പാര്‍ട്ടിക്കു ബാധ്യതയും ബാധയുമായിക്കഴിഞ്ഞ പി. ജയരാജനെ സിപിഎം കൈയൊഴിയുന്നുവോ? അങ്ങനെയാണ് കാര്യങ്ങളുടെ ഗതി. ജയരാജന്റെ ചെയ്തികള്‍ക്കുള്ള അനുഭവങ്ങള്‍ തുടങ്ങുകയായി, ഇനി അനുഭവിക്കേണ്ടത് സ്വയം. ഇത് പാര്‍ട്ടിക്കു മുഖം മിനുക്കാനുള്ള അവസരം ഇതാണ് ജില്ലയിലെ പാര്‍ട്ടി നേതാക്കളും സംസ്ഥാന നേതാക്കളും ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയാക്കിയതിനോട് അടക്കം പറയുന്ന പ്രതികരണവും.
‘ചിരിക്കുന്ന’ പിണറായി, ‘നിസ്കരിക്കുന്ന’ ജലീല്‍, ‘സമാധാന മാര്‍ഗ്ഗം പ്രസംഗിക്കുന്ന’ കോടിയേരിഇവര്ക്കിടയില് ‘മര്‍ക്കടമുഷ്ടിക്കാരനായ’ പി. ജയരാജന് ഇന്ന് പാര്‍ട്ടിക്ക് അധികപ്പറ്റാണ്. ഇപ്പോള്‍, ഈ അവസരം മുതലാക്കി മൂലയ്ക്കൊതുക്കിയാല് പാര്‍ട്ടിക്ക് മൂന്നുണ്ട് നേട്ടം ഒന്ന്: പാര്‍ട്ടി അക്രമവിരുദ്ധപ്പാര്ട്ടിയാണെന്ന പേരുണ്ടാക്കാം. രണ്ട്: ജയരാജനെ കേസില്‍ പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ചുവെന്ന് പ്രചരിപ്പിക്കാം, അത് തെരഞ്ഞെടുപ്പില്‍ വോട്ടാക്കാം. മൂന്ന്: പി. ജയരാജനെന്ന പാര്‍ട്ടിയുടെ തലവേദന ഒഴിവാക്കാം.
സിപിഎമ്മിന്റെ ആക്രമണമുഖമാണ് പി. ജയരാജനെന്ന് പാര്‍ട്ടി സഖാക്കള്‍തന്നെ സമ്മതിക്കുന്നു. ആര്‍ക്കും അറിയില്ല പി. ജയരാജന്റെ ഉള്ളിലിരിപ്പ്; ആര്‍ക്കും മനസിലാവില്ല, എന്താണ് കണ്ണൂര്‍ ജില്ലയില്‍ അടുത്ത നിമിഷം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകാന്‍ പോകുന്നതെന്ന്. വളര്‍ത്തിക്കൊണ്ടുവന്ന പിണറായിക്കു പോലും പി. ജയരാജനെ മടുത്തുകഴിഞ്ഞിരിക്കുന്ന കാലത്താണ് സിബിഐയുടെ ഈ നടപടി. ഇത് വാസ്തവത്തില്‍ പാര്‍ട്ടിക്ക് ഒരുതരത്തില്‍ ഉര്‍വശീ ശാപമായി, സുവര്‍ണ്ണാവസരമായി.
മുമ്പ് കെ. കെ. ശൈലജ ടീച്ചര്‍ക്ക് നിയമസഭാ സ്ഥാനാര്‍ത്ഥിത്വം കൊടുത്തപ്പോള്‍, മണ്ഡലത്തില്‍ തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് വിട്ട് വീട്ടില്‍ കുത്തിയിരുന്നു ഈ ജയരാജന്. അന്ന് പിണറായിയും മറ്റും ഏറെ നിര്‍ബന്ധിച്ചാണ് തിരികെ കൊണ്ടുവന്നത്. അതുവേണ്ടിയിരുന്നില്ലെന്ന് പിന്നീട് അവരില്‍ പലര്‍ക്കും തോന്നിയിരുന്നു. കുടുംബ പ്രശ്നങ്ങളുടെ പേരില്‍ കുറച്ചുകാലം പാര്‍ട്ടിയില്‍നിന്നു വിട്ടുനിന്നു. അന്ന് സാന്ത്വനിപ്പിച്ച് തിരികെ കൊണ്ടുവന്നവരില്‍ ചിലര്‍ പിന്നീട് പശ്ചാത്തപിച്ചു. പാര്ട്ടിപ്രവര്ത്തനമാകാം, അതില്‍ രാഷ്ട്രീയ എതിര്പ്പുമാകാം, പക്ഷേ, ശത്രുതയും ആക്രമണവും ആസൂത്രിത കൊലപാതകങ്ങളും വേണ്ടെന്ന്് പറഞ്ഞതിന് പാര്‍ട്ടിയില്‍ കിഴുക്കിയിരുത്തപ്പെട്ടവരുള്പ്പെടെ, പി. ജയരാജന്റെ എതിരാളികള്‍ പലരും സിബിഐ നടപടിയില്‍ ഉള്ളാലെ ആഹ്ലാദിക്കുകയാണ്. അവര്‍, അത് രഹസ്യമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
പി. ജയരാജന് നിഷ്കളങ്കനെന്നും നിരുപദ്രവകാരിയെന്നും, വാദിക്കാന്‍ വേണ്ടി വാദിക്കുന്നവര്‍പോലും സമ്മതിക്കുന്നകാര്യമുണ്ട് കൂത്തുപറമ്പില്‍ എം.വി. രാഘവനെ കൊലപ്പെടുത്താന്‍ സിപിഎം നടത്തിയ ആക്രമണക്കേസില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് മൂന്നു വര്‍ഷം സെഷന്‍സ് കോടതി ജയരാജനെ ശിക്ഷിച്ച സംഭവം. കൂത്തുപറമ്പില്‍ ആര്‍എസ്എസ് താലൂക് സഹകാര്യവാഹ് പി. പി. മോഹനനെ വധിച്ച കേസില്‍ പ്രതിയായിരുന്നു ജയരാജന്.
കണ്ണൂര്‍ ജില്ലയിലെമ്പാടും, പ്രത്യേകിച്ച് പാനൂര്‍ മേഖലയില്‍ സിപിഎം നടത്തിയിട്ടുള്ള എല്ലാത്തരം ആക്രമണ പദ്ധതികളുടെയും ആസൂത്രകന്‍ പി. ജയരാജനാണ്. അതില്‍ ചിലത് പാര്‍ട്ടിയിലെ പലരും അറിയാതെപോലുമാണ്.
പാര്‍ട്ടി മനസ്സില്‍ കാണുമ്പോള്‍ അതു മരത്തില്കണ്ട് നടപ്പാക്കിയിരുന്ന ജയരാജന് പിന്നീട് ആരും സ്വപ്നം കാണാത്തതുപോലും പ്രാവര്‍ത്തികമാക്കിപ്പോന്നു, പോരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന വിക്രമന് കാല്‍നൂറ്റാണ്ടായി ജയരാജന്റെ അംഗരക്ഷകനാണ്. പി. ജയരാജന് തലവന്‍, കുഞ്ഞനന്തന് രണ്ടാമന്, വിക്രമന് കിങ്കരന്. ഇവരുടെ ആസൂത്രണവും ആവിഷ്കരണവുമായിരുന്നു കണ്ണൂരിലെ ഒട്ടുമിക്ക പദ്ധതിയിട്ട ആക്രമണങ്ങളും കൊലപാതകങ്ങളും. എന്നും വിക്രമനെ രക്ഷിച്ചെടുത്തിരുന്ന ജയരാജന് ഇക്കുറി അടിപതറി. മനോജ് വധത്തില്‍ പരിക്കേറ്റത് വിക്രമന് വിനയായി. വിക്രമന് പിടിയിലായത് കുഞ്ഞനന്തനും അത് ഇപ്പോള്‍ ജയരാജനും പതനത്തിന്റെ പാതയൊരുക്കി.
കതിരൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ പി. ജയരാജന്റെയും പാര്‍ട്ടിയുടെയും വമ്പിച്ച നാശത്തിനു തുടക്കം കുറിക്കപ്പെടുകകൂടിയാണ്. ജയരാജന്റെ ചോദ്യം ചെയ്യലിലൂടെ, സംസ്ഥാനത്ത് പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മും, പാര്‍ട്ടിക്കുവേണ്ടി ജയരാജന്റെസംഘവും നടപ്പിലാക്കിയ ഒട്ടനവധി കൊലക്കേസുകളുടെ ചുരുളഴിയും. ടി. പി. ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ ടി. കെ. രജീഷ് അന്വേഷണോദ്യോഗസ്ഥരോടു നടത്തിയ വെളിപ്പെടുത്തലുണ്ട്, കെ.ടി. ജയകൃഷ്ണന് വധക്കേസിലെ ജയരാജന്റെ പങ്ക്. ജയകൃഷ്ണന് വധത്തിനിടിയാക്കിയ സംഭവത്തിന് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ കാര്യങ്ങള്‍ ജയരാജനെക്കുറിച്ചുള്ള പുസ്തകത്തിലെ സൂചനകളില്‍ പോലുമുണ്ട്.
പി. ജയരാജന് സിബിഐയുടെ പിടിയിലായി, കേസില്‍ ഉള്‍പ്പെടുന്നതോടെ ആക്രമണവും കൊലയും കുലത്തൊഴില്‍ പോലെ കൊണ്ടുനടക്കുന്ന ഒരു കൂട്ടര്‍ക്ക് ആരാധ്യനായ വീരനെ നഷ്ടപ്പെടുകയാണ്; അതുവഴി ജില്ലയിലെഅക്രമ രാഷ്ട്രീയത്തിന് ശമനം വരാന്‍ പോകുകയാണ്. പാര്‍ട്ടിയുടെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കു മാത്രമല്ല, പാര്‍ട്ടിയുടെ അക്രമ നയങ്ങളോടു വിയോജിപ്പുള്ളവര്‍ക്കും ആശ്വാസം ഉണ്ടാവുകയാണ്. പാര്‍ട്ടിക്കു പറ്റാത്തതു പോലും ചെയ്യുന്ന വീരനേതാവിന്റെ എല്ലാത്തരം സംരക്ഷണങ്ങളും പാര്‍ട്ടിയ്ക്കു വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്നര്‍ക്ക് ഇല്ലാതാകുന്നതോടെ ജില്ലശാന്തമാകുമെന്ന പ്രതീക്ഷയിലാണ് അതിസാധാരണക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: