വയനാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ ഇത് പൂപ്പൊലിയുടെ കാലം. ഇവിടെ നടക്കുന്ന മൂന്നാമത് പുഷ്പ്പോത്സവത്തില്‍ ആയിരങ്ങളുടെ മനംകവരുകയാണ് കള്ളിച്ചെടികള്‍. റോസ്, ഡാലിയ തുടങ്ങിയ രണ്ടായിരത്തില്‍പ്പരം വൈവിദ്ധ്യമാര്‍ന്ന പുഷ്പങ്ങളും ഇവിടെയുണ്ട്.
കള്ളിച്ചെടികളെകുറിച്ച് കേട്ട് സംസ്ഥാനത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ബോട്ടണി വിഭാഗം വിദ്യാര്‍ത്ഥികളും ഇവിടെയെത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് ലക്ഷം പേരാണ് ഇവിടം സന്ദര്‍ശിച്ചത്. അഞ്ഞൂറില്പരം ഇനങ്ങളിലുള്ള കള്ളിച്ചെടികളാണ് പ്രവേശനകവാടത്തില്‍തന്നെ ഒരുക്കിയിരിക്കുന്നത്. കീടങ്ങളെ കുടുക്കിലാക്കി അത് ആഹാരമാക്കാന്‍ കഴിവുള്ള ഇന്സക്തി വോറസ് നെപ്പന്തസ് കുടുംബത്തില്‍പ്പെട്ട ചെറുതും വലുതുമായ മനോഹര കള്ളിച്ചെടുകള് ആരുടെയും മനംകവരും.
ഹിമാചല്‍പ്രദേശ് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും കള്ളിച്ചെടുകള് പ്രദര്‍ശനത്തിനായി ഇവിടെ എത്തിയിട്ടുണ്ട്. വയനാടന്‍ കാടുകളില്‍ നിന്ന് ശേഖരിച്ചവയും ഇക്കൂട്ടത്തിലുണ്ട്. ഊട്ടി, ബംഗലുരു, സിക്കിം തുടങ്ങിയ സംസ്ഥാനത്തുനിന്നും കൊണ്ടുവന്ന ചെടികള്‍ സഞ്ചാരികളുടെ മനം കവരുന്നവ തന്നെ. ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് ഭാരതത്തിന് വാതില്‍ തുറക്കുന്നതിനായുള്ള സെമിനാറുകളും അന്തര്‍ദേശീയ തലത്തില്‍ ഇവിടെ നടന്നുവരുന്നു. ഭാരത്തില്നിന്നുള്ള പൂക്കള്‍, പഴവര്‍ഗ്ഗങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സെമിനാറുകള്‍ ഉപകരിക്കും.
കഴിഞ്ഞവര്‍ഷത്തെ പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു മൂണ്ഗാര്ഡനും സണ്ഗാര്ഡനും. അയ്യായിരത്തേില്പ്പരം ഇനങ്ങളുടെ ഡാലിയ ഗാര്‍ഡനും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. അമ്പലവയലിലെ പഴങ്ങള്‍ ഉപയോഗിച്ച് മുല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെയും സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. ഗവേഷണ കേന്ദ്രത്തിന് മുന്‍വര്‍ഷം 90.65 ലക്ഷം രൂപയുടെ വരുമാനമാണ് പൂപ്പൊലി വഴി ലഭിച്ചതെന്ന് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി.രാജേന്ദ്രന് പറഞ്ഞു. 2014ല്‍ ഇത് 42 ലക്ഷം മാത്രമായിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഒരു സ്ഥാപനം വയനാടിന്റെ ടൂറിസം ഭൂപടത്തിലുപരി അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാനുള്ള തിരക്കിലാണെന്നാണ് വയനാട്ടുകാര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: