ക്രിക്കറ്റ് താരം നാതു ഭാരത് സിംഗിന്റെ ജീവിതം സിന്‍ഡ്രലാ കഥ പോലെ വിസ്മയം ജനിപ്പിക്കുന്നത്. കടമെടുത്ത തുക ദശലക്ഷങ്ങളായി മാറിയ അത്ഭുതത്തില്‍ പകച്ച് നില്‍ക്കുകയാണ് നാതുവും അച്ഛന് ഭാരത് സിംഗും അടങ്ങുന്ന കുടുംബം. നാല് വര്‍ഷം മുമ്പ് അച്ഛന് പലിശയ്ക്കെടുത്ത 10000 രൂപയാണ് ജയ്പൂര്‍ പ്രീമിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചേരാന്‍ നാതുവിനെ സഹായിച്ചത്. അച്ഛന്റെ പിന്തുണയാണ് തന്നെ ഇപ്പോഴുള്ള നിലയിലേക്കെത്തിച്ചതെന്ന് നാതു പറയുന്നു.
അധികം വിദ്യാസമ്പനരും ഉയര്‍ന്ന ജോലിക്കാരുമായിരുന്നില്ല നാതുവിന്റെ മാതാപിതാക്കള്‍. ജയ്പൂരിന് പുറത്തായി ഇലക്ട്രിക്ക് വയറുകള്‍ ഉത്പാദിപ്പിക്കുന്ന ചെറുകിട കമ്പനിയിലെ കൂലിവേലക്കാരനായിരുന്നു ഭാരത് സിംഗ്. മാസം എണ്ണായിരം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം. 12000 രൂപയാണ് തങ്ങള്‍ ഇതുവരെ ഒരുമിച്ച് കണ്ട ഏറ്റവും വലിയ തുകയെന്ന് ഈ കുടുംബം പറയുന്നു.
എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായി നാതുവന്റേയും കുടുംബത്തിന്റേയും ജീവിതം ഇന്ന് മാറി മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ഐപിഎല്‍ ലേലമാണ് ഈ കുടുംബത്തെ സിന്‍ഡ്രലാ കഥയോട് ഉപമിക്കും വിധം പ്രാപ്തമാക്കിയത്.
വെറും പത്ത് ലക്ഷമായിരുന്നു രാജസ്ഥാനില്‍ നിന്നുള്ള നാതുവിന്റെ അടിസ്ഥാന വില. മുംബൈ ഇന്ത്യന്‍സ് കൊത്തിയെടുക്കുമ്പോള്‍ നാതുവിന് വേണ്ടി ലേലതുകയായി മറിഞ്ഞത് 3.2 കോടി രൂപ! എല്ലാം ദൈവത്തിന്റെ കൃപയെന്ന് പറഞ്ഞ് അപ്പോഴും ഈ കുടുംബം ആശ്വസിക്കുന്നു.
രാജസ്ഥാനില്‍ നിന്നുള്ള ഇരുപതുകാരന് നാതു മികച്ച ഫാസ്റ്റ് ബോളറാണ്. മണിക്കൂറില്‍ 140 കിലോമീറ്ററിലധികം വേഗത്തില്‍ പന്തെറിയുന്ന ഈ കൊച്ചു മിടുക്കനെ വല വീശി പിടിക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ദല്‍ഹി ഡെയര്ഡെവിള്സുമെല്ലാം രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവസാനം മുംബൈ ഇന്ത്യന്‍സിന്റ കീശയിലാകുകയായിരുന്നു നാതു.
മികച്ച പ്രകടനമാണ് നാതുവിനെ മുംബൈ ഇന്ത്യന്‍സ് നിരയില്‍ എത്തിച്ചത്. രഞ്ജി ട്രോഫിയില്‍ ദല്‍ഹിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ഏറിഞ്ഞിട്ടത് ഏഴ് വിക്കറ്റുകള്‍. അന്നേരം മുതല്‍ നാതു അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ശിച്ച് കഴിഞ്ഞിരുന്നെന്ന് രാജസ്ഥാന് ബോളിംഗ് കോച്ച് പി കൃഷ്ണകുമാര്‍ പറയുന്നു. 140 കിലോമീറ്ററിലധികം വേഗത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്ന നാതുവിന് എംആര്‍എഫ് അക്കാദമിയുടെ സഹായവും നിലവാരം കൂട്ടാന്‍ സഹായകമായെന്ന് അദ്ദേഹം പറയുന്നു.
പ്രയാസങ്ങളും പ്രാരബ്ദങ്ങളും തങ്ങളുടെ ജീവിതത്തിലുടനീളമുണ്ടായിരുന്നെന്ന് നാതു ഓര്‍മ്മിക്കുന്നു. പലപ്പോഴും സീനിയര്‍ കളിക്കാര്‍ തന്നെ സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുണ്ട്. സീനിയേഴ്സ് ഉപയോഗിച്ചു കഴിഞ്ഞ ഷൂസുകള്‍ അവര്‍ തനിക്ക് നല്‍കുമായിരുന്നു- നാതു പറഞ്ഞു.
എന്തായാലും ദു:ഖങ്ങളും പ്രയാസങ്ങളും നാതുവിന്റെ ജീവിതത്തില്‍ നിന്ന് വിട്ടകന്നിരിക്കുന്നു. ഇനി സിന്‍ഡ്രലാ കഥയിലെന്ന പോലെ നാതുവിന്റെ ജീവിതവും ശോഭനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: