എന്റെ പ്രിയപ്പെട്ട ദേശവാസികളേ! ഇത് 2016 ലെ ആദ്യത്തെ ‘മന് കി ബാത്’ പരിപാടിയാണ്. ‘മന് കി ബാത്’ എന്നെ നിങ്ങളുമായി വളരെയധികം ബന്ധിപ്പിച്ചിരിക്കുന്നു. വളരെയധികം എന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു പുതിയ ആശയം മനസ്സിലുദിച്ചാല്‍ അത് നിങ്ങളോട് പങ്കുവെയ്ക്കുവാന്‍ തോന്നും. ഇന്നലെ ഞാന്‍ സംപൂജ്യനായ ബാപ്പുജിയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ രാജ്ഘട്ടില്‍ പോയിരുന്നു. രക്തസാക്ഷികളെ പ്രണമിക്കുന്നതിന്, വര്‍ഷംതോറും നടന്നുവരുന്ന പരിപാടിയാണിത്. കൃത്യം 11 മണിയ്ക്ക് രണ്ടു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് നാടിനുവേണ്ടി ജീവിതം വെടിഞ്ഞവര്‍ക്കായി പ്രാണന് ബലിയര്‍പ്പിച്ച മഹാത്മാഗാന്ധിയ്ക്കുവേണ്ടി, വീരപുരുഷന്മാര്ക്കുവേണ്ടി ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണിത്. എന്നാല്‍, നാം ശ്രദ്ധിച്ചാല്‍ കാണാം നമ്മളില്‍ വളരെയധികം പേര് ഇത് ചെയ്യാത്തവരായി ഉണ്ടാകും. നിങ്ങള്‍ക്ക് തോന്നുന്നില്ലേ ഇതും നമ്മുടെ ശീലത്തിന്റെ ഭാഗമാകണമെന്ന്. ഇതിനെ നാം നമ്മുടെ ദേശീയ ഉത്തരവാദിത്തമായി കാണേണ്ടതാണ്.
എനിക്കറിയാം ഇത് എന്റെ ഒരു ‘മന് കി ബാത്’ എന്നതില്കൂടെ മാത്രം നടക്കാന്‍ പോകുന്നില്ല എന്ന്. എന്നാല്‍ എനിക്ക് ഇന്നലെ എന്താണോ തോന്നിയത്, അത് നിങ്ങളുമായിക്കൂടി പങ്കുവെയ്ക്കാം. ഇതെ കാര്യങ്ങള്‍ തന്നെയാണ് നമ്മെ നാടിനുവേണ്ടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. നിങ്ങള്‍ ഒന്നു സങ്കല്പിച്ചു നോക്കൂ; എല്ലാവര്‍ഷവും ജനുവരി 30ന് കൃത്യം 11 മണിയ്ക്ക് രാജ്യത്തെ നൂറ്-നൂറ്റിഇരുപത്തഞ്ച് കോടി ജനങ്ങള്‍ രണ്ട് മിനിട്ട് മൗനം ആചരിക്കുന്നു എന്ന്. ഇതിന് എത്രമാത്രം ശക്തിയുണ്ടെന്ന് നിങ്ങള്‍ ഒന്ന് സങ്കല്പിച്ചു നോക്കൂ. നമ്മുടെ ശാസ്ത്രങ്ങള്‍ പറഞ്ഞിരിക്കുന്ന ഈ കാര്യം എത്രയോ ശരിയാണ്. ”സംഗച്ഛധ്വം സംവദധ്വം സം വോമനാംസി ജാനതാം” ”നാമെല്ലാം ഒന്നിച്ച് മുന്നേറുന്നു, ഒന്നിച്ച് സംസാരിക്കുന്നു, നമ്മുടെ മനസ്സ് ഒന്നാകുന്നു.” ഇതാണ് രാജ്യത്തിന്റെ ശക്തി. ഈ ശക്തിയ്ക്ക് ജീവന് നല്‍കുന്നത് ഇങ്ങിനെയുള്ള സംഭവങ്ങളാണ്.
പ്രിയപ്പെട്ടെ ദേശവാസികളേ! അല്പ ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സര്‍ദാര്‍ പട്ടേലിന്റെ ആശയങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ചില കാര്യങ്ങളില്‍ എന്റെ ശ്രദ്ധ പതിഞ്ഞു. അതില്‍ ഒരു കാര്യം എനിക്ക് വളരെ ഇഷ്ടമായി. ഖാദിയെക്കുറിച്ച് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിരിക്കുന്നത് – ഭാരതത്തിന്റെ സ്വാതന്ത്ര്യം ഖാദിയിലാണ്. ഹിന്ദുസ്ഥാന്റെ സംസ്ക്കാരവും ഖാദിയിലാണ്. ഹിന്ദുസ്ഥാന്‍ അതിന്റെ പരമധര്‍മ്മമായി കരുതുന്ന അഹിംസയും ഖാദിയിലുണ്ട്. പിന്നെ ഹിന്ദുസ്ഥാനിലെ കര്‍ഷകരുടെ നന്മയും ഖാദിയിലുണ്ട്. ഈ കര്ഷകരോടാണല്ലോ നാം ഇത്രയധികം സന്മനോഭാവം കാണിക്കുന്നതും. സര്‍ദാര്‍ പട്ടേല്‍ ലളിതമായ ഭാഷയില്‍ മനസ്സിനുള്ളിലെ കാര്യങ്ങള്‍ നേരെയങ്ങ് പറയുന്ന സ്വഭാവക്കാരനായിരുന്നു. അദ്ദേഹം വളരെ ഭംഗിയായിതന്നെ ഖാദിയുടെ മാഹാത്മ്യം പറയുകയും ചെയ്തു.
ഞാന്‍ ഇന്നലെ, ജനുവരി 30ന് പൂജ്യബാപ്പുവിന്റെ ചരമദിനത്തില്‍ ഖാദിയിലും ഗ്രാമീണ കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ടവരുമായി എത്രയധികം ബന്ധപ്പെടുവാന്‍ കഴിയുമോ അവരുമായെല്ലാം കത്തുകളില്‍ക്കൂടി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്തു. പൂജ്യ ബാപ്പു ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ആളായിരുന്നതുപോലെ ഞാനും സാങ്കേതികവിദ്യയെ തന്നെ ഉപയോഗപ്പെടുത്തുകയും ഈ സാങ്കേതികവിദ്യ വഴി ലക്ഷക്കണക്കിന് ഇങ്ങനെയുള്ള സഹോദരീസഹോദരന്മാരുമായി ബന്ധപ്പെടുന്നതിന് ശ്രമിക്കുകയും ചെയ്തു. ഖാദി ഇപ്പോള്‍ ഒരു പ്രതീകം ആയി കഴിഞ്ഞിരിക്കുന്നു. അതിന്റെ അടയാളമായിമാറിയിരിക്കുന്നു. ഖാദി ഇപ്പോള്‍ യുവതലമുറയുടെയും ഒരു ആകര്‍ഷണമായി മാറിക്കൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് ആരെല്ലാമാണോ ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറിലേയ്ക്കും ജൈവമേഖലയിലേയ്ക്കും ചായ്വ് പ്രകടിപ്പിക്കുന്നത്, അവര്‍ക്ക് ഒരു ഉത്തമമായ മാര്‍ഗമാണ്. ഫാഷന്‍ എന്ന നിലയിലും ഖാദി അതിന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുന്നു. ഖാദിയില്‍ പുതുമകൊണ്ടുവരുവാനായി കിണഞ്ഞ് പരിശ്രമിച്ചു എന്നതിന് ഞാന്‍ ഖാദിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുന്നു. സമ്പദ്വ്യവസ്ഥയില് കമ്പോളത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഖാദിയ്ക്ക് വൈകാരികമായ ഒരു സ്ഥാനം എന്നതില്‍ക്കവിഞ്ഞ് കമ്പോളത്തിലും ഇടം കണ്ടെത്തേണ്ടിയിരിക്കുന്നത് അനിവാര്യമായിരിക്കുന്നു. ഞാന്‍ ജനങ്ങളോട് പറഞ്ഞു:
വിവിധതരങ്ങളിലുള്ള തുണികള്‍ നിങ്ങളുടെ പക്കല്‍ ഉണ്ട് എങ്കില്‍ പിന്നെ ഒന്ന് ഖാദിയുടെയും ആയിരിക്കട്ടെ. ഈ കാര്യം ജനങ്ങള്‍ക്ക് സ്വീകാര്യമായി തുടങ്ങിയിരിക്കുന്നു. ശരി, ഖാദിധാരിയാകാന് പറ്റില്ല എന്നാല്‍ പത്തുതരത്തിലുള്ള വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ ഒന്ന് മറ്റൊരുതരംകൂടി ആകാം. എന്നാല്‍ ഇതോടൊപ്പം ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും അനുകൂലമായ അന്തരീക്ഷം വളര്‍ന്നുവരുന്നുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍തലത്തില്‍ ഖാദി വേണ്ടത്ര ഉപയോഗിച്ചിരുന്നു. എന്നാല്‍ ക്രമേണ പുതുമയുടെ പേരില്‍ ഇതെല്ലാം അവസാനിച്ചുകൊണ്ടിരുന്നു. ഒപ്പം ഖാദിയുമായി ബന്ധപ്പെട്ട നമ്മുടെ ദരിദ്രരായ ജനങ്ങള്‍ തൊഴില്‍രഹിതരും ആയിക്കൊണ്ടിരുന്നു. ഖാദിക്ക് കോടിക്കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള കഴിവുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍ മന്ത്രാലയം, പൊലീസ് വകുപ്പ്, ഇന്‍ഡ്യന്‍ നാവികസേന, ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ഇങ്ങിനെ ധാരാളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നല്ല തുടക്കം കുറിച്ചിട്ടുണ്ട്.
അവര്‍ എന്നെ അറിയിച്ചിരിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ ഈ വിധ ശ്രമങ്ങളുടെ ഫലമായി ഖാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആവശ്യം നിറവേറ്റാന്‍, സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേകമായി 18 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്. 18 ലക്ഷം തൊഴില്‍ ദിവസങ്ങള്‍ തന്നെ വലിയ കുതിച്ചുചാട്ടം വരുത്തും. സംപൂജ്യനായ ബാപ്പുവും എന്നും സാങ്കേതികവിദ്യാ പരിഷ്ക്കരണത്തെ സംബന്ധിച്ച് വളരെ ജാഗരൂകനായിരുന്നു അദ്ദേഹം അത് വളരെയധികം ആഗ്രഹിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് നമ്മുടെ ചര്‍ക്ക വളര്‍ന്ന് വളര്‍ന്ന് ഇവിടെവരെ എത്തിയിരിക്കുന്നത്. ഇക്കാലത്ത്, സൗരോര്‍ജ്ജം ഉപയോഗിച്ച് ചര്‍ക്ക പ്രവര്ക്കിപ്പിക്കുക, സൗരോര്‍ജ്ജത്തെ ചര്‍ക്കയുമായി ബന്ധിപ്പിക്കുക എന്നിവ വിജയകരമായ പരീക്ഷണമാണ്.
അതുകാരണം അദ്ധ്വാനം കുറഞ്ഞ് ഉത്പാദനം വര്‍ദ്ധിക്കുന്നു. ഗുണപരമായ മാറ്റവും സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സൗരോര്‍ജ്ജ ചര്ക്കക്കുവേണ്ടി ജനങ്ങള്‍ എനിക്ക് വളരെയധികം കത്തുകള്‍ അയച്ചുകൊണ്ടിരിക്കുന്നു. രാജസ്ഥാനിലെ ദൗസയില്‍നിന്നും ഗീതാദേവി, കോമള്ദേവി എന്നിവരും പിന്നെ ബീഹാറിലെ നവാദാ ജില്ലയില്‍നിന്നും സാധനാദേവിയും എനിക്ക് കത്തെഴുതിയിരിക്കുന്നു – സൗരോര്‍ജ്ജ ചര്‍ക്ക കാരണം ഞങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന്. ഞങ്ങളുടെ വരുമാനം ഇരട്ടിയായിരിക്കുന്നു. മാത്രമവുമല്ല, ഞങ്ങളുടെ നൂലിനോട് ജനങ്ങള്‍ക്കുള്ള ആവശ്യവും വര്‍ദ്ധിച്ചിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം ഒരു പുതിയ ഉത്സാഹം ജനിപ്പിക്കുന്നു. ജനുവരി 30ന് ബാപ്പുജിയെ സ്മരിക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു പറയുന്നു, നിങ്ങളുടെ വന്വസ്ത്രശേഖരത്തില് ഒരെണ്ണം ഖാദിയുടെതായിരിക്കട്ടെ. അതിനോട് ഒരഭിനിവേശം തോന്നട്ടെ.
പ്രിയപ്പെട്ട ദേശവാസികളേ, ജനുവരി 26 എന്ന മഹത്തായ ദിവസം നാമെല്ലാം വളരെയധികം ഉണര്‍വ്വോടും ഉത്സാഹത്തോടും ആഘോഷിച്ചു. രാജ്യമെങ്ങും തീവ്രവാദികള്‍ എന്തുചെയ്യും എന്ന ആശങ്കയുടെ നടുവില്‍ ജനങ്ങള്‍ ധൈര്യവും സാഹസവും പ്രകടിപ്പിക്കുകയും പ്രൗഢിയോടും പ്രതാപത്തോടും അഭിമാനത്തോടും ജനാധിപത്യഭാരതത്തിന്റെ ആ ഉത്സവ പര്‍വ്വം ആഘോഷിച്ചു. എന്നാല്‍ ചിലര്‍ വ്യത്യസ്തമായ ചില കാര്യങ്ങള്‍ ചെയ്തു. ഇത് ശ്രദ്ധിക്കപ്പെടണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. വിശേഷിച്ച് ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങള്‍ വളരെ പുതുമയുള്ള പരീക്ഷണമാണ് നടത്തിയത്.
ഈ വര്‍ഷം അവര്‍ ഓരോ ഗ്രാമത്തിലേയും സര്‍ക്കാര്‍ സ്കൂളുകളില്‍ പതാകാവന്ദനത്തിന് ഗ്രാമത്തിലെ ഏറ്റവും അഭ്യസ്തവിദ്യരായ പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുത്തത്. ഹരിയാനയും ഗുജറാത്തും അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി. ‘മകളെ സംരക്ഷിക്കുക, മകളെ പഠിപ്പിക്കുക’ എന്ന ഒരു മഹത്തായ സന്ദേശം നല്‍കുന്നതിന് അവര്‍ ശ്രമിച്ചു. ഞാന്‍ രണ്ടു സംസ്ഥാനങ്ങളുടെയും ഭാവനാശക്തിയെ അഭിനന്ദിക്കുകയും പതാക വന്ദനത്തിനും പതാകയുയര്ത്തലിനും അവസരം ലഭിച്ച പെണ്‍കുട്ടികളെയെല്ലാം അഭിനന്ദിക്കുകയും ചെയ്യുന്നു. ഹരിയാനയില്‍ ഒരു കാര്യം കൂടി ഉണ്ടായി. കഴിഞ്ഞ ഒരു വര്‍ഷം ഏതെല്ലാം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ ജനിച്ചുവോ അങ്ങിനെയുള്ള കുടുംബങ്ങളെ ജനുവരി 26 ന് പ്രത്യേകം ക്ഷണിക്കുകയും വി.ഐ.പി.കള്‍ എന്ന നിലയില്‍ മുന്‍ നിരയില്‍ അവര്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്തു. ഇത് വളരെ അഭിമാനകരമായ നിമിഷമായിരുന്നു.
ഞാന്‍ എന്റെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്ന പദ്ധതി ആരംഭിച്ചത് ഹരിയാനയിലായിരുന്നു എന്നതിനാല്‍ എനിക്ക് ഇക്കാര്യത്തില്‍ പ്രത്യേക സന്തോഷമുണ്ട്. ഹരിയാനയില്‍ ലിംഗ അനുപാതം ആകെ തകര്‍ന്നു കഴിഞ്ഞിരുന്നു. ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു എന്നത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമായിരുന്നു. സാമൂഹ്യ സന്തുലനം അപകടകരമായ സ്ഥിതിയിലായിരുന്നു. ഞാന്‍ ഹരിയാനയില്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ എന്നോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു, വേണ്ട സര്, അവിടെ തുടങ്ങണ്ട, അവിടെ വളരെ പ്രതികൂലമായ അന്തരീക്ഷമാണുള്ളത്. എന്നാല്‍, ഞാനെന്റെ ലക്ഷ്യവുമായി മുന്നോട്ടുപോയി. ഇന്ന് ഞാന്‍ ഹരിയാനയെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. അവര്‍ ഇതിനെ സ്വന്തം കാര്യമായി കാണുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, അവിടെ പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ വലിയ തോതില്‍ മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ തവണ ‘മന് കി ബാതി’ല്‍ ഞാന്‍ രണ്ടു കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന്, ഒരു പൗരനെന്ന നിലയില്‍ നമുക്ക് മഹാപുരുഷന്മാരുടെ പ്രതിമകള്‍ എന്തുകൊണ്ട് ശുചിയാക്കിക്കൂടാ? പ്രതിമ സ്ഥാപിക്കുന്ന കാര്യത്തില്‍ നാം വളരെ വൈകാരികത കാണിക്കാറുണ്ട്. എന്നാല്‍, പിന്നീട് നാം അവയെ ഗൗനിക്കാറില്ല. മറ്റൊരു കാര്യം ഞാന്‍ പറഞ്ഞത് റിപ്പബ്ലിക് ദിനത്തില്‍ നാം നമ്മുടെ കര്‍ത്തവ്യം പാലിക്കുന്നതില്‍ എങ്ങിനെ ഊന്നല്‍ നല്‍കണം എന്നതാണ്. കര്‍ത്തവ്യങ്ങളെ കുറിച്ച് എന്തു ചര്‍ച്ചയാകണം? അവകാശങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനിയും ഈ ചര്‍ച്ച തുടരുകയും ചെയ്യും. എന്നാല്‍ കര്‍ത്തവ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടണമല്ലോ? നാടിന്റെ പല ഭാഗങ്ങളിലും പൗരന്മാര് മുന്നോട്ടു വന്നു.
സാമൂഹ്യ സംഘടനകള്‍ മുന്നോട്ടു വന്നു. വിദ്യാഭ്യാസ സംഘടനകള്‍ മുന്നോട്ടു വന്നു. കുറേ സന്യാസിമാരും വിശിഷ്ട വ്യക്തികളും മുന്നോട്ടു വന്നു. അവരെല്ലാം എവിടെയൊക്കെ പ്രതിമകള്‍ ഉണ്ടോ അവിടെയെല്ലാം അത് വെടിപ്പാക്കി പരിസരം ശുചിയാക്കി – എന്നതില്‍ എനിയ്ക്ക് അതിയായ സന്തോഷം ഉണ്ട്. ഒരു നല്ല കാര്യത്തിന് തുടക്കമായി. ഇത് വെറും ശുചിത്വ ദൗത്യം അല്ല. ആദരവിന്റേതും കൂടിയാണ്. ഞാന്‍ പ്രത്യേകമായൊന്നും എടുത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ലഭിച്ച വാര്‍ത്തകള്‍ സന്തോഷജനകമാണ്. ചിലര്‍ ഒരു പക്ഷേ സങ്കോചംകൊണ്ട് വാര്‍ത്തകള്‍ നല്‍കുന്നില്ല. ഞാന്‍ അവരോടെല്ലാം പറയാന്‍ ആഗ്രഹിക്കുന്നത്, നിങ്ങള്‍ ശുചിയാക്കിയ പ്രതിമയുടെ ചിത്രം MyGov portal  അയച്ചു തരൂ. ലോകം അതു കണ്ട് അഭിമാനം കൊള്ളട്ടെ.
അതുപോലെതന്നെ ജനുവരി 26ന് ‘കര്‍ത്തവ്യങ്ങളും അവകാശങ്ങളും’ എന്നതിനെ കുറിച്ച് ഞാന്‍ ജനങ്ങളോട് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ആയിരക്കണക്കിനാളുകള്‍ അതില്‍ പങ്കെടുത്തു എന്നതില്‍ എനിയ്ക്ക് അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എനിയ്ക്ക് ഒരു കാര്യത്തില്‍ നിങ്ങളുടെ സഹായം വേണം. നിങ്ങള്‍ എന്നെ സഹായിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്. ഞാന്‍ വിവാദങ്ങളില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പ്രകൃതിക്ഷോഭത്തില്‍ തങ്ങളുടെ അദ്ധ്വാനം മുഴുവന്‍ നഷ്ടപ്പെട്ടു പോകുന്നതാണ് കര്‍ഷകരുടെ ഏറ്റവും വലിയ സങ്കടം. അവരുടെ ഒരു വര്‍ഷംതന്നെ നഷ്ടമായിപ്പോകുന്നു.
അവര്‍ക്ക് സംരക്ഷണം നല്കുന്ന ഒരു പദ്ധതി മനസ്സിലുള്ളത് വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 2016ല്‍ ഭാരതസര്‍ക്കാര്‍ കര്‍ഷകര്‍ക്കു കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ‘പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പോളിസി’. എന്നാല്‍ ഇത് പ്രശംസക്കുവേണ്ടിയോ, അഭിനന്ദനങ്ങള്ക്കുവേണ്ടിയോ, പ്രധാനമന്ത്രിയ്ക്ക് ആശംസകള്‍ ലഭിക്കാനോ വേണ്ടിയല്ല. വര്‍ഷങ്ങളായി വിള ഇന്‍ഷുറന്‍സിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍, രാജ്യത്തെ 20-25 ശതമാനത്തിലധികം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെ ഇതുമായി ബന്ധപ്പെടുത്താനും കഴിഞ്ഞിട്ടില്ല. വരുന്ന ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍, കുറഞ്ഞപക്ഷം രാജ്യത്തെ 50 ശതമാനം കര്ഷകരെയെങ്കിലും വിള ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിയ്ക്കാന്‍ കഴിയുന്നതായി നമുക്ക് സങ്കല്പിക്കാന് കഴിയുമോ? അതിനുവേണ്ടിയാണ് എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുള്ളത്. കാരണം,
വിളവകളെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെടുത്തിയാല്‍ ദുരിതസമയങ്ങളില്‍ വലിയ സഹായം ലഭിക്കും. ഇപ്രാവശ്യം കൂടുതല്‍ ജനകീയമാക്കിയതു കാരണം പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പോളിസിക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. അത് വളരെ ലളിതമാക്കിയിട്ടുണ്ട്. സാങ്കേതികമികവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മാത്രമല്ല, വിളവെടുപ്പിനുശേഷം 15 ദിവസത്തിനുള്ളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സഹായം ലഭിക്കുന്നതാണ്. ടെക്നോളജി ഉപയോഗിച്ചുകൊണ്ട്, അത് ദ്രുതഗതിയിലാക്കി ഇന്‍ഷുറന്‍സ് തുക വൈകാതിരിക്കാനുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതുമല്ല, മറ്റൊരു വലിയ കാര്യം, വിള ഇന്‍ഷുറന്‍സിന്റെ പോളിസി പ്രീമിയത്തിന്റെ നിരക്ക് കര്‍ഷകനു ചിന്തിയ്ക്കാന്‍ കഴിയുന്നതിലും താഴെ ആയി നിജപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. പുതിയ പോളിസിയില്‍ കര്‍ഷകര്‍ക്ക് പ്രീമിയത്തിന്റെ കൂടിയ നിരക്ക് വര്‍ഷകാല വിളവെടുപ്പിന് 2 ശതമാനവും വസന്തകാല വിളവെടുപ്പിന് 1.5 ശതമാനവും ആയിരിക്കും. ഇനി പറയൂ, എന്റെ ഏതെങ്കിലും ഒരു കര്‍ഷകസഹോദരന്‍ ഈ കാര്യം അറിയാതിരുന്നാല്‍ അയാള്‍ക്ക് വലിയ നഷ്ടം സംഭവിക്കുമോ ഇല്ലയോ? നിങ്ങള്‍ കര്ഷകനല്ലായിരിക്കാം, എന്നാല്‍ എന്റെ ‘മന് കി ബാത്’ കേട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ ഇക്കാര്യം കര്ഷകരിലെത്തിക്കില്ലേ? അതുകൊണ്ടാണ് ഇത് നിങ്ങള്‍ കൂടുതല്‍ പ്രചരിപ്പിയ്ക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി ഇപ്രാവശ്യം ഞാന്‍ നിങ്ങള്‍ക്കായി ഒരു പുതിയ പദ്ധതിയുംകൂടി കൊണ്ടുവന്നിട്ടുണ്ട്. ‘പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പോളിസിയുടെ’ കാര്യം കൂടുതല്‍ ആളുകളില്‍ എത്തിയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടി.വിയിലും റേഡിയോയിലും തത്സമയം നിങ്ങള്‍ എന്റെ ‘മന് കി ബാത്’ പ്രോഗ്രാം കേള്‍ക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ പിന്നീട് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ സമ്മാനം തരാന്‍ പോകുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലും എന്റെ ‘മന് കി ബാത്’ പരിപാടി കേള്‍ക്കാന്‍ കഴിയും; ഏതു സമയത്തും. നിങ്ങള്‍ ഇത്രമാത്രം ചെയ്താല്‍ മതി. ഒരു മിസ്ഡ് കോള്‍ ചെയ്യുക, നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന്. ‘മന് കി ബാതി’നു വേണ്ടി ഒരു നമ്പര്‍ തീരുമാനിച്ചിട്ടുണ്ട്. 81908 81908. താങ്കള്‍ മിസ്ഡ് കോള്‍ ചെയ്യുമ്പോള്‍ അതിനുശേഷം എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ‘മന് കി ബാത്’ കേള്‍ക്കാന്‍ സാധിക്കും. നിലവില്‍ ഈ സംവിധാനം ഹിന്ദിയില്‍ മാത്രമേ ഉള്ളൂ. എന്നാല്‍ വളരെ പെട്ടെന്നുതന്നെ നിങ്ങളുടെ മാതൃഭാഷയിലും ‘മന് കി ബാത്’ കേള്‍ക്കാനുള്ള അവസരം ലഭിക്കും. അതിനുവേണ്ടിയുള്ള ഏര്‍പ്പാടുകളും നടന്നുകൊണ്ടിരിക്കുന്നു.
എന്റെ പ്രിയ യുവാക്കളേ, നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ജനുവരി 16ന് സ്റ്റാര്‍ട്ട്-അപ്പ് പരിപാടി ആരംഭിച്ചപ്പോള്‍, രാജ്യത്താകമാനമുള്ള ചെറുപ്പക്കാരില്‍ ഒരു പുത്തനുണര്‍വ്വ്, ഒരു പുതിയ ഊര്‍ജ്ജം, ഒരു പുതുചൈതന്യം, പുതിയ ഉത്സാഹം ഒക്കെ എനിയ്ക്കനുഭവപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ ആ പ്രോഗ്രാമിലേയ്ക്ക് വരുന്നതിനായി രജിസ്ട്രേഷന് നടത്തി. എന്നാല്‍ സ്ഥലപരിമിതിമൂലം അവസാനം വിജ്ഞാന് ഭവനില്‍ ആ പരിപാടി നടത്തി. താങ്കള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലായിരുന്നിരിക്കാം. എന്നാല്‍ താങ്ങള്ക്ക് മുഴുവന്‍ സമയവും ഓണ്‍ ലൈന്‍ ആയി അതിന്റെ ഭാഗമായി മാറാം. ഒരുപക്ഷേ, ഏതെങ്കിലും ഒരു പരിപാടി ഇത്രയും മണിക്കൂറുകള്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ അന്യോന്യം ഒരുമിപ്പിച്ചു നിര്‍ത്തിയിരുന്നത് വളരെ വിരളമായിരിക്കും. എന്നാല്‍ അത് സംഭവിച്ചു. ഞാന്‍ കണ്ടിരിക്കുകയായിരുന്നു. സ്റ്റാര്‍ട്ട്-അപ്പിന് എന്ത് ഉത്സാഹമായിരുന്നെന്ന്. എന്നാല്‍, ഒരുകാര്യം, സ്റ്റാര്‍ട്ട്-അപ്പ് എന്നാല്‍ ഐ.ടി. സംബന്ധമായ കാര്യമാണ് എന്നാണ് സാമാന്യജനത്തിന്റെ ചിന്ത. വളരെ അതിനൂതനമായ ഒരു തൊഴില്‍മേഖല. സ്റ്റാര്‍ട്ട്-അപ്പ് ഇവന്റിനുശേഷം ആ ഒരു തെറ്റിദ്ധാരണ മാറി കിട്ടി. ഐ.ടി.യുമായി ബന്ധുപ്പെട്ട സ്റ്റാര്‍ട്ട്-അപ്പ് ഒരു ചെറിയ ഭാഗം മാത്രമാണ്. ജീവിതം വിശാലമാണ്. ആവശ്യങ്ങളും അനന്തമാണ്. സ്റ്റാര്‍ട്ട്-അപ്പും എണ്ണമറ്റ അവസരങ്ങള്‍ കൊണ്ടുവരുന്നു.
ഞാന്‍ അടുത്തിടെ കുച്ചുദിവസം മുന്‍പ് സിക്കിമില്‍ പോയി. സിക്കിം ഇപ്പോള്‍ രാജ്യത്തെ ഓര്‍ഗാനിക് സ്റ്റേറ്റ് ആയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ കൃഷിമന്ത്രിമാരെയും കൃഷി സെക്രട്ടറിമാരെയും ഞാന്‍ അവിടേയ്ക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. എനിക്ക് അവിടെ രണ്ട് ചെറുപ്പക്കാരെ പരിചയപ്പെടാനുള്ള അവസരം കിട്ടി. ഐഐഎമ്മില്‍ പഠിച്ചിറങ്ങിയ അനുരാഗ് അഗര്‍വാളും സിദ്ധി കര്ണാണിയുമായിരുന്നു അവര്‍. അവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഔഷധസസ്യ ജൈവ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നു. അത് ആഗോളതലത്തില്‍ വിപണനം ചെയ്യുന്നു. കഴിഞ്ഞ പ്രാവശ്യം നരേന്ദ്ര മോദിആപ്ലിക്കേഷനിലേയ്ക്ക് സ്വന്തം അനുഭവങ്ങള്‍ അയച്ചുതരണമെന്ന് ഞാന്‍ സ്റ്റാര്‍ട്ട്-അപ്പുമായി ബന്ധപ്പെട്ട ആളുകളോട് പറഞ്ഞിരുന്നു.
ഒരുപാടുപേര് അയച്ചുതന്നിട്ടുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ വന്നാല്‍ എനിക്കു സന്തോഷമാകും. എന്നാല്‍ വന്നവ സത്യത്തില്‍ പ്രേരണാദായകമാണ്. വിശ്വാസ് ദ്വിവേദി എന്ന ചെറുപ്പക്കാരന് ഓണ്‍ ലൈന്‍ കിച്ചണ്‍ സ്റ്റാര്‍ട്ട്-അപ്പ് ചെയ്തുവരുന്നയാളാണ്. ഉപജീവനാര്‍ത്ഥം ജോലി ചെയ്യുന്ന മധ്യവര്‍ഗ്ഗക്കാരായ ജനങ്ങള്‍ക്ക് അവര്‍ ഓണ്‍ലൈന്‍ വഴി ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്ന ജോലിയും ചെയ്യുന്നു. ദിനേശ് പാഠക് എന്നയാള്‍, കര്‍ഷകര്‍ക്കുവേണ്ടി, വിശേഷിച്ച് കന്നുകാലിതീറ്റ മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള മനസിക തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു. നമ്മുടെ നാട്ടിലെ കന്നുകാലികള്‍ക്ക് മികച്ച ആഹാരം കിട്ടുകയാണെങ്കില്‍ നമുക്ക് നല്ല പാല് കിട്ടും. നമുക്കു നല്ല പാല് കിട്ടിയാല്‍ നമ്മുടെ ചെറുപ്പക്കാര്‍ കരുത്തരായി മാറും. മനോജ് ഗില്‍ദ, നിഖില്ജി തുടങ്ങിയവര്‍ കാര്‍ഷികോത്പന്ന സംഭരണത്തില്‍ സ്റ്റാര്‍ട്ട്-അപ്പ് തുടങ്ങി. ഇവര്‍ ഫലവര്‍ഗ്ഗങ്ങളുടെ ശാസ്ത്രീയസംഭരണത്തിനായുള്ള വന്‍കിട സംഭരണസമ്പ്രദായം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനര്‍ത്ഥം വളരെയേറെ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. താങ്കള്‍ ഇനിയും അഭിപ്രായങ്ങള്‍ അയച്ചാലും എനിക്ക് വളരെ സന്തോഷമാകും. എനിക്ക് പലപ്പോഴും ‘മന് കി ബാതി’ല്‍ സ്റ്റാര്‍ട്ട്-അപ്പിനെ കുറിച്ച് സംസാരിക്കേണ്ടിവരും. ശുചിത്വത്തെക്കുറിച്ച് ഞാന്‍ ഓരോ പ്രാവശ്യവും പറയുന്നതുപോലെ സ്റ്റാര്‍ട്ട്-അപ്പിനെക്കുറിച്ചും പറയും. കാരണം നിങ്ങളുടെ അത്യുത്സാഹമാണ് നമ്മുടെ പ്രേരണ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ശുചിത്വം ഇപ്പോള്‍ സൗന്ദര്യത്തോടു ചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളായി നമ്മള് ശുചിത്വമില്ലായ്മയ്ക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ വേണ്ടത്ര ഫലം കണ്ടെത്താനായില്ല. ഇപ്പോള്‍ ജനങ്ങള്‍ ശുചിത്വത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എവിടൊക്കെയോ എന്തൊക്കെയോ കുറച്ചു ശുചീകരണപ്രവൃത്തികളും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ ഒരു ചുവട്കൂടി മുന്പോട്ട് പോയിട്ടുണ്ട്. അവര്‍ ശുചിത്വത്തിനൊപ്പം സൗന്ദര്യബോധംകൂടി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഒരുതരത്തില്‍ സ്വര്‍ണ്ണത്തിനു സുഗന്ധംപോലെ എന്നു പറയുമ്പോലെയാണ്. വിശേഷിച്ച് ഇത് ഇപ്പോള്‍ സാധാരണ കണ്ടുവരുന്നത് റെയില്‍വേ സ്റ്റേഷനുകളില്‍ ആണ്. ഈ ദിവസങ്ങളില്‍ രാജ്യത്തെ പല റെയില്‍വേസ്റ്റേഷനുകളിലും അവിടത്തെ തദ്ദേശവാസികള്‍, പ്രാദേശിക കലാകാരന്മാര്, വിദ്യാര്‍ത്ഥികള്‍ എല്ലാവരും അവരവരുടെ പട്ടണത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ മോടിപിടിപ്പിക്കുന്നതില്‍ സജീവമായി ഇടപെടുന്നതായി ഞാന്‍ കണ്ടുവരുന്നു. പ്രാദേശിക കലയെ അടിസ്ഥാനമാക്കി ചുവരുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുക,
സൈന്‍ബോര്‍ഡുകള്‍ നല്ല രീതിയില്‍ നിര്‍മ്മിക്കുക, ആളുകളെ ജാഗരൂകരാക്കുന്ന സന്ദേശങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്തുക ഇങ്ങനെ എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. ഹസാരിബാഗ് സ്റ്റേഷനില്‍ അവിടുത്തെ ആദിവാസി സ്ത്രീകള്‍ തദ്ദേശീയ കലയായ സോഹരായിയുടെയും കോഹബറിന്റെയും ഡിസൈന്‍കൊണ്ട് മുഴുവന്‍ സ്റ്റേഷനും അലങ്കരിച്ചെന്ന് എന്നോട് ആരോ പറഞ്ഞു. ഠാണ ജില്ലയിലെ 300ല്‍പരം സന്നദ്ധപ്രവര്‍ത്തകര്‍ കിംഗ്സര്‍ക്കിള്‍ സ്റ്റേഷന് മോടിപിടിപ്പിച്ചു. മാട്ടുംഗ, ബോറീവില്ലി, ഖാര് എന്നിവിടങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു. ഈയിടെ രാജസ്ഥാനില്‍നിന്നും ഒരുപാട് വാര്‍ത്തകള്‍ ഇത്തരത്തില്‍ വന്നുകൊണ്ടിരിക്കുന്നു. സവായ് മാധോപൂര്‍, കോട്ടാ തുടങ്ങിയവയും അതില്‍പ്പെടും. റെയില്‍വേ സ്റ്റേഷനുകള്‍ നമ്മുടെ പാരമ്പര്യത്തിന്റെ അടയാളങ്ങളായിമാറും എന്ന് എനിക്കു തോന്നുന്നു. ഓരോരുത്തരും ഇപ്പോള്‍ തീവണ്ടി ജനാലകള്‍വഴി ചായയും കടിയും വില്ക്കുന്നവരെ ആയിരിക്കില്ല തിരയുക. ആ സ്ഥലത്തെ സവിശേഷത എന്താണെന്ന് ട്രെയിനിലിരുന്ന് ചുവരുകളില്‍ പരതുകയാവും ചെയ്യുക. ഇത് റെയില്‍വേയുടെ ഇനീഷ്യേറ്റീവ് അല്ല. മോദിയുടെ ഇനീഷ്യേറ്റീവ് അല്ല. ഇത് പൗരന്മാരുടേതാണ്.
നോക്കൂ, പൗരന്മാര് പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്. എന്നാല്‍ എനിക്കു കിട്ടിയ കുറച്ചു ചിത്രങ്ങളാണ് ഞാന്‍ നോക്കിയിരിക്കുന്നത്. ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ മനസ്സു കൊതിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലോ മറ്റെവിയെടെങ്കിലുമോ ആരെങ്കിലും ശുചിത്വത്തിനൊപ്പം സൗന്ദര്യവത്ക്കരണത്തിനുവേണ്ടികൂടി എന്തെങ്കിലും പ്രയത്നിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവ എനിക്ക് അയച്ചുതരാന്‍ കഴിയുമോ? തീര്‍ച്ചയായും ആരു തന്നാലും ഞാന്‍ അതു ശ്രദ്ധിക്കും. ജനങ്ങളും അതു കാണും. മറ്റുള്ളവര്‍ക്ക് അത് പ്രചോദനങ്ങളാകും. റെയില്‍വേ സ്റ്റേഷനുകളില്‍ ചെയ്യാന്‍ കഴിയുന്നത് ബസ് സ്റ്റേഷനുകളിലും ചെയ്യാന്‍ കഴിയും. ആശുപത്രികള്‍, സ്കൂളുകള്‍, ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍ എന്നിവയുടെ പരിസരങ്ങളിലും ഇത്തരം സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആകാം. പാര്‍ക്കുകളിലും തോട്ടങ്ങളിലും ഇത് സാധിക്കും. ഇതിന് എത്രമാത്രം സാധ്യതകളാണുള്ളത്. ഇങ്ങനെ ചിന്തിച്ചവരും, അവ തുടങ്ങിവച്ചവരും, അതിനെ മുന്നോട്ടു കൊണ്ടുപോയവരും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ എനിക്ക് തീര്‍ച്ചയായും ഫോട്ടോ അയച്ചുതരണം. നിങ്ങള്‍ എന്തു ചെയ്തു എന്നു കാണാന്‍ ഞാനും ആഗ്രഹിക്കുന്നു.
എന്റെ പ്രിയ നാട്ടുകാരേ, ഫെബ്രുവരി ആദ്യആഴ്ചയില്‍ 4-ാം തീയതി മുതല്‍ 8-ാം തീയതിവരെ ഭാരതം വളരെ വലിയൊരു സമ്മേളനത്തിന് ആതിഥ്യം ഒരുക്കുന്നു എന്നത് വളരെ അഭിമാനകരമായ ഒരു കാര്യമാണ്. ലോകം മുഴുവന്‍ നമ്മുടെ അതിഥികളായി ഇവിടെ വരാന്‍ പോകുന്നു. നമ്മുടെ നാവികസേന ആ ആതിഥ്യത്തിനുവേണ്ടി ആവേശകരമായ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ പല രാജ്യങ്ങളിലെയും യുദ്ധക്കപ്പലുകള്‍, നാവികസേനയുടെ കപ്പലുകള്‍ തുടങ്ങിയവ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സമുദ്രതീരത്ത് സമ്മേളിയ്ക്കാന്‍ പോകുന്നു. ഇന്ത്യന്‍ സമുദ്രതീരത്താണ് ഇന്റര്‍നാഷണല്‍ ഫ്ളീറ്റ് റിവ്യൂ നടക്കാന്‍ പോകുന്നത്. ലോകസൈന്യശക്തിയ്ക്കും നമ്മുടെ സൈന്യശക്തിയ്ക്കും ഒത്തുചേരലിനുള്ള ഒരു അവസരം. ഇത് ഒരു സംയുക്ത ഉദ്യമം ആണ്. വരുംനാളുകളില്‍ നിങ്ങള്‍ക്ക് ടി.വി. മാധ്യമങ്ങളിലൂടെ അതിനെക്കുറിച്ചുള്ള വാര്‍ത്തകളും മറ്റ് വിവരങ്ങളും കിട്ടും.
കാരണം, അതൊരു വലിയ പരിപാടിയാണ്. എല്ലാവരും അതിനുവേണ്ട സഹായങ്ങള്‍ തരുന്നുണ്ട്. ഭാരതം പോലൊരു രാജ്യത്തെ സംബന്ധിച്ച് ഇത് വളരെ വലിയ കാര്യമാണ്. ഭാരതത്തിന് സുവര്‍ണ്ണമായ ഒരു സമുദ്രചരിത്രമുണ്ട്. സംസ്കൃതത്തില്‍ കടലിന് ഉദധി, സാഗരം എന്നൊക്കെയാണ് പറയുന്നത്. അനന്തപ്രചുരത എന്നാണതിനര്‍ത്ഥം. അതിരുകള്‍ നമ്മെ വേര്പിരിക്കുന്നുണ്ടാകാം. സ്ഥലങ്ങള്‍ നമ്മളെ തമ്മിലകറ്റുന്നുണ്ടാകാം. എന്നാല്‍ ജലം നമ്മെ യോജിപ്പിക്കുന്നു. സമുദ്രം നമ്മെ ഒന്നിപ്പിക്കുന്നു. സമുദ്രംവഴി നമുക്കു നമ്മളോടുബന്ധപ്പെടാം. ആരുമായും ബന്ധം സ്ഥാപിക്കാം. നമ്മുടെ പൂര്‍വ്വികര്‍ ശതാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ആഗോളയാത്രയും വ്യാപാരവും നടത്തി ആ കരുത്ത് തെളിയിച്ചിരുന്നു. അത് ഛത്രപതി ശിവജി ആകട്ടെ, ചോള സാമ്രാജ്യമാകട്ടെ, സാമുദ്രികശക്തിയുടെ കാര്യത്തില്‍ അവര്‍ സ്വന്തമായ ഒരു തിരിച്ചറിവ് ഉണ്ടാക്കിയിരുന്നു. ഇന്നും നമ്മുടെ പല സംസ്ഥാനങ്ങളിലും സമുദ്രവുമായി ബന്ധപ്പെട്ട പല പാരമ്പര്യങ്ങളും നിലനില്ക്കുന്നു. ഉത്സവത്തിന്റെ രൂപത്തില്‍ പല ആഘോഷങ്ങളും നടക്കുന്നു. ലോകം ഭാരതത്തിന്റെ അതിഥി ആകുമ്പോള്‍ നാവികസേനയുടെ ശക്തി അറിയുന്നു. ഒരു നല്ല അവസരമാണ്. ഈ വിശ്വ സന്ദര്‍ഭത്തില്‍ പങ്കു ചേരാനുള്ള ഒരു സൗഭാഗ്യം എനിക്കും ലഭിക്കും.
ഭാരതത്തിന്റെ കിഴക്കേ അറ്റത്ത് ഗുവാഹട്ടിയില്‍ കായിക ഉത്സവം അരങ്ങേറുന്നു. സാര്‍ക്ക് രാജ്യങ്ങളുടെ കായികോത്സവം. സാര്‍ക്ക് രാജ്യങ്ങളിലെ ആയിരക്കണക്കിന് കളിക്കാര്‍ ഗുവാഹട്ടിയുടെ മണ്ണില്‍ വന്നുകൊണ്ടിരിക്കുന്നു. കളിയുടെ അന്തരീക്ഷം, കളിയുടെ ഉത്സാഹം സാര്‍ക്ക് രാജ്യങ്ങളിലെ പുത്തന്തലമുറയുടെ ഒരു ഭക്ഷ്യോത്സവം അസ്സമില്‍ ഗുവാഹട്ടിയുടെ മണ്ണില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതും നമ്മുടെ സാര്‍ക്ക് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരു നല്ല അവസരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ തുടക്കത്തില്‍ പറഞ്ഞുവല്ലോ, എന്റെ മനസ്സില്‍ വരുന്നത് എന്റെ മനസ്സ് ആഗ്രഹിക്കുന്നത് എന്താണോ അത് നിങ്ങളോട് തുറന്ന് പറയാം. വരുംദിവസങ്ങളില്‍ പത്തും പതിനൊന്നും ക്ലാസ്സുകളിലെ പരീക്ഷകള്‍ നടക്കാന്‍ പോകുകയാണ്. കഴിഞ്ഞ പ്രാവശ്യം ‘മന് കി ബാതി’ല്‍ ഞാന്‍ പരീക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഇപ്രാവശ്യം എനിയ്ക്കൊരാഗ്രഹം ഉണ്ട്. വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, ഉത്ക്കണ്ഠാരഹിതമായി പരീക്ഷാനാളുകളില്‍ എങ്ങിനെ കഴിഞ്ഞുവെന്നും, വീടുകളില്‍ ശാന്തമായ അന്തരീക്ഷം ഉണ്ടായിരുന്നെന്നും ഗുരുജനങ്ങളും അദ്ധ്യാപകരും എന്തു പങ്ക് വഹിച്ചുവെന്നും സ്വയം എന്തൊക്കെ ചെയ്തെന്നും നിങ്ങളോട് മുതിര്‍ന്നവരും അവരോട് നിങ്ങളും എന്ത് പറഞ്ഞുവെന്നും ചെയ്തുവെന്നുമുള്ള നിങ്ങളുടെ നല്ല അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ.
ഇപ്രാവശ്യം നമുക്ക് ഒരു കാര്യം ചെയ്യാം. നിങ്ങള്‍ നിങ്ങളുടെ അനുഭവം എനിക്ക് നരേന്ദ്രമോദി ആപ്ലിക്കേഷനില്‍ അയച്ചുതന്നാലും. അവയില്‍ ഉള്ള നല്ല കാര്യങ്ങള്‍ വരുന്ന ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ അവരവരുടെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ഞാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കും. അതുവഴി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അതു വായിക്കുകയും ടി.വിയില്‍ കാണുകയും ചെയ്യും. അങ്ങിനെ അവര്‍ക്കും എങ്ങിനെ ഉത്ക്കണ്ഠാരഹിതമായി, സംഘര്‍ഷരഹിതമായി, കളിച്ചും ചിരിച്ചും പരീക്ഷ എഴുതാം എന്നുള്ള മരുന്ന് കൈയില്‍ കിട്ടും. എന്റെ മാധ്യമസുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ എന്നെ സഹായിക്കും എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. എന്നാല്‍ നിങ്ങള്‍ എല്ലാം എനിക്ക് ഇത് അയച്ചുതന്നാലെ മാധ്യമങ്ങള്‍ക്ക് സഹായിക്കാനാകൂ. അയയ്ക്കില്ലേ? തീര്‍ച്ചയായും അയയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: