടു ദിശകളില്‍ സമീപിച്ചു നോക്കിയാല്‍ അവിടുത്തെ ആചാരങ്ങള്‍ക്ക് അടിസ്ഥാനം ഉണ്ടാകുമോ എന്ന് അന്വേഷിച്ചു നോക്കാം.
അയ്യപ്പക്ഷേത്രം ഉണ്ടാകുന്നതിനും വളരേ മുന്‍പ് തന്നെ ശബരിമലയും പമ്പാതീരവും കാനനവും അവിടെയുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലലോ. ഈ പ്രദേശത്തിന്റെ പൗരാണികമായ ഒരു വിശദീകരണം വാല്മീകിരാമായണത്തില് കാണാം. വൃദ്ധയും സിദ്ധയുമായ ശബരി എന്ന തപസ്വിനി പരിചരിച്ചിരുന്ന മതംഗമുനിയുടെയും ശിഷ്യരുടെയും ആശ്രമസ്ഥാനമായിരുന്നു ഇന്നത്തെ ശബരിമലപ്രദേശം. മതംഗവനം എന്നാണു രാമായണത്തില്‍ ഈ വനത്തെ വിശേഷിപ്പിച്ചിരുന്നത്.
കബന്ധനാല്‍ ഉപദേശിക്കപ്പെട്ട പമ്പാതീരത്തെ വനത്തെക്കുറിച്ച് വാല്മീകിരാമായണത്തില് ആരണ്യകാണ്ഡം ഇപ്രകാരം പറയുന്നു
“മതംഗശിഷ്യാസ്തത്രാസന്‍ ഋഷയ: സുസമാഹിത:
തേഷാം ഭാരാഭിതപ്താനാം വന്യമാഹരതാം ഗുരോ:
യേ പ്രപേതു ര്‍മ്മഹീം തൂര്‍ണ്ണം ശരീരാത് സ്വേദബിന്ദവ:
താനി മാല്യാനി ജാതാനി മുനീനാം തപസാ തദാ
സ്വേദബിന്ദുസമുത്ഥാനി ന വിനശ്യന്തി രാഘവ”
(ശ്രീരാമാ അവിടെ സുസമാഹിതരും മതംഗശിഷ്യന്മാരുമായ ഋഷിമാര്‍ ഉണ്ടായിരുന്നു. തങ്ങളുടെ ഗുരുവിന് കായ്കനികളെ അവര്‍ ശേഖരിച്ചു ചുമടെടുത്ത് ക്ഷീണിച്ചിരിക്കെ ദേഹത്തില്‍ നിന്നും യാതൊരു വിയര്‍പ്പുതുള്ളികള്‍ വേഗത്തില്‍ നിലത്തുവീണോ ആയവ മുനിവരന്മാരുടെ തപോവൈഭവത്താല്‍ ആ സമയം പുഷ്പങ്ങളായി ഭവിച്ചു. വിയര്‍പ്പുതുള്ളികളില്‍ നിന്നുണ്ടായ ആയവ വാടിപ്പോകാറില്ല. )
തേഷാമദ്യാപി തത്രൈവ ദദൃശ്യതേ പരിചാരിണീ
ശ്രമണീ ശബരീ നാമ കാകുത്സ്ഥ ചിരജീവനീ
(ശ്രീരാമ അവര്‍ക്ക് പരിചാരിണി ആയ വൃദ്ധയായ ശബരിയെന്ന് പ്രസിദ്ധയായ താപസി ഇപ്പോഴും ആ ദിക്കില്‍ തന്നെ കാണപ്പെടുന്നതാണ്.)
ത്വാം തു ധര്‍മ്മേ സ്ഥിതാനിത്യം സര്‍വ്വഭൂതനമസ്കൃതം
ദൃഷ്ട്വാ ദേവോപമം രാമാ സ്വര്‍ഗ്ഗലോകം ഗമിഷ്യതി
(ശ്രീരാമ സദാ പരമാത്മധ്യാനത്തില്‍ വര്‍ത്തിക്കുന്ന അവള് ദേവോപമായി സര്‍വ്വഭൂതങ്ങളാലും വണങ്ങപ്പെട്ടവനായ അങ്ങയെ ദര്‍ശിച്ച് സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നതാണ്.)
തതസ്തദ്രാമ പംപായാസ്തീരമാസാദ്യ പശ്ചിമം
ആശ്രമസ്ഥാനമതുലം ഗുഹ്യം കാകുത്സ്ഥ പശ്യസി
(ആകയാല്‍ പമ്പാനദിയുടെ പശ്ചിമതീരത്തെ പ്രാപിച്ച് അവിടെ നിസ്സീമവും ഗുഹ്യവുമായ ആശ്രമസ്ഥാനത്തെ അവിടുന്ന് ദര്‍ശിക്കുന്നതാണ്.)
ന തത്രാക്രമിതും നാഗാ: ശക്നുവന്തി തമാശ്രമം
വിവിധാസ്തത്ര വൈ നാഗാ: വനേ തസ്മിംശ്ച പര്‍വ്വതേ
(ആ വനത്തിലും ആ പര്‍വതത്തിലും ആനകള്‍ പലവകയായുണ്ട് എങ്കിലും ആ ആശ്രമത്തില്‍ ആനകള്‍ കടപ്പാന് കഴിയാത്തവയായിരിക്കുന്നു.)
ഋഷേസ്തസ്യ മതംഗസ്യ വിധാനാത്തച്ച കാനനം
മതംഗവനമിത്യേവ വിശ്രുതം രഘുനന്ദന
(രഘുനന്ദന, ആ മതംഗമുനിയുടെ വിധാനമാകയാല്‍ ആ കാട് മതംഗവനം എന്നു തന്നെ പറയപ്പെടുന്നു.)
ന ത്വേനം വിഷമാചാര:പാപകര്‍മ്മാധിരോഹതി
(ലോകമര്യാദക്ക് വിരുദ്ധമായി പാപകര്‍മ്മംചെയ്യുന്നവന്‍ ഇതില്‍ കയറാവുന്നതല്ല)
യസ്തു തം വിഷമാചാര:പാപകര്‍മ്മാധിരോഹതി
തത്രൈവ പ്രഹരന്ത്യേനംസപ്തമാദായ രാക്ഷസ:
(പാപകര്‍മ്മി കയറുന്ന പക്ഷം അവിടെ ഉറങ്ങി വീഴുന്ന അവനെ മാത്രമായി രാക്ഷസന്മാര് എടുത്തുകൊണ്ട് പോയി കൊന്നു കളയുന്നു)
മതംഗവനത്തിലെ ആശ്രമത്തില്‍ തപസ്വിനിയായ ശബരിയെ ഇപ്രകാരമാണ് അടുത്ത സര്‍ഗത്തില്‍ വാത്മീകി പറയുന്നത്.
രാമേണ താപസീ പൃഷ്ടാ സാ സിദ്ധാ സിദ്ധസമ്മതാ
ശശംസ ശബരീ വൃദ്ധാ രാമായ പ്രത്യുപസ്ഥിതാ
ശ്രീരാമനാല്‍ ചോദിക്കപ്പെട്ടവളും താപസിയും സിദ്ധസമ്മതയും സിദ്ധയും വൃദ്ധയുമായ ശബരി എന്നാണു തപസ്വിനി ആയ ശബരിയെപ്പറ്റി പറഞ്ഞിരിക്കുന്നത്. ശ്രീരാമദര്‍ശനത്താല്‍ സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടായ ആ ശബരിയുടെ പേരില്‍ അറിയപ്പെട്ട മാതംഗവനമാണ് ശബരിഗിരി.
ഇഹ തേ ഭാവിതാത്മാനോ ഗുരവോ മേ മഹാമതേ
ജൂഹുവാം ചക്രിരേ തീര്‍ത്ഥം മന്ത്രവന്മന്ത്രപൂജിതം
(മഹാമതേ ആ പരമാത്മജ്ഞാനികളായ ആചാര്യന്മാര് ഇവിടെ വിധിപ്രകാരം മന്ത്രങ്ങളാല്‍ പാവനമാക്കപ്പെട്ട യാഗത്തെ ഹവനം ചെയ്തു.)
ഇയം പ്രത്യക്സ്ഥലീ വേദിര്‍യത്ര തേ പുരുഷര്‍ഷഭാ
പുഷ്പോപഹാരം കുര്‍വന്തി ശ്രമാദുദ്വേപിഭി: കരൈ:
(ഇത് പ്രത്യക്സ്ഥലീ എന്ന് പേരോട് കൂടിയ മണ്ഡപമാകുന്നു. ആ പുരുഷവരന്മാര്‍ യാതൊരു ഇതില്‍ തപസ്സ് കൊണ്ടുള്ള ശ്രമത്താല്‍ പുഷ്പോപഹാരങ്ങള്‍ സമര്‍പിച്ചു വന്നു.)
തേഷാം തപപ്രഭാവേന പശ്യാദ്യാപി രഘൂത്തമ
ദ്യോതയന്തി ദിശ: സര്‍വ്വാ ശ്രിയാ വേദ്യോ അതുലപ്രഭാ
(രഘോത്തമ അവരുടെ തപോമഹിമയാല്‍ യാഗവേദികള്‍ നിസീമകാന്തിയുക്തങ്ങളായി ഐശ്വര്യത്താല് സര്‍വ്വദിക്കുകളെയും ഇന്നും പരിശോഭിപ്പിക്കുന്നു)
ഇപ്രകാരമാണ് മതംഗവനത്തെക്കുറിച്ചും ശബരിയെക്കുച്ചും വാല്മീകി പറയുന്നത്. വനത്തെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ ആരണ്യകാണ്ഡം നോക്കിയാല്‍ കാണാം. മേല്‍പ്പറഞ്ഞ വിശദീകരണങ്ങളില്‍ നിന്നും ശബരിമല എന്ന് പ്രസിദ്ധമായ മതംഗവനം അത്യന്തം പരിശുദ്ധവും സിദ്ധസ്ഥാനവും യാഗങ്ങളും മന്ത്രതര്‍പ്പണാദികളും മറ്റും നടന്നിരുന്ന സങ്കേതവും ആയിരുന്നു എന്ന് വ്യക്തമാണല്ലോ.
ശബരി എന്ന സ്ത്രീയെ വൃദ്ധയായും സിദ്ധയായും പറഞ്ഞിരിക്കുന്നു. ശബരി സമാധിയെ പ്രാപിച്ച ഇടമായി രാമായണം ആ സ്ഥലത്തെ പറയുന്നുണ്ട്. അത്യന്തം തപോനിഷ്ഠയുള്ളവരുടെ സ്ഥാനമായ മതംഗവനത്തില്‍ പാപകര്‍മ്മം കൂടാതെ ആചാരനിഷ്ഠയോട് കൂടി വേണം പ്രവേശിക്കുവാന്‍ എന്നും പറഞ്ഞിട്ടുണ്ടല്ലോ. അത് ആ സ്ഥലത്തിന്റെ മാഹാത്മ്യത്തെ കൃത്യമായി വെളിവാക്കുന്നു. ഇതാണ് ശബരിമല എന്ന പ്രദേശത്തിന്റെ ഏകദേശ പൗരാണികരൂപം.
ഇനി ക്ഷേത്രത്തിലേക്ക് വരാം. അവിടെ ക്ഷേത്രം സ്ഥാപിച്ചത് എന്നാണെന്ന് വ്യക്തമായി പറയാന്‍ ആവില്ല. പുണ്യഭൂമി ആയതിനാല്‍ ഏതെങ്കിലും ഒരു സിദ്ധന് അവിടെ പ്രതിഷ്ഠ നടത്തിയിട്ടുണ്ടാവം. പരശുരാമന് പ്രതിഷ്ഠിച്ചു എന്ന് പറയുന്നു എങ്കിലും അത് പില്ക്കാലത്ത് കൂട്ടിചേര്‍ത്തത് ആണോ എന്നും ഉറപ്പില്ല. പക്ഷെ എല്ലാവരും സമ്മതിക്കുന്ന ഒന്ന് “അയ്യപ്പന്” ആ ദിവ്യമായ സങ്കേതത്തില്‍ വിലയം പ്രാപിച്ചു എന്നതാണല്ലോ. അതിനാല്‍ ആരാണ് അയ്യപ്പന് എന്നതിന് സമാധാനം പറയേണ്ടിയിരിക്കുന്നു. ചില പുരാണങ്ങളെയും ഭൂതനാഥ ഉപാഖ്യാനത്തെയും മറ്റും ചേര്‍ത്തുള്ള ഹരിഹരപുത്രകഥ തല്ക്കാലം മാറ്റിവെക്കാം. അയ്യപ്പന് എന്നൊരാള്‍ മലയാളനാട്ടില് പന്തളദേശത്ത് ഉണ്ടായിരുന്നുവെന്നും മികച്ച യോദ്ധാവായിരുന്ന അദ്ദേഹം തന്റെ രാജ്യത്തെ സംരക്ഷിച്ചു പോന്നിരുന്നുവെന്നും കൊള്ളക്കാരെയും മറ്റും അമര്‍ച്ച ചെയ്തിരുന്നുവെന്നും ചില പഴയ പാട്ടുകളേയും പഴമൊഴികളെയും മറ്റും ആശ്രയിച്ചുകൊണ്ടു ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്. ആ അയ്യപ്പന് ആണ് ശബരിമലയില്‍ ക്ഷേത്രപ്രതിഷ്ഠയ്ക്ക് കാരണഭൂതനെന്നും ചിലര്‍ പറയുന്നുണ്ട്. ഈ ആശയം മുഖവിലയ്ക്കെടുത്താല്‍ അയ്യപ്പന് മുന്‍പ് ക്ഷേത്രം (ഏതോ ഒരു സിദ്ധന് പ്രതിഷ്ഠിച്ചതോ അല്ലെങ്കില്‍ സമാധിയെ പ്രാപിച്ചതോ ആയ ദിവ്യസ്ഥാനം) അവിടെയുണ്ടെന്നും അതിന്റെ പുനരുദ്ധാരണം അയ്യപ്പന് ചെയ്തു എന്നും കണക്കാക്കാം.
യോദ്ധാവായ അയ്യപ്പന് എങ്ങനെ ക്ഷേത്രപ്രതിഷ്ഠയില്‍ ലയിച്ചു? ലയിച്ചു എന്നത് കൊണ്ട് സമാധിയെ പ്രാപിച്ചു എന്നത് സ്വീകരിക്കുന്നതാകും ഉചിതം. യോദ്ധാവായ അയ്യപ്പന് പ്രാപഞ്ചികവിരക്തിയെ പ്രാപിച്ചപ്പോള്‍ വാനപ്രസ്ഥം ചെയ്തു എന്ന്കരുതുന്നത് ഉചിതമാകും. അയ്യപ്പന്റെ വാനപ്രസ്ഥത്തിനു ഏറ്റവും അനുയോജ്യം പുണ്യഭൂമിയായ ശബരിഗിരി എന്ന മതംഗവനം തന്നെ എന്നതിന് സംശയമില്ല. അയ്യപ്പന് ബ്രഹ്മചാരി ആയിരുന്നോ വിവാഹിതനായിരുന്നോ എന്നത് അവിടെ നില്ക്കട്ടെ. അയ്യപ്പന്റെ ലക്ഷ്യം തത്വമസീസാക്ഷാത്കാരമാകുന്ന ജ്നാനനിഷ്ഠയായ സന്ന്യാസം ആയിരുന്നു. അയ്യപ്പന് തത്വമസിമഹാവാക്യം സാക്ഷാത്കരിച്ചു മഹാസമാധിയെ പ്രാപിച്ച പുണ്യസ്ഥാനം ആകണം ഇന്ന് കാണുന്ന ശബരിമല. ബ്രഹ്മചാരിക്ക് തീവ്രതരവൈരാഗ്യം ഉണ്ടെങ്കില്‍ നേരിട്ട് സന്ന്യാസാശ്രമത്തില്‍ പ്രവേശിക്കാം. ഗൃഹസ്ഥന് തന്റെ മകന് കുട്ടി ഉണ്ടാകുമ്പോള്‍ ഭാര്യാസമേതമോ ഭാര്യയെ മകനെ ഏല്‍പ്പിച്ചു തനിച്ചോ വാനപ്രസ്ഥം ചെയ്യുന്നു. അയാള്‍ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച് വനത്തില്‍ ചെന്ന് കുടില്‍ കെട്ടിയോ ഗുഹയില്‍ വസിച്ചോ ഫലമൂലാദികള്‍ മാത്രം കഴിച്ച് ധര്‍മ്മം വിധിയാം വണ്ണം അനുഷ്ഠിക്കുന്നു. താടിയും മുടിയും നഖവും വളര്‍ത്തുന്നു. മരവുരി ഉടുക്കുന്നു. പൂജാദികള്‍ മൂന്നു നേരവും ചെയ്യുന്നു. വൈഖാനസന്‍, വാലഖില്യന്‍, ഔദുംബരന്‍, ഫേനപന്‍ എന്നിങ്ങനെ നാലു തരത്തിലാണ് വാനപ്രസ്ഥന്മാര്. അവരുടെ ആഹാരരീതിയില്‍ ഉള്ള വ്യത്യാസം അനുസരിച്ചാണ് ഈ ക്രമം. വാനപ്രസ്ഥനും ഗൃഹസ്ഥനും കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. ഗൃഹസ്ഥന്മാര് പാപപരിഹാരത്തിനും സന്ന്യാസാശ്രമപ്രവേശനത്തിനുള്ള അര്‍ഹതയ്ക്കും വേണ്ടിയാണ് വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്.
മേല്‍പ്പറഞ്ഞ സംഗതികളെ ശബരിമലയാത്രയിലെ ആചാരങ്ങളുമായി താരതമ്യം ചെയ്താല്‍ ചിലത് വ്യക്തമാകും. അയ്യപ്പന് മല കയറിയത് ജ്ഞാനനിഷ്ഠയാകുന്ന സന്ന്യാസത്തിലേക്കാണ്. സന്ന്യാസാശ്രമപ്രവേശനത്തിന്റെ ഒരു ആവിഷ്ക്കരണം ആണ് ഇന്ന് നിലവിലുള്ള ആചാരം എന്നത് വ്യക്തമാകും. ശബരിമലയിലേക്ക് പോകുന്ന ആള് വ്രതം ( നാല്പത്തിയൊന്നു ദിവസത്തെ വ്രതം എന്ന് പക്ഷം) അനുഷ്ഠിക്കണം. ഗൃഹസ്ഥന് സന്ന്യാസാശ്രമത്തിലേക്ക് പ്രവേശിക്കുവാന്‍ വ്രതം അനുഷ്ഠിക്കുന്നു എന്ന് മുന്‍പ് പറഞ്ഞുവല്ലോ. തന്റെ ലക്ഷ്യമായ സ്വാമിപദത്തില്‍ തന്നെയാണ് അയാള്‍ അക്കാലത്ത് വിളിക്കപ്പെടുന്നത്. മല കയറാന്‍ മാലയിടുന്നവരെ സ്വാമി എന്നാണല്ലോ വിളിക്കുക. വാനപ്രസ്ഥനെപ്പോലെ അയാളും മുടിയും താടിയുമെല്ലാം വളര്‍ത്തുന്നു. മരവുരിക്ക് പകരം കറുത്ത വസ്ത്രമുടുക്കുന്നു. ആഹാരങ്ങളില്‍ നിയന്ത്രണം വരുത്തുന്നു. ഉപവാസം അനുഷ്ഠിക്കുന്നു. ഈ വ്രതം അനുഷ്ഠിച്ച ഗൃഹസ്ഥന് വാനപ്രസ്ഥം ചെയ്യുന്നതിന്റെ പ്രതീകമാകണം മതംഗവനത്തിലൂടെയുള്ള അവന്റെ കല്ലും മുള്ളും ചവിട്ടിയുള്ള യാത്ര. പഴയ കാലത്ത് ആദ്യ 25 വര്‍ഷം ബ്രഹ്മചര്യാശ്രമവും അടുത്ത 25 വര്‍ഷം ഗൃഹസ്ഥാശ്രമവും ആയിരുന്നു. അതിനാല്‍ അമ്പതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശിക്കാവൂ എന്നത് ഈ രണ്ടു ആശ്രമകാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. തീവ്രതരവൈരാഗ്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും സന്ന്യസിക്കാം. പക്ഷെ പ്രതീകാത്മകമായ ഒരു ആചാരം എന്ന നിലയില്‍ വാനപ്രസ്ഥത്തിന്റെ കഠിനവ്രതം അനുസരിച്ചു യാത്ര ചെയ്യുവാന്‍ വേണ്ടി ആവണം അന്‍പതു വയസിനു ശേഷം പ്രവേശനം കല്‍പ്പിച്ചത്. പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് കഠിനവ്രതം ചെയ്യുക ബുദ്ധിമുട്ടും ആണ്. സ്ത്രീ രജസ്വല ആകുന്നത് അശുദ്ധി അല്ല, അവളുടെ ഗൃഹസ്ഥധര്‍മ്മമായ സന്താനലബ്ധിക്ക് അവര്‍ പര്യാപ്തയാകുന്നു എന്നതിന്റെ സൂചനയാണ്. അതിനാല്‍ അവര്‍ ഗാര്‍ഹസ്ത്ഥ്യം വിധിയാംവണ്ണം അനുഷ്ഠിച്ചു അന്‍പതു വയസ്സിനു ശേഷം വാനപ്രസ്ഥം ചെയ്യുന്നു. വൃദ്ധയും സിദ്ധയുമായ ശബരി കായ്കനികള്‍ ഭക്ഷിച്ചു വാനപ്രസ്ഥധര്‍മ്മം അനുഷ്ടിച്ചിരുന്ന വേളയില്‍ രാമദര്‍ശനത്താല്‍ ആത്മസാക്ഷാത്കാരം ലഭിക്കുകയും മഹാസാമാധിയെ പുല്കുകയും ചെയ്തത് ഇതുമായി കൂട്ടി വായിക്കാം.
വാനപ്രസ്ഥപ്രതീകമായ കാനനയാത്രയുടെ അന്ത്യത്തില്‍ സന്ന്യാസാശ്രമം അഥവാ തത്വമസീസാക്ഷാത്കാരമാകുന്ന ജ്ഞാനനിഷ്ഠയുടെ പ്രതീകമായ അയ്യപ്പസന്നിധിയില്‍ എത്തുന്നു. അവിടെ യാത്രികനും യാത്രയും ഇല്ലാതെയാവുന്നു. സ്വാമി എന്ന ഏകവും ത്രിപുടിരഹിതവുമായ അദ്വൈതസാക്ഷാത്കാരം ആവിഷ്ക്കരിക്കപ്പെടുന്നു. ഈ ത്രിപുടിരഹിത അവസ്ഥയെ ആണ് അയ്യപ്പന്റെ ചിന്മുദ്ര സൂചിപ്പിക്കുന്നത്. ഇപ്രകാരം ഒരു ജീവന്റെ ജന്മസംസ്കാരങ്ങളിലൂടെ ഉള്ള യാത്രയുടെ ആവിഷ്കാരം ആണ് പുണ്യവും പരിപാവനവുമായ ശബരിമലയാത്ര. ക്ഷേത്രസംബന്ധമായ താന്ത്രികആചാരങ്ങളും മറ്റും പിന്നീടു ഉണ്ടായതോ അല്ലെങ്കില്‍ അയ്യപ്പന് എന്ന പന്തളകുമാരന്‍ നടപ്പില്‍ വരുത്തിയതോ ആവാം. മതംഗമുനിയുടെയും ശിഷ്യരുടെയും യാഗങ്ങളുടെ പ്രതീകമാവാം മലയരയന്മാര് അവിടെത്തെളിക്കുന്ന മകരദീപം. ഈ മഹനീയമായ യാത്രയെ ചില സ്ഥാപിതതാല്പര്യക്കാര് സ്ത്രീവിരുദ്ധവും അനാചാരവുമായി ചിത്രീകരിക്കുന്നത് കുല്സിതമായ താല്പര്യത്തോടെയാണ്. അവരുടെ ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞു ശരണമന്ത്രന്തിന്റെ ശക്തിയാല്‍ സകലരും അധര്‍മ്മത്തിനെതിരെ ശബ്ദിക്കട്ടെ. സനാതനധര്‍മ്മം സനാതനം തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: