ഔദ്യോഗികഭാഷ ഉന്നതതലയോഗം ഏതാനും മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും ഇനിമുതല്‍ മലയാളത്തില്‍ മാത്രമായിരിക്കുമെന്നും മറ്റും എല്ലാ വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും പിഴവരുത്തിയാല് ഗൗരവമായ നടപടി ക്ഷണിച്ചുവരുത്തുമെന്നും സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുള്ളതായും അറിയുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍വാഹനങ്ങളിലെ ബോര്‍ഡുകള്‍പോലും മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് മറ്റൊരു സര്‍ക്കുലറും നിലവിലുള്ളതായി അറിയുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ 67-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലും ഗവര്‍ണറുടെ റിപ്പബ്ലിക്ദിന സന്ദേശം ഇംഗ്ലീഷില്‍ മാത്രമായിരുന്നു വിതരണം ചെയ്തത്. കുറച്ച് മലയാളം പരിഭാഷകൂടി വിതരണം ചെയ്ത് കാലോചിതമായ മാറ്റം ഇനിയും വരുത്തേണ്ടതായിരിക്കുന്നു. സര്‍ക്കാര്‍ രേഖകളെല്ലാം മലയാളത്തിലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും വായിച്ചെടുക്കാനും കഴിയുമായിരുന്നു. ജനത്തിന് കിട്ടുന്ന സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ഇപ്പോഴും ഇംഗ്ലീഷില്‍തന്നെ. കോടതി ഭാഷപോലും മലയാളത്തിലാക്കണമെന്നുള്ള നിയമസഭാസമിതിയുടെ കണ്ടെത്തല്‍ എങ്ങുമെത്തിയിട്ടില്ല.
സര്‍ക്കാറിലെ ഒട്ടുമിക്ക ഉന്നത ഉദ്യോഗസ്ഥര്‍ക്കും മമത ഇപ്പോഴും ഇംഗ്ലീഷിനോടാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വേതന പരിഷ്കരണ ഉത്തരവ് ഇംഗ്ലീഷിലാണ് ധനകാര്യവകുപ്പ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. പ്രായാധിക്യമുള്ള പെന്‍ഷന്‍കാരുടെ ക്ഷേമം ലക്ഷ്യംവച്ച് അനാവശ്യ കടലാസുകള്‍ ഒഴിവാക്കി സാധാരണക്കാരന് കൂടി മനസിലാകുന്ന വിധത്തില്‍ തനത് ശൈലിയായ ഇംഗ്ലീഷിനൊപ്പം കുറച്ച് മലയാളപരിഭാഷ കൂടി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് താത്പര്യപ്പെടുന്നു.
മുരളി,നെയ്യാറ്റിന്‍കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: