ന്യൂദല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയ്ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സൈന്യം നടത്തിയത് വമ്പന്‍ രക്ഷാപ്രവര്‍ത്തനം. 150 സൈനികരും പ്രത്യേക പരിശീലനം ലഭിച്ച രണ്ടു നായ്ക്കളുമാണ് ഇതില്‍ പങ്കെടുത്തത്.
800 അടി നീളവും 400 അടി വീതിയുമുള്ള മഞ്ഞുപാളിയാണ് സൈനിക ക്യാമ്പില്‍ പതിച്ചത്. 25 മുതല്‍ 30 അടി ആഴത്തില്‍ വരെ കുഴിച്ചും ഐസ് മതില് തകര്‍ത്തുമാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോണ്‍ക്രീറ്റിനേക്കാള്‍ കടുപ്പമാണ് മഞ്ഞുപാളികള്‍ക്ക്. ഡോട്ട്, മിഷ എന്നീ നായ്ക്കളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
ഭൂമിക്കുള്ളിലേക്ക് തരംഗങ്ങള്‍ അയച്ച് മഞ്ഞില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാറുകള്‍, ഐസ് മുറിച്ചുമാറ്റാനുപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങള്‍ എന്നിവയും ലാന്‍സ് നായിക് ഹനുമന്തപ്പയെ രക്ഷിക്കാന്‍ ഉപയോഗിച്ചു. പകല്‍ മൈനസ് 30 ഡിഗ്രിയും രാത്രിയില്‍ മൈനസ് 55 ഡിഗ്രിയുമാണ് ഇവിടുത്തെ താപനില. അതായത് രക്തമുറയുന്ന തണുപ്പെന്നര്ഥം. വ്യോമസേനയുടെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും തെരച്ചിലിന് ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: