ഭാരത രാഷ്ട്രീയ ചരിത്രത്തില്‍ വ്യത്യസ്തതയാര്‍ന്ന സമീപനവുമായി കടന്നു ചെന്ന് അധികാരശ്രേണിയില്‍ തങ്ങളുടേതായ ഒരു വ്യക്തിമുദ്ര സ്ഥാപിക്കുവാന്‍ ഭാരതീയ ജനസംഘത്തിന് പ്രചോദനമായത് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എന്ന മഹദ്വ്യക്തിയില് നിന്നാണ്. കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം ഭാരതത്തില്‍ മുടിചൂടാ മന്നനായി വിലസിയിരുന്ന കാലത്താണ് ഭാരതീയ സംസ്കൃതിയില്‍ അധിഷ്ഠിതമായ ജനസംഘത്തിന് രൂപം നല്‍കാനുള്ള തീരുമാനം ഉണ്ടായത്. ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം അന്നത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജിയായിരുന്നു.
നെഹ്റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖര്‍ജി കാശ്മീര്‍ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് വ്യക്തമാക്കി തത്സ്ഥാനം രാജിവയ്ക്കുകയുണ്ടായി. തുടര്‍ന്ന് ഭാരതീയ സംസ്കാരത്തിന് അധിഷ്ഠിതമായ ഒരു പാര്‍ട്ടി രൂപീകരിക്കുവാനുള്ള സഹായ അഭ്യര്‍ത്ഥനയുമായി മുഖര്‍ജി ഗുരുജിയെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് 1951 ഒക്ടോബര്‍ 21ന് ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ബീജാവാപം ഉണ്ടായത്. മുഖര്‍ജി ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംഘത്തിന്റെ പ്രചാരകന്മാരായിരുന്ന ചിലരെ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിലേക്കായി ഗുരുജി വിട്ടു കൊടുത്തു. അടല്‍ബിഹാരി വാജ്പേയി, ദീനദയാല്‍ ഉപാധ്യായ, എല്‍.കെ അദ്വാനി, എസ്.എസ് ഭണ്ഡാരി, നാനാജി ദേശ്മുഖ് എന്നിവര്‍ അവരില്‍ പ്രമുഖരാണ്.
ജനസംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി ദീനദയാല്‍ജിയെ തെരഞ്ഞെടുത്തു. അവിടുന്ന് അങ്ങോട്ട് ഒന്നര പതിറ്റാണ്ടിനിടയില്‍ ഭാരത രാഷ്ട്രീയത്തില്‍ മാറ്റം മറിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോണ്‍ഗ്രസിനെ വെല്ലാന്‍ കഴിവുള്ള പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ധാരണ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ അതല്ലെന്ന് തെളിയിക്കാന്‍ ദീനദയാല്‍ജിക്ക് ചുരുക്ക കാലം കൊണ്ട് കഴിഞ്ഞു. ഭാരതത്തില്‍ ആദ്യമായി കൂട്ടുകക്ഷി സര്‍ക്കാരിന് രൂപം നല്‍കിയതിന്റെ ബുദ്ധികേന്ദ്രവും ഇദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അദ്ദേഹത്തിന്റെ നേതൃത്വവും ശേഷിയും ശേമുഷിയും കൂടുതല്‍ പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടായില്ല.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ദീനദയാല്‍ജി ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ജനസംഘത്തെ വളര്‍ത്തി എടുക്കുകയും ചെയ്തു. അക്കാലത്ത് പശ്ചിമ ബംഗാളില്‍ നിന്നു പോലും ജനസംഘത്തിന് എം.പിയെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. ദീനദയാല്‍ജിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് നിരവധി പദ്ധതികള്‍ക്ക് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനപദ്ധതിയും ദീനദയാല്‍ വികലാംഗ പുനരധിവാസ പദ്ധതിയുമാണ് ഇതില്‍ പ്രധാനം. ദീനദയാല്‍ജിയുടെ ജന്മശതാബ്ദി വര്‍ഷം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഗ്രാമജ്യോതി യോജനപദ്ധതി : 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കല്‍, വൈദ്യുതി പ്രസരണ-വിതരണനഷ്ടം കുറയ്ക്കുക എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതി ഗ്രാമപ്രദേശങ്ങളിലാണ് നടപ്പാക്കുക. പദ്ധതിതുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റും 10 ശതമാനം വൈദ്യുതിബോര്‍ഡ് വിഹിതവും 30 ശതമാനം ലോണുമാണ്. കേന്ദ്ര ഊര്‍ജമന്ത്രാലയം മോണിറ്ററിംഗ് കമ്മറ്റി തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുക. ഗ്രാമപ്രദേശങ്ങളില്‍ ബിപിഎല്‍ കണക്ഷനുകള്‍ നല്കാന് പദ്ധതിയിലൂടെ കഴിയും.
ദീനദയാല്‍ വികലാംഗ പുനരധിവാസ പദ്ധതി : വൈകല്യമുളളവരുടെ പുനരധിവാസത്തിന് എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സന്നദ്ധസംഘടനകള്‍ക്ക് സഹായം ലഭ്യമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ സമീപനം. വൈകല്യം നേരത്തേ കണ്ടുപിടിക്കുക, ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിന് സഹായിക്കുക, പരിശീലനം നല്‍കുക മുതലായവ ഈ സേവനങ്ങളുടെ പരിധിയില്‍ വരുന്നു. വൈകല്യമുളളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ടുളള ഈ പദ്ധതി.
ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് എടുത്തു പറയേണ്ടതാണ്. ദീനദയാല്‍ജിയുടെ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ഇന്‍സ്റ്റിട്യൂട്ട് പുറത്തിറക്കുന്നുണ്ട്. ദീനദയാല്‍ജിയുടെ പ്രസംഗ സമാഹാരങ്ങള്‍ ഏഴ് വാള്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: