ഒരു വ്യാഴവട്ടക്കാലം പൂര്‍ത്തിയായപ്പോള്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ മറൈന്‍ എഞ്ചിനീയറിങ് വകുപ്പ് സര്‍ക്കാര്‍ ധനസഹായമില്ലാതെ ലാഭത്തിലേക്ക്. 2004 ല്‍ കുസാറ്റില്‍ ആരംഭിച്ച കുഞ്ഞാലി മരയ്ക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്
ലാഭക്കടലിലേക്ക് എത്തിച്ചേര്‍ന്നത് ഈ വര്‍ഷം മുതലാണ്. വകുപ്പ് തലവന്‍ എന്‍. ഗംഗാധരന് നായരുടെ നേതൃത്വത്തിലാണ് രാജ്യത്ത് തന്നെ അപൂര്‍വ്വമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ് വിഭാഗം 2004 ല്‍ ആരംഭിക്കുമ്പോള്‍ പത്ത് വര്‍ഷം കൊണ്ട് വരവും ചെലവും ഒന്നാക്കുന്ന സീറോ ബഡ്ജറ്റില്‍ എത്തിക്കുമെന്ന് ഗംഗാധരന് നായരുടെ വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് പോലും അതത്ര വിശ്വസീയമായി തോന്നിയില്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് ബോധ്യമുള്ള ആരും തന്നെ ഗൗരവമായെടുത്തതുമില്ല.
പക്ഷെ ഇന്നിപ്പോള്‍ സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ് വകുപ്പ് കുസാറ്റിന്റെ ഒരു ‘ഫ്ലാഗ് ഷിപ്പ് ‘ കേന്ദ്രമായി മാറിയിരിക്കുകയാണ്. കാമ്പസും കുസാറ്റിലെ തന്നെ മറ്റ് കാമ്പസുകളില്‍ നിന്ന് വ്യത്യസ്തമാണ്. കാമ്പസില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ തന്നെ ആ പ്രൗഢി വിളിച്ചോതുന്നു. ഈ കോണ്‍ക്രീറ്റ് കപ്പലിലാണ് കപ്പലിലെ യന്ത്രഭാഗങ്ങള്‍ തനത് രീതിയില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുന്നതും പരിശീലിക്കുന്നതും. ഒരു കപ്പലിനുള്ളില്‍ കയറി പഠനം നടത്തുന്ന പ്രതീതിയാണ് നാലാം സെമെസ്റ്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
2003 ല്‍ കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ ഒരു വിഭാഗമായാണ് മറൈന്‍ കോഴ്സ് ആദ്യം തുടങ്ങിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഇല്ലാതെയായതിനാല്‍ ആ ബാച്ച് തുടര്‍ന്ന് കൊണ്ടുപോകാനാതെ 30 വിദ്യാര്‍ത്ഥികളും മെക്കാനിക്കല്‍ എഞ്ചിനീയറിങിലേക്ക് ലയിപ്പിക്കുകയായിരുന്നു.
ഷിപ്പിംഗ് രംഗത്തെ അനുഭവങ്ങളുമായി എന്‍. ഗംഗാധരന് നായര്‍ മധുരയില്‍ നിന്ന് കുസാറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത് 2004 ല്‍ ആണ്. എവിടെ നങ്കൂരമിടണമെന്നറിയാതെ ആയ മറൈന്‍ കോഴ്സിനെ ആകെ ഉടച്ചുവാര്‍ക്കുകയാണ് ചുമതലയേറ്റ എന്‍. ഗംഗാധരന് നായരും റോയി പോളും ചെയ്തത്. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ വിശദമായ സിലബസ് തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴ്സുകള്‍ പുനരാരംഭിച്ചത്.
ആണ്‍കുട്ടികളുടെ കുത്തകയാണീ കോഴ്സെങ്കിലും ഇപ്പോള്‍ മൂന്ന് പെണ്‍കുട്ടികളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് ബാച്ചുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. പരീക്ഷ എഴുതിയവരില്‍ 80 ശതമാനമാണ് വിജയം. കപ്പലുകളുടെ എഞ്ചിന് കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ഈ കോഴ്സെങ്കിലും നാലു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാന്‍ നിരവധി കടമ്പകളുണ്ട്. ചിട്ടയായ ജീവിതക്രമം, നേവിയോട് സാദൃശ്യമുള്ള യൂണിഫോം, നിര്‍ബന്ധിത റസിഡന്‍ഷ്യല്‍ പഠനം എന്നിവ കോഴ്സിന്റെ ഭാഗമാണ്.
ദേശീയ എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രവേശനം ലഭിച്ച 270 വിദ്യാര്‍ത്ഥികള്‍ ഏഴ് ബാച്ചുകളിലായും 16 അധ്യാപകരും 16 അനധ്യാപകരുമാണ് ഇവിടെയുള്ളത്. ശക്തമായ ടീം വര്‍ക്കാണ് കോഴ്സിന് അഭിന്ദനാര്‍ഹമായ നേട്ടങ്ങള്‍ നല്‍കിയതെന്ന് ഗംഗാധരന് നായര്‍ ചൂണ്ടിക്കാട്ടുന്നു. കാമ്പസിനകത്തു തന്നെ സ്വന്തമായ ഹോസ്റ്റല്‍ സൗകര്യവും മെസ്സും സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: