1918 ല്‍ കോട്ടയത്തെ ഹിന്ദുക്കളുടെയിടയില്‍ പ്രക്ഷോഭജനകമായ ഒരു സംഭവം നടന്നു. അതാണ് അന്നത്തെ പത്രപംക്തികളില് വലിയ അക്ഷരങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ഗൗരിയമ്മക്കേസ്.’ ഗൗരിയമ്മ എന്നു പേരുള്ള ഒരു നായര്‍യുവതിയെ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനംചെയ്യിക്കാനുള്ള സംരംഭത്തില്‍നിന്നുണ്ടായ ഒന്നായിരുന്നു ആ കേസ്. നാനാജാതിമതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയം പട്ടണം സമുദായസൗഹാര്‍ദ്ദം പുലര്‍ത്തുന്ന വിഷയത്തിലും ഒട്ടും പിന്നോക്കമല്ല. ഇന്നവിടം വിവിധ സഭാവിഭാഗത്തില്‍ട്ടെ ്രൈകസ്തവരുടെ ഒരു മതപ്രവര്‍ത്തനകേന്ദ്രംകൂടിയാണ്.
വിദ്യാഭ്യാസവിഷയത്തിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കോട്ടയം സി.എം.എസ്. കോളേജുതന്നെ ആ സഭക്കാരുടെ വകയാണല്ലോ. തിരുവിതാംകൂറിലെന്നല്ല, ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും തൂലം പാശ്ചാത്യപരിഷ്കാരം പരത്തുവാനും ആംഗ്ലിക്കന്‍സഭയിലെ പ്രവര്‍ത്തകര്‍ വളരെ പരിശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമം മിക്കവാറും ഫലിച്ചിട്ടുമുണ്ട്. മുന്‍കാലത്ത് സി.എം.എസ്കാരുടെ വിദ്യാലയങ്ങളിലെ പ്രധാനപ്പെട്ട അദ്ധ്യാപകരെല്ലാം തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍കൂടിയായിരുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. വിദ്യാലയത്തിന്റെ അകത്തും പുറത്തുംവച്ച് ആ ജോലി അവര്‍ നിര്‍വിഘ്നം നടത്തിക്കൊണ്ടാണിരുന്നത്. ഹിന്ദുമതത്തില്‍ട്ടെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുമതവിശ്വാസം വളര്‍ത്തുവാന്‍ പ്രത്യക്ഷമായും പരോക്ഷമായും യത്നിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള പ്രയത്നത്തിന്റെ ഫലമായുണ്ടായതാണ് കോട്ടയത്തെ ഗൗരിയമ്മക്കേസ്.
കോട്ടയത്തിനടുത്ത് പള്ളം എന്ന സ്ഥലത്ത് കോണ്‍വെന്റുവക ഒരു ഇംഗ്ലീഷ് ഹൈസ്കൂള്‍ ഉണ്ടായിരുന്നു. ബാലികമാര്‍ക്കു മാത്രമേ അതില്‍ പ്രവേശനമുണ്ടായിരുന്നുള്ളു. ആ ഹൈസ്കൂളില്‍ 1918ല്‍ മറിയപ്പള്ളി സ്വദേശിനിയായ ഗൗരിയമ്മ എന്നൊരു നായര്‍ വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരുന്നു. കോണ്‍വെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ഒരു മദാമ്മയാണ്. അവര്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍കൊണ്ട് ഗൗരിയമ്മയെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ നല്ലതുപോലെ ശ്രമിച്ചു.
മൃദുലമാനസയായ ആ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വിടാതെ മദാമ്മ തന്റെകൂടെ താമസിപ്പിച്ച് ക്രിസ്തുമതോപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലവാസികളായ ഹിന്ദുക്കള്‍ പ്രക്ഷുബ്ധരായി ആ കുട്ടിയെ വീണ്ടെടുക്കുവാന്‍ മുന്പോട്ടുവന്നു. അതറിഞ്ഞു മദാമ്മയും കൂട്ടരും ഗൗരിയമ്മയെ കോട്ടയം സി.എം.എസ്. കോളേജിനടുത്തുള്ള ”ആസ്ക്വിത്തു” സായിപ്പിന്റെ ബംഗ്ലാവില്‍കൊണ്ടുചെന്ന് ഗോപ്യമായി താമസിപ്പിച്ചു. ശ്രീ ആസ്ക്വിത്തുസായി്പ്പ് അന്ന് കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ഗൗരിയമ്മ താമസിക്കുന്ന വിവരം അവളുടെ രക്ഷാകര്‍ത്താക്കള്‍ക്കെങ്ങനെയോ മനസ്സിലായി. അതനുസരിച്ച് ആ രക്ഷാകര്‍ത്താക്കളും ചില ബന്ധുക്കളുംകൂടി ആസ്ക്വിത്തിന്റെ സമീപത്തുചെന്ന് ഗൗരിയമ്മയെ തങ്ങളെ ഏല്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, ഒരു പാതിരികൂടിയായിരുന്ന ആ ധ്വരവര്യന്‍ അവരുടെ അപേക്ഷയെ അവജ്ഞയോടുകൂടി തിരസ്കരിക്കുകയാണുണ്ടായത്. എല്ലാ മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും ഗൗരിയമ്മയെ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ തീവ്രമായി പരിശ്രമിച്ചു. തന്നിമിത്തം കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ അല്പമായി ഒന്നേറ്റുമുട്ടേണ്ടിയും വന്നു.
ആ ഘട്ടത്തില്‍, കോട്ടയത്തെ അഭിഭാഷകപ്രമാണികളായിരുന്ന ശ്രീ എസ്. കൃഷ്ണയ്യര്‍, സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ. നാരായണപിള്ള. ശ്രീ എ. എന്‍ പണിക്കര്‍ മുതലായ മാന്യന്മാര് ഹിന്ദുക്കളുടെ നേതൃത്വം ഏറ്റെടുത്ത് നിയമവശത്തുകൂടി ഗൗരിയമ്മയെ വീണ്ടെടുക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് ശ്രീ ഗൗരിയമ്മയുടെ പിതാവ് തന്റെ മകളെ വീണ്ടുകിട്ടണമെന്നു കാണിച്ച് മജിസ്ട്രേട്ടു മുമ്പാകെ ഒരു ഹര്‍ജി സമര്‍പ്പിച്ചു. മതപരിവര്‍ത്തനം നടത്താതെ മൈനറായ ഗൗരിയമ്മയെ തിരിയെകിട്ടണമെന്നായിരുന്നു ആ ഹര്‍ജിയുടെ ചുരുക്കം. കുട്ടി മേജറാണെന്നും സ്വമനസ്സാലെ മതപരിവര്‍ത്തനത്തിനൊരുങ്ങിയതാണെന്നും ആസ്ക്വിത്ത് സായി്പ്പ് കോടതിയില്‍ വാദിച്ചു. ആ ഹര്‍ജിയെ സംബന്ധിച്ച് പ്രശസ്തരായ വക്കീലന്മാരുടെ വാദപ്രതിവാദങ്ങള്‍ കേട്ടതിനുശേഷം ഗൗരിയമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുവാന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍, ക്രിസ്ത്യന്‍സമുദായത്തിന്റെ പിന്‍ബലത്തോടുകൂടിയ സായിപ്പിന്റെ സ്വാധീനശക്തി അന്ന് ചില്ലറയൊന്നുമല്ലായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മേല്ക്കോയ്മയില് കഴിഞ്ഞിരുന്ന അന്നത്തെ തിരുവിതാംകൂറില്‍ യൂറോപ്യന്മാര് യജമാനഭാവം നടിക്കുന്ന ഗര്വ്വിഷ്ഠന്മാര് കൂടിയായിരുന്നു. അതിനാല്‍, ഗൗരിയമ്മയെ എന്തുവന്നാലും വിട്ടുകൊടുക്കയില്ലെന്ന് ആസ്ക്വിത്തുസായി്പ്പ് ശഠിച്ചു. അക്കാലത്തു കോട്ടയം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്നത് സുപ്രസിദ്ധനായ ശ്രീ പിച്ചുവയ്യങ്കാരായിരുന്നു.
ധീരനായ അദ്ദേഹത്തിന്റെ സമയോചിതവും നയപരവുമായ നടപടിനിമിത്തം വലിയ കുഴപ്പമൊന്നും കൂടാതെ ഗൗരിയമ്മയെ സായിപ്പിന്റെ ബംഗ്ലാവില്‍നിന്ന് വീണ്ടെടുത്ത് പോലീസ് സംരക്ഷണയില്‍ പാര്‍പ്പിച്ചു. തുടര്‍ന്നുനടന്ന കേസുവിചാരണയുടെ ഫലമായി ഗൗരിയമ്മ മേജറാണെന്നും അവര്‍ക്കിഷ്ടംപോലെ പ്രവര്‍ത്തിക്കുവാന്‍ അധികാരമുണ്ടെന്നും മജിസ്ട്രേട്ട് വിധിച്ചു. കോടതിയില്‍ നിന്ന് സ്വതന്ത്രയായി വെളിയിലേയ്ക്കുവരുന്ന ശ്രീ ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ ആസ്ക്വിത്തുസായിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികളും ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുപ്പിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും തയ്യാറെടുത്തുനിന്നു. ആ സ്വീകരണത്തില്‍ രണ്ടുകൂട്ടരും തങ്ങളുടെ കായബലം നല്ലതുപോലെ പരീക്ഷിച്ചു നോക്കി. ശ്രീ കേശവക്കുറുപ്പിന്റെ സുദീര്‍ഘവും ബലിഷ്ഠവുമായ ശരീരത്തിന്റെ ശക്തിനിമിത്തം ഗൗരിയമ്മയെ ഹിന്ദുക്കള്‍ക്കുതന്നെ സ്വീകരിക്കുവാന്‍ കഴിഞ്ഞു. ഗൗരിയമ്മയെയുംകൊണ്ട് അവരുടെ രക്ഷാകര്‍ത്താക്കളുള്‍പ്പടെ ഹിന്ദുക്കള്‍ ബോട്ടുവഴി കോട്ടയത്തുനിന്ന് ചേര്‍ത്തലവരെ ഒരു ജൈത്രയാത്രനടത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ആ യാത്രയില്‍,ശ്രീമതി ഗൗരിയമ്മയെ, രാമന്‍പിള്ള എന്നു പേരുള്ള ഒരു കോളേജുവിദ്യാര്‍ത്ഥി ചേര്‍ത്തലവച്ച് വിവാഹം കഴിക്കുകയുണ്ടായി.
ശ്രീമതി ഗൗരിയമ്മ ക്രിസ്തുമതത്തിലേക്കു പോകാതെ വിവാഹിതയായി ഹിന്ദു സമുദായത്തില്‍ത്തന്നെ നില്ക്കാന് നിര്ബ്ബദ്ധയായെങ്കിലും, അവരുടെ ക്രിസ്തുമതവിശ്വാസം അത്രമാത്രം കൊണ്ടു മാറിയില്ല അവര്‍ വീണ്ടും ക്രിസ്തുമതത്തില്‍ ചേരുമെന്ന് പലരും ആശങ്കിച്ചു. അതുകൊണ്ട്, ഗൗരിയമ്മയുടെ രക്ഷാകര്ത്താക്കള് അവരെയുംകൊണ്ട് അന്നു മന്നക്കുന്നത്തു ബംഗ്ലാവില്‍ വിശ്രമിച്ചിരുന്ന ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ സമീപത്തില്‍ ചെന്നുചേര്‍ന്നു. സ്വാമിജിയുടെ കുറച്ചുസമയത്തെ ഉപദേശംകൊണ്ടുതന്നെ ഗൗരിയമ്മയ്ക്ക് ഹിന്ദുമതത്തില്‍ നല്ല വിശ്വാസമുണ്ടായി. മദാമ്മയില്‍നിന്നു കേട്ടുമനസ്സിലാക്കിയിരുന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നും എല്ലാ മതങ്ങളിലുംവച്ച് പുരാതനവും വിശിഷ്ടവുമായ ഒന്നാണ് തന്റെ ഹിന്ദുമതം എന്നും കൂടി ഗൗരിയമ്മയ്ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. അവര്‍ പിന്നീട് സ്വാമിജിയെ സന്ദര്‍ശിച്ച് അവിടുത്തെ ഉപദേശങ്ങള്‍ കേട്ടുകൊണ്ടിരുന്നു. സ്വാമിജി അവര്‍ക്കു ചില അനുഷ്ഠാനക്രമങ്ങളും ഉപദേശിച്ചുകൊടുത്തു. സമുദായത്തിന് വരുത്തിയ അപമാനത്തെ പരിഹരിക്കേണ്ടതുണ്ടെന്നും അതിനു സ്വാമിജി തന്നെ വഴികാട്ടണം എന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്വാമിജിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് സാമുദായികാഭിവൃദ്ധിയോടും ആത്മീയോന്നമനത്തോടുംകൂടി അവര്‍ ജീവിച്ചു. പിന്നീട് ഒരദ്ധ്യാപികയായി ജോലിനോക്കിയതിനുശേഷം പുത്രപൗത്രാദികളോടുകൂടി അവര്‍ സസുഖം ജീവിച്ചു എന്നാണു അറിവ്.
ശ്രീ ഗൗരിയമ്മയുടെ മതപരിവര്‍ത്തനസംരംഭം തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഹൃദയത്തെ ഒന്നു തട്ടി ഉണര്‍ത്തുകതന്നെചെയ്തു. അതിന്റെ ഫലമായി പല സ്ഥലത്തും പ്രതിഷേധപ്രകടനങ്ങളും ഹിന്ദുസാമാന്യത്തിന് മതാഭിമാനം വളര്‍ത്തത്തക്ക പ്രവര്‍ത്തനങ്ങളും തുടങ്ങി. കോട്ടയത്ത് മതാഭിമാനികളായ ശ്രീ എ.എന്‍. പണിക്കര്‍ ബി.എ.ബി.എല്‍. ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുപ്പ് തുടങ്ങിയ പ്രമാണികള്‍ മതവിദ്വേഷം വളര്‍ത്തത്തക്കവിധത്തിലുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തന പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് പല പദ്ധതികളും തയ്യാറാക്കി. സാമാന്യജനങ്ങളുടെയിടയില്‍ ഹിന്ദുമതബോധം വളര്‍ത്തുവാനുള്ള പരിപാടികള്‍ക്കാണ് അവയില്‍ പ്രാമാണ്യം കല്പിക്കപ്പെട്ടത്. അതിനുവേണ്ടി ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളെത്തന്നെ ആചാര്യനായി ആ മാന്യന്മാര് വരിച്ചു.
അതനുസരിച്ച്, മതവിഷയകമായ പ്രസംഗപരമ്പരയാണ് സ്വാമിജി നടപ്പില്‍വരുത്തിയത്. തിരുനക്കര അമ്പലത്തിനു മുന്‍വശത്തുണ്ടായിരുന്ന ആല്‍ത്തറയ്ക്കല്‍ നിന്ന് പകല്‍ അഞ്ചുമണിമുതല്‍ രണ്ടും മൂന്നും മണിക്കൂര്‍നേരം തുടര്‍ച്ചയായി സ്വാമിജി പ്രസംഗപരമ്പര നടത്തിക്കൊണ്ടിരുന്നു. സ്വാമിജിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ സര്‍വമതാവലംബികളും വന്നുകൊണ്ടാണിരുന്നത്. അന്ന് ഹിന്ദുമതപ്രഭാഷകന്മാരില്‍ പലരും ക്രിസ്തുമതത്തേയും ക്രിസ്തുമതപ്രഭാഷകന്മാരില്‍ പലരും ഹിന്ദുമതത്തേയും എതിര്‍ത്തും നിന്ദിച്ചുമാണ് സാധാരണ പ്രസംഗം നടത്തിയിരുന്നത്. എന്നാല്‍, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ ആ രീതിയിലല്ലായിരുന്നു.
എല്ലാ മതങ്ങളുടേയും സാരം ഈശ്വരസാക്ഷാത്ക്കാരമാണെന്നു തെളിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നത്. ഉപനിഷത്തുകള്‍, ഗീതകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ മുതലായവയില്‍ നിന്നെന്നപോലെ ബൈബിളില്‍നിന്നും ഖുറാനില്‍ നിന്നും ”ധര്‍മ്മപദ”ത്തില്‍നിന്നും അനേകം വാക്യങ്ങളുദ്ധരിച്ച് സര്‍വ്വമതസാമരസ്യം ശ്രോതാക്കള്‍ക്കദ്ദേഹം തെളിയിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍, എല്ലാ മതക്കാരും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അദ്ദേഹം അപലപിക്കുവാന്‍ മടിച്ചിരുന്നില്ല. സ്വസമുദായത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാനുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനസംരംഭത്തെ ആ പ്രസംഗപരമ്പരയില്‍ സ്വാമിജി നിശിതമായി വിമര്‍ശിക്കുമായിരുന്നു. യഥാര്‍ത്ഥമതപരിവര്‍ത്തനമെന്നു പറയുന്നത് മനുഷ്യമനസ്സ് ഈശ്വരാഭിമുഖമായിത്തീരുകയാണെന്നായിരുന്നു അവിടുത്തെ വാദം. അതിനുവേണ്ടി ശ്രമിക്കുവാന് സ്വാമിജി സകല മതക്കാരെയും ആഹ്വാനം ചെയ്യുമായിരുന്നു. മതബോധവും മാനസികസംസ്കാരവും ഇല്ലാത്തവരുടെ അന്യമതത്തിലേയ്ക്കുള്ള മാറ്റം മതപരിവര്‍ത്തനമല്ല സമുദായപരിവര്‍ത്തനമാണ് എന്നദ്ദേഹം സയുക്തികം സ്ഥാപിച്ച് പലപ്രഭാഷണങ്ങളും അക്കാലത്ത് നടത്തിയിട്ടുണ്ട്.
സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ഹിന്ദുക്കളെപ്പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും വലിയ താത്പര്യമായിരുന്നു. അന്ന് റസല്‍മിഷ്യനിലെ ജോസഫ്, ഉമ്മന്‍ എന്ന രണ്ടു പ്രവര്ത്തകന്മാര് സ്വാമിജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും ക്രമേണ സ്വാമിജിയുടെ ആരാധകന്മാരും വേദാന്തികളുമായിത്തീര്‍ന്ന കഥ പ്രസ്താവ്യമാണ്. കൂടാതെ, കോട്ടയത്തുള്ള കോളേജിലും ഹൈസ്കൂളുകളിലും പഠിച്ചിരുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്വാമിജിയുടെ പ്രസംഗസ്ഥലത്ത് ഹാജരായിക്കൊണ്ടിരുന്നു. അവരില്‍ പലരും പില്ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യാരായിത്തീര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ്കാരുടെ കാലത്ത് തന്നെ കേരളത്തില്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പാതിരിമാര്‍ ശ്രമിച്ചതിന്റെ ചരിത്രപരമായ തെളിവാണ് ഗൗരിയമ്മക്കേസ്. ആ സംഭവം അക്കാലത്ത് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമിജിയുടെ പ്രസംഗങ്ങള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ജനങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മതബോധം ഉണ്ടാക്കുവാനും സഹായിച്ചു എന്നത് പ്രസ്താവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: